തമിഴകത്തിന്റെ ദളപതി വിജയ്‌യുടെ അവസാനചിത്രമെന്ന് മാര്‍ക്കറ്റ് ചെയ്യുന്ന സിനിമയാണ് ജന നായകന്‍. രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നറിയിച്ച വിജയ്‌യുടെ അവസാനചിത്രം പരമാവധി ആഘോഷമാക്കാനാണ് ആരാധകര്‍ പദ്ധതിയിടുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുകയാണ്.
‘ഒരു പേരേ വരലാറ്’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ആരാധകരെ അങ്ങേയറ്റം ആവേശത്തിലാഴ്ത്തുന്ന ഒന്നാണ്. വിശാല്‍ മിശ്രയും അനിരുദ്ധും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്. വിജയ് എന്ന ജന നായകനെ ബൂസ്റ്റ് ചെയ്യുന്ന തരത്തിലുള്ള ഗാനമാണിത്. തന്റെ ആരാധകരെ അഭിസംബോധന ചെയ്യുമ്പോള്‍ പറയാറുള്ള ‘എന്‍ നെഞ്ചില്‍ കുടിയിറുക്കും’ എന്ന ഡയലോഗോടെയാണ് ഗാനം ആരംഭിക്കുന്നത്.
വിജയ് എന്ന താരത്തിന്റെ ഓറയെ ഇരട്ടിയാക്കുന്ന വരികളാണ് വിവേക് ഈ ഗാനത്തിനായി തയാറാക്കിയത്. ഒപ്പം ജന നായകന്‍ ഗ്ലിംപ്‌സിലെ ഐക്കോണിക് ബി.ജി.എം കൂടിയായപ്പോള്‍ ആദ്യത്തെ ഗാനത്തെക്കാള്‍ മാസ് ഇഫക്ട് ഈ ഗാനത്തിന് ലഭിച്ചു. വിജയ്‌യുടെ കഥാപാത്രം ജന നായകനില്‍ പൊതുജനങ്ങളെ സഹായിക്കാന്‍ ഇറങ്ങുമ്പോഴുള്ള ഗാനമായിരിക്കും ഇതെന്നാണ് സൂചന.
തിയേറ്ററുകളെ പൂരപ്പറമ്പാക്കാന്‍ വിജയ്‌യുടെ വക കിടിലന്‍ ഹുക്ക് സ്റ്റെപ്പും ഈ പാട്ടിലുണ്ട്. ഒരേ സമയം മാസും അതിനൊപ്പം ക്ലാസുമായാണ് ആരാധകര്‍ ഈ ഗാനത്തെ കണക്കാക്കുന്നത്. തമിഴക വെട്രി കഴകത്തിന് പുതിയ പ്രൊമോ സോങ് ലഭിച്ചെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ജനങ്ങളുടെ നായകനായി വിജയ് മാറുന്ന ഗാനം തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
റിലീസിന് ഒരു മാസം ബാക്കിനില്‌ക്കെ ജന നായകനെ പരമാവധി ലൈവാക്കി നിര്‍ത്താനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഡിസംബര്‍ 27ന് മലേഷ്യയില്‍ ഗ്രാന്‍ഡ് ഓഡിയോ ലോഞ്ചാണ് അരങ്ങേറുക. വിജയ്ക്ക് ട്രിബ്യൂട്ട് നല്‍കിക്കൊണ്ടുള്ള പ്രത്യേക കണ്‍സേര്‍ട്ടും ഈ ഓഡിയോ ലോഞ്ചിന്റെ പ്രത്യേകതയാണ്. ജലില്‍ ബുകിത് സ്റ്റേഡിയത്തിലാണ് ഓഡിയോ ലോഞ്ച്.
ന്യൂ ഇയര്‍ ഈവിന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്. പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ വരവേല്ക്കാന്‍ ആരാധകര്‍ ഇപ്പോഴേ റെഡിയാണ്. വണ്‍ ലാസ്റ്റ് ഡാന്‍സ് എന്ന ടാഗ്‌ലൈനോടെയെത്തുന്ന ചിത്രം തമിഴ് സിനിമാലോകം ഇതുവരെ കാണാത്ത തരത്തില്‍ ആഘോഷമാകുമെന്ന് ഉറപ്പാണ്.
Content Highlight: Jana Nayagan second single out now