ലോലനാണ് പക്ഷേ സെക്യൂരിറ്റി സിസ്റ്റമൊന്നുമില്ല; ഇവനില്‍ ഞാനൊരു മോനിച്ചനെ കണ്ടിട്ടുണ്ട്; ജാന്‍ എ മന്‍ വിശേഷങ്ങള്‍ പറഞ്ഞ് താരങ്ങള്‍
Entertainment news
ലോലനാണ് പക്ഷേ സെക്യൂരിറ്റി സിസ്റ്റമൊന്നുമില്ല; ഇവനില്‍ ഞാനൊരു മോനിച്ചനെ കണ്ടിട്ടുണ്ട്; ജാന്‍ എ മന്‍ വിശേഷങ്ങള്‍ പറഞ്ഞ് താരങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd December 2021, 7:05 pm

ബേസില്‍ ജോസഫ്, ഗണപതി, ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ജാന്‍ എ മന്‍. സഹോദരങ്ങള്‍ കൂടിയായ ചിദംബരവും ഗണപതിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും.

നവംബര്‍ 19ന് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്.

സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ നടന്‍ ബാലു വര്‍ഗീസും  സംവിധായകന്‍ ചിദംബരവും. ജാങ്കോ സ്‌പേസ് ടി.വി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരങ്ങള്‍.

”ഞാന്‍ ഇതു വരെ ചെയ്തതില്‍ വളരെ വ്യത്യസ്തമായ റോളാണ് ജാന്‍ എ മനിലേത്. മോനിച്ചന്‍ എന്ന പ്രശ്‌നക്കാരനായ ഒരു കഥാപാത്രമാണ്. എനിക്ക് ചെയ്യാന്‍ ഭയങ്കര ഇഷ്ടമായിരുന്നു. എന്നാല്‍ ടെന്‍ഷനും ഉണ്ടായിരുന്നു.

എടാ മോനിച്ചന്‍ എന്നെക്കൊണ്ട് ശരിയാവോ, എന്ന് ഞാന്‍ ചിദംബരത്തിനോട് ചോദിച്ചിരുന്നു. നീ ചെയ്താല്‍ ശരിയാവും എന്ന് ഇവന്‍ കോണ്‍ഫിഡന്‍സ് തന്നു,” ബാലു വര്‍ഗീസ് പറഞ്ഞു.

അതേസമയം, സംവിധായകന് ഇത്രയും ആത്മവിശ്വാസം തോന്നാനുള്ള കാരണമെന്തായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന്, ഇവനില്‍ (ബാലു വര്‍ഗീസില്‍) ചില സമയങ്ങളില്‍ ഞാന്‍ ആ മോനിച്ചനെ കണ്ടിട്ടുണ്ട് എന്നായിരുന്നു ചിദംബരം നല്‍കിയ രസകരമായ മറുപടി.

”ഇവനില്‍ ചില സമയങ്ങളില്‍ ഞാന്‍ ആ മോനിച്ചനെ കണ്ടിട്ടുണ്ട്. സാധാരണക്കാരനായ മനുഷ്യനാണ് മോനിച്ചന്‍. ടഫ് ലുക്കുള്ള, ദേഷ്യം കൂടുതലുള്ള, പെട്ടെന്ന് റിയാക്ട് ചെയ്യുന്ന ഒരു കഥാപാത്രം.

എന്നാലും മോനിച്ചന്റെ ഹൃദയം ചെറുതാണ്. പാവത്താനാണ്, ലോലനാണ്. ആരും അടുക്കാതിരിക്കാനുള്ള അയാളുടെ ഒരു സെക്യൂരിറ്റി സിസ്റ്റമാണ് ദേഷ്യം,” സംവിധായകന്‍ ചിദംബരം പറഞ്ഞു.

മോനിച്ചനെ പോലെ ബാലു വര്‍ഗീസും ലോലനായി സെക്യൂരിറ്റി സിസ്റ്റമുള്ള ആളാണോ എന്ന അവതാരകയുടെ ചോദ്യത്തിന് ”ലോലനാണ്, പക്ഷേ സെക്യൂരിറ്റി സിസ്റ്റമൊന്നുമില്ല,” എന്നായിരുന്നു ചിരിച്ചുകൊണ്ട് താരം നല്‍കിയ മറുപടി.

വികൃതി എന്ന സിനിമയ്ക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ജാന്‍ എ മന്‍ നിര്‍മിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് മേനോന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jan E Man movie actors and director shares experience