മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സിനിമയില്‍ നിന്ന് വിട്ടുനില്ക്കുന്ന വിജയ്‌യുടെ അവസാന ചിത്രം എന്ന രീതിയിലാണ് ജന നായകന്‍ ഒരുങ്ങുന്നത്. വന്‍ ബജറ്റിലെത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. റോക്ക്‌സ്റ്റാര്‍ അനിരുദ്ധ് ഈണമിട്ട ഗാനം ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
അനിരുദ്ധിന്റെ ശബ്ദത്തില്‍ ആരംഭിച്ച ഗാനം പിന്നീട് അറിവിന്റെ ശബ്ദത്തിലേക്ക് മാറുന്നുണ്ട്. പാട്ടിന്റെ അവസാന ഭാഗത്തില്‍ വിജയ്‌യും പാടിയിട്ടുണ്ട്. ദളപതി കച്ചേരി എന്ന് പേരിട്ടിരിക്കുന്ന ഗാനം ‘വണ്‍ ലാസ്റ്റ് ഡാന്‍സ്’ എന്ന ടാഗ്‌ലൈനിലാണ് പ്രേക്ഷകരിലേക്കെത്തിയത്. 51ാം വയസിലും അപാര എനര്‍ജിയിലാണ് വിജയ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്.
വിജയ്‌ക്കൊപ്പം ഡാന്‍സില്‍ മമിത ബൈജുവും പൂജ ഹെഗ്‌ഡേയും കട്ടക്ക് പിടിച്ചു നില്ക്കുന്നുണ്ട്. താരത്തിന്റെ ഇന്‍ട്രോ സോങ്ങായിട്ടാകും ചിത്രത്തില്‍ ദളപതി കച്ചേരി ഉള്‍പ്പെടുത്തുകയെന്ന് കരുതുന്നു. വിജയ് അനിരുദ്ധ് കോമ്പോയില്‍ മുമ്പ് പുറത്തിറങ്ങിയ ‘നാ റെഡി’, ‘വാത്തി കമിങ്’ പോലെ കിടിലന്‍ ഡാന്‍സ് നമ്പറല്ലെങ്കിലും തിയേറ്ററുകളെ ഇളക്കി മറിക്കാന്‍ ദളപതി കച്ചേരിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.
രണ്ട് ലുക്കിലാണ് വിജയ് ജന നായകനില്‍ പ്രത്യക്ഷപ്പെടുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിന് പുറമെ ചെറുപ്പമായിട്ടുള്ള പൊലീസ് ലുക്കിലും ജന നായകനില്‍ വിജയ് പ്രത്യക്ഷപ്പെടുന്നുണ്ട്. തമിഴ് സിനിമയിലെ ദളപതിയുടെ അവസാന ചിത്രം തമിഴ്‌നാട്ടില്‍ പരമാവധി ആഘോഷമാക്കാനാണ് ആരാധകര്‍ പ്ലാന്‍ ചെയ്യുന്നത്.
എന്നാല്‍ ഈ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജന നായകനെന്ന് കുറച്ചുകൂടെ വ്യക്തമായെന്നും ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഭഗവന്ത് കേസരിയില്‍ ബാലകൃഷ്ണ, പൂജ ഹെഗ്‌ഡേ, ശ്രീലീല എന്നിവര്‍ ഒന്നിച്ച ഗാനവും ഈ ഗാനവും ഒരുപോലെയുണ്ടെന്നാണ് പോസ്റ്റുകള്‍.
450 കോടി ബജറ്റിലാണ് ജന നായകന്‍ ഒരുങ്ങുന്നത്. തുനിവിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരം ബോബി ഡിയോളാണ് ജന നായകനിലെ വില്ലന്‍. പ്രിയാമണി, നരേന്‍, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 2026 ജനുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Jana Nayagan first Single out Now