തമിഴ്‌നാട്ടില്‍ ഹിറ്റാകണമെങ്കില്‍ 220 കോടി വേണ്ടിവരും, ജന നായകനെ സ്വന്തമാക്കി അഞ്ച് വിതരണക്കാര്‍
Indian Cinema
തമിഴ്‌നാട്ടില്‍ ഹിറ്റാകണമെങ്കില്‍ 220 കോടി വേണ്ടിവരും, ജന നായകനെ സ്വന്തമാക്കി അഞ്ച് വിതരണക്കാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd November 2025, 11:56 am

തമിഴ് സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ വിജയ്‌യുടെ അവസാന ചിത്രമായാണ് ജന നായകനെ കണക്കാക്കുന്നത്. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കിറങ്ങുന്നതിനാലാണ് താരം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇഷ്ടനടന്റെ അവസാന ചിത്രം പരമാവധി ആഘോഷമാക്കാനാണ് ആരാധകര്‍ പദ്ധതിയിടുന്നത്.

പുതിയ ചിത്രം ജന നായകന്റെ തമിഴ്‌നാട് തിയേറ്റര്‍ റൈറ്റ്‌സാണ് സിനിമാലോകത്തെ ചര്‍ച്ചാവിഷയം. കളക്ഷനിലും പ്രീ റിലീസ് ബിസിനസിലും എപ്പോഴും റെക്കോഡുകളിടുന്ന വിജയ് ഇത്തവണയും ആ പതിവ് തെറ്റിച്ചിട്ടില്ല. റെക്കോഡ് തുകക്കാണ് ജന നായകന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം വിറ്റുപോയിരിക്കുന്നത്. 105 കോടിയാണ് തമിഴ്‌നാട് റൈറ്റസ്.

അഞ്ച് ഏരിയകളില്‍ വെവ്വേറെ വിതരണക്കമ്പനികളാണ് ജന നായകനെ പ്രേക്ഷകരിലേക്കെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു വിതരണക്കാരന്‍ ഇത് ഏറ്റെടുക്കുന്നത് റിസ്‌കായതിനാലാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. സേലം, തിരുച്ചി, മധുരൈ എന്നിവിടങ്ങളില്‍ ഫൈവ് സ്റ്റാര്‍ ഫിലിംസിന്റെ ഉടമ സെന്തിലാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

നോര്‍ത്ത്, സൗത്ത് അര്‍ക്കോട്ട് മേഖലയില്‍ എസ്. പിക്‌ചേഴ്‌സും തിരുനെല്‍വേലി, കന്യാകുമാരി എന്നിവിടങ്ങളില്‍ പ്രതാപ് പിക്‌ചേഴ്‌സുമാണ് റൈറ്റ്‌സ് നേടിയത്. കോയമ്പത്തൂര്‍ മേഖലയില്‍ മന്നാര്‍ പിക്‌ചേഴ്‌സും ചെന്നൈ സിറ്റിയില്‍ എ.ജി.എസ് ഗ്രൂപ്പുമാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. അഞ്ച് മേഖലയിലെയും വിതരണാവകാശം കൂട്ടിച്ചേര്‍ത്താണ് 105 കോടിയായിരിക്കുന്നത്.

തമിഴ് സിനിമാചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന റൈറ്റ്‌സാണിത്. എന്നാല്‍ ജന നായകന്‍ തമിഴ്‌നാട്ടില്‍ ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കണമെങ്കില്‍ വലിയ കളക്ഷന്‍ നേടേണ്ടി വരും. വിതരണക്കാര്‍ സേഫാകാന്‍ തന്നെ 220 കോടിയാണ് ആവശ്യം. തമിഴ്‌നാട്ടിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ വിജയ് ചിത്രം ലിയോയ്ക്കാണ്. 230 കോടിയാണ് നേടിയത്. ഇത് മറികടക്കാന്‍ ജന നായകന് സാധിക്കുമോ എന്നാണ് പലരും ചോദിക്കുന്നത്.

തുനിവിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 450 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഇതില്‍ വിജയ്‌യുടെ പ്രതിഫലം മാത്രം 275 കോടിയാണ്. പ്രീ റിലീസ് ബിസിനസിലൂടെ 300 കോടിയോളം ചിത്രം സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍. വണ്‍ ലാസ്റ്റ് ഡാന്‍സ് എന്ന ടാഗ്‌ലൈനിലൊരുങ്ങുന്ന ജന നായകന്‍ ജനുവരി ഒമ്പതിന് തിയേറ്ററുകളിലെത്തും.

Content Highlight: Jana Nayakan requires 200 crores from Tamilnadu to become hit