ജന ഗണ മന മുതല്‍ കെ.ജി.എഫ് വരെ; ജൂണില്‍ ഒ.ടി.ടിയിലെത്തുന്ന ചിത്രങ്ങള്‍
Film News
ജന ഗണ മന മുതല്‍ കെ.ജി.എഫ് വരെ; ജൂണില്‍ ഒ.ടി.ടിയിലെത്തുന്ന ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st June 2022, 10:42 pm

ജൂണ്‍ മാസമാരംഭിക്കുമ്പോള്‍ മലയാളം സിനിമകള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളാണ് ഒ.ടി.ടി റിലീസിനൊരുങ്ങുന്നത്. ഇതില്‍ തിയേറ്റര്‍ റിലീസിന് ശേഷമെത്തുന്നത് മുതല്‍ നേരിട്ട് ഒ.ടി.ടി റിലീസിന് വരുന്നത് വരെയുണ്ട്.

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലെത്തിയ ജന ഗണ മന ജൂണ്‍ ഒന്നിന് രാത്രി 12 മണി മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്ത് തുടങ്ങും. സമകാലിന ഇന്ത്യന്‍ രാഷ്ട്രീയ വിഷയങ്ങളെല്ലാം പ്രതിപാതിച്ച ചിത്രത്തില്‍ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായെത്തിയത്. കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.

ജൂണ്‍ മൂന്നിനാണ് ഇന്ത്യ മുഴുവന്‍ തരംഗമായ കെ.ജി.എഫ് ചാപ്റ്റര്‍ ടുവിന്റെ ഒ.ടി.ടി റിലീസ്. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ കന്നഡ സൂപ്പര്‍ താരം യഷ് നായകനായ ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 14നാണ് കെ.ജി.എഫ് ചാപ്റ്റര്‍ ടു തിയേറ്ററുകളിലെത്തിയത്. സഞ്ജയ് ദത്ത്, രവീണ ടണ്ടന്‍, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാശ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രമേശ് പിഷാരടി നായകനായ നോ വേ ഔട്ട് ജൂണ്‍ മൂന്നിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ഏപ്രില്‍ 22നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. ജൂണ്‍ ഒമ്പതിന് ഇന്നലെ വരെ എന്ന ചിത്രം നേരിട്ട് സോണി ലിവില്‍ റിലീസ് ചെയ്യും. ജിസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി, നിമിഷ സജയന്‍, ആന്റണി വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശിവകാര്‍ത്തികേയന്‍ ചിത്രം ഡോണ്‍ ജൂണ്‍ 10 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത ചിത്രം മെയ് 13നാണ് തിയേറ്ററുകളിലെത്തിയത്. അനൂപ് മേനോന്‍ ചിത്രം 21 ഗ്രാംസ് ജൂണ്‍ 10ന് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യും. ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 18നാണ് തിയേറ്ററുകളിലെത്തിയത്.

മമ്മൂട്ടി-കെ.മധു-എസ്.എന്‍ സ്വാമി കൂട്ടുകെട്ടിലെത്തിയ സി.ബി.ഐ 5 ദി ബ്രെയ്ന്‍ ജൂണ്‍ 12ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. മെയ് ഒന്നിനാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്.

നിഖില വിമല്‍, മാത്യു തോമസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ജോ ആന്‍ഡ് ജോ ഉടന്‍ ആമസോണ്‍ പ്രൈമിലെത്തും. അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രം മെയ് 13നാണ് തിയേറ്ററുകളിലെത്തിയത്. മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തിയ ജാക്ക് ആന്‍ഡ് ജില്ലും ഉടന്‍ ആമസോണ്‍ പ്രൈമിലെത്തും. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രം മെയ് 20തിനാണ് തിയേറ്ററിലെത്തിയത്.

Content Highlight: jana gana mana, kgf chapter 2, cbi 5 the brain, Films arriving at OTT in June