മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങുന്നതിന് മുമ്പ് തമിഴ് താരം വിജയ്‌യുടേതായി പുറത്തിറങ്ങുന്ന ചിത്രമാണ് ജന നായകന്‍. താരത്തിന്റെ ഫെയര്‍വെല്‍ സിനിമയായി കണക്കാക്കുന്ന ജന നായകന്റെ റിലീസ് തമിഴ്‌നാട്ടില്‍ ആഘോഷമാക്കാനാണ് ആരാധകര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്‌ഡേറ്റുകളൊന്നും പ്രതീക്ഷ നല്കുന്നവയല്ല.
ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ആള്‍ക്കുട്ടത്തിന് നടുവില്‍ നില്‍ക്കുന്ന വിജയ്‌യാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണം. എന്നാല്‍ സിനിമയുടെ പ്രതീക്ഷ കുറക്കുന്ന പോസ്റ്ററാണ് ഇതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. പോസ്റ്ററിന്റെ ഡിസൈനും വിജയ്‌യുടെ ലുക്കും ട്രോളിന് വിധേയമായിരിക്കുകയാണ്.
വിജയ്‌യെ കാണാന്‍ റോബോട്ടിനെ പോലെയുണ്ടെന്നും ആരാണ് ഈ പോസ്റ്റര്‍ എഡിറ്റ് ചെയ്തതെന്നും പലരും ചോദിക്കുന്നുണ്ട്. ഫെയര്‍വെല്‍ സിനിമയെന്ന് പറഞ്ഞപ്പോള്‍ ഇതുപോലെയൊന്നാകും എന്ന് പ്രതീക്ഷിച്ചില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഹോളിവുഡ് ചിത്രം മാന്‍ ഓഫ് സ്റ്റീലിലെ രംഗം അതേപടി കോപ്പിയടിച്ചുവെച്ച പോസ്റ്ററാണെന്നും ചിലര്‍ കണ്ടുപിടിച്ചു.
‘ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് അതിനെയെല്ലാം ചോദ്യം ചെയ്യാന്‍ വരുന്ന രക്ഷകന്‍ തന്നെ ഇത്തവണയും, ഫ്രഷ് കഥ തന്നെ’ എന്നാണ് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നത്. മുമ്പ് വന്ന എല്ലാ പോസ്റ്ററിലെയും അതേ ലുക്ക് വെച്ച് ഫില്‍ട്ടര്‍ മാത്രം മാറ്റി ഉപയോഗിക്കുന്നു എന്നാണ് എക്‌സില്‍ ചിലര്‍ പങ്കുവെച്ച കമന്റ്. പ്രൊഫഷണലായ ആരെയെങ്കിലും ഈ പണി ഏല്പിച്ചുകൂടെ എന്നും ചോദിക്കുന്നുണ്ട്.
വിജയ്‌യുടെ അവസാന സിനിമ എന്ന നിലയില്‍ മാര്‍ക്കറ്റ് ചെയ്യുന്ന ജന നായകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ഈ വിമര്‍ശനം ഉയരുന്നുണ്ട്. നെയ്‌വേലി സെല്‍ഫിയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ പുറത്തിറക്കിയ പോസ്റ്ററിന് വലിയ ട്രോളായിരുന്നു ലഭിച്ചത്. സംവിധായകന്റെ മുന്‍ സിനിമകളെല്ലാം ശരാശരി മാത്രമായിരുന്നു എന്നതും ആരാധകരെ നിരാശരാക്കുന്നുണ്ട്.
ബാലകൃഷ്ണ നായകനായ ഭഗവന്ത് കേസരിയുടെ റീമേക്കായാണ് ജന നായകന്‍ ഒരുങ്ങുന്നതെന്ന് ആദ്യം മുതല്‍ അഭ്യൂഹങ്ങളുണ്ട്. 450 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വിജയ്‌യുടെ പ്രതിഫലം മാത്രം 275 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. 2026 പൊങ്കല്‍ റിലീസായെത്തുന്ന ചിത്രം ജനുവരി ഒമ്പതിന് തിയേറ്ററുകളിലെത്തും.
Content Highlight: Jana Nayagan new poster getting trolls from fans in Social Media