തമിഴകത്തിന്റെ ദളപതിയെന്ന് ആരാധകര്‍ വിളിക്കുന്ന താരമാണ് വിജയ്. കരിയര്‍ ആരംഭിച്ച് 33 വര്‍ഷം കൊണ്ട് ഇന്‍ഡസ്ട്രിയിലെ ഏറ്റവും മൂല്യമുള്ള താരമായി മാറാന്‍ വിജയ്ക്ക് സാധിച്ചു. വിജയ്‌യുടെ ഓരോ സിനിമയും ഉത്സവത്തിന് സമാനമായിട്ടാണ് ആരാധകര്‍ കൊണ്ടാടുന്നത്. എന്നാല്‍ കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴായിരുന്നു താരം സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുന്നെന്ന് അറിയിച്ചത്.
രാഷ്ട്രീയപ്രവേശനത്തിന് മുമ്പ് വിജയ് കമ്മിറ്റ് ചെയ്ത ചിത്രമാണ് ജന നായകന്‍. വണ്‍ ലാസ്റ്റ് ഡാന്‍സ് എന്ന ടാഗ്‌ലൈനോടെയാണ് ഓരോ അപ്‌ഡേറ്റുകളും പുറത്തുവിടുന്നത്. റിലീസിന് രണ്ട് മാസം ബാക്കിയുള്ളപ്പോള്‍ പ്രീ റിലീസ് ബിസിനസിലൂടെ വമ്പന്‍ നേട്ടമാണ് ജന നായകന്‍ സ്വന്തമാക്കിയിരിക്കുന്നത്. സാറ്റലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സിലൂടെ മാത്രം 200 കോടിക്ക് മുകളില്‍ ജന നായകന്‍ സ്വന്തമാക്കിക്കഴിഞ്ഞു.
ആമസോണ്‍ പ്രൈമാണ് ജന നായകന്റെ റൈറ്റ്‌സ് നേടിയത്. 121 കോടിക്കാണ് ആമസോണ്‍ ജന നായകനെ ഏറ്റെടുത്തത്. അടുത്തിടെ ഒരു തമിഴ് സിനിമക്ക് ലഭിച്ച ഏറ്റവുമുയര്‍ന്ന ഒ.ടി.ടി റൈറ്റ്‌സാണിത്. സീ തമിഴിനാണ് ജന നായകന്റെ സാറ്റലൈറ്റ് റൈറ്റ്‌സ്. 55 കോടിക്കാണ് സീ തമിഴ് റൈറ്റ്‌സ് ഏറ്റെടുത്തത്. 35 കോടിക്ക് ടി സീരീസ് മ്യൂസിക് റൈറ്റ്‌സ് കൂടി നേടിയതോടെ 211 കോടിയാണ് ചിത്രത്തിന് ലഭിച്ചത്.
തമിഴ്‌നാടടക്കം പലയിടത്തും തിയേറ്റര്‍ റൈറ്റ്‌സ് ഇനിയും വിറ്റുപോകാന്‍ ബാക്കിയുണ്ട്. ഓവര്‍സീസ് റൈറ്റ്‌സ് 75 കോടിക്കാണ് വിറ്റുപോയത്. ഇതും തമിഴ് സിനിമയില്‍ റെക്കോഡ് നേട്ടമാണ്. തമിഴ്‌നാട്, ആന്ധ്ര/ തെലങ്കാന, കേരള, കര്‍ണാടക എന്നിവിടങ്ങളിലും തിയേറ്റര്‍ റൈറ്റ്‌സ് റെക്കോഡിടുമെന്നാണ് കണക്കുകൂട്ടല്‍. എല്ലാം കൂടി ചേരുമ്പോള്‍ പ്രീ റിലീസ് ബിസിനസിലൂടെ മാത്രം ബജറ്റ് തിരിച്ചുപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
വിജയ്‌യുടെ മുന്‍ ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം തമിഴ്‌നാട്ടിലെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്തിരുന്നു. ജന നായകനും അതുപോലൊരു വരവേല്പാണ് കണക്കുകൂട്ടന്നത്. എന്നാല്‍ പൊങ്കലിന് മറ്റ് സിനിമകളും ജന നായകനൊപ്പം ക്ലാഷിനെത്തുന്നുണ്ട്. പ്രഭാസ് ചിത്രം രാജാസാബ്ജന നായകന്‍ റിലീസാകുന്ന അതേദിവസം തന്നെ തിയേറ്ററുകളിലെത്തും.