ബെംഗളൂരു: വന്ദേ മാതരം ഇന്ത്യയുടെ ദേശീയ ഗാനമാക്കണമെന്ന് ബി.ജെ.പി എം.പി വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന ബ്രിട്ടീഷുകാരെ സ്വാഗതം ചെയ്യുന്നതിനായി എഴുതിയതാണെന്നും കഗേരി പറഞ്ഞു.
വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഹൊന്നാവറില്‍ നടന്ന പരിപാടിയിലാണ് ഉത്തര കന്നഡ എം.പിയുടെ പരാമര്‍ശം. ചരിത്രം പുനപരിശോധിക്കാന്‍ താന്‍ തയ്യാറല്ലെന്നും വന്ദേമാതരം ദേശീയഗാനമാക്കണമെന്ന ആവശ്യം ശക്തമായിരുന്നുവെന്നും കഗേരി പറഞ്ഞു.
‘ഈ ആവശ്യം കാലങ്ങളായി നമ്മുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. വന്ദേമാതരത്തിന് അര്‍ഹമായ പ്രാധാന്യം ലഭിക്കണം. മുമ്പ് നമ്മുടെ പൂര്‍വികര്‍ വന്ദേമാതരവും ബ്രിട്ടീഷുകാരെ സ്വാഗതം ചെയ്യുന്നതിനായി രചിക്കപ്പെട്ട ജനഗണമനയും ഒരുമിച്ച് നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. അത് അംഗീകരിക്കപ്പെടുകയും ചെയ്തു,’ കഗേരിയുടെ പരാമര്‍ശം.
വന്ദേ മാതരത്തിന്റെ പ്രാധാന്യം സ്‌കൂളുകള്‍, കോളേജുകള്‍, യുവാക്കള്‍, പൊതുജനങ്ങള്‍ എന്നിവരിലേക്ക് എത്തണമെന്നും കഗേരി പറഞ്ഞു.
കര്‍ണാടകയിലെ മുന്‍ സ്പീക്കര്‍ കൂടിയായിരുന്ന കഗേരിയുടെ അവകാശവാദത്തില്‍ കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനമുയര്‍ത്തി. കഗേരിയുടേത് തികച്ചും അസംബന്ധമായ പരാമര്‍ശമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.
ആര്‍.എസ്.എസ് നല്‍കുന്ന വാട്‌സ്ആപ്പ് ചരിത്രമാണ് ബി.ജെ.പിയുടെ അറിവിലുള്ളതെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. 1911ല്‍ രബീന്ദ്രനാഥ ടാഗോര്‍ എഴുതിയ ഭാരതോ ഭാഗ്യോ ബിധാതയുടെ ആദ്യ ഖണ്ഡം പിന്നീട് ജനഗണമനയായി മാറുകയായിരുന്നുവെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
1911 ഡിസംബര്‍ 27 ന് കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലാണ് ഇത് ആദ്യമായി ആലപിച്ചതെന്നും അദ്ദേഹം പറഞ്ഞു. 1937ലും 1939ലുമായി ടാഗോര്‍ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.