12 വിക്കറ്റുകളുമായി ദല്‍ഹി ക്യാപിറ്റല്‍സ് പേസര്‍; ജമ്മു കാശ്മീര്‍ ചരിത്ര സെമി ഫൈനലില്‍
Cricket
12 വിക്കറ്റുകളുമായി ദല്‍ഹി ക്യാപിറ്റല്‍സ് പേസര്‍; ജമ്മു കാശ്മീര്‍ ചരിത്ര സെമി ഫൈനലില്‍
ഫസീഹ പി.സി.
Monday, 9th February 2026, 7:48 pm

രഞ്ജി ട്രോഫിയില്‍ ചരിത്രത്തില്‍ ആദ്യമായി സെമി ഫൈനലില്‍ പ്രവേശിച്ച് ജമ്മു കാശ്മീര്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ മധ്യപ്രദേശിനെ 56 റണ്‍സിന് തകര്‍ത്താണ് ടീം കന്നി സെമി ഫൈനല്‍ പ്രവേശം നേടിയത്.

മത്സരത്തില്‍ ജമ്മു 291 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന മധ്യപ്രദേശിന് 234 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ചെറുത്തുനില്പിന് ശ്രമിച്ചെങ്കിലും ജമ്മു കശ്മീരിന്റെ ബൗളിങ് കരുത്തിന് മുന്നില്‍ മധ്യപ്രദേശ് അടിയറവ് പറയുകയായിരുന്നു.

മത്സരത്തില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തിയ ദല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളറായ അക്വിബ് നബിയാണ് ടീമിന്റെ വിജയത്തില്‍ ചുക്കാന്‍ പിടിച്ചത്. താരം രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റുകളും നാലാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകളും തന്റെ അക്കൗണ്ടിലെത്തിച്ചാണ് ടീമിന് വിജയമൊരുക്കിയത്.

അക്വിബ് നബി. Photo: CricXtasy/x.com

നാലാം ഇന്നിങ്‌സില്‍ മധ്യപ്രദേശിനായി സരാന്‍ഷ് ജെയ്ന്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. 81 പന്തില്‍ ഒരു സിക്സും ഏഴ് ഫോറുമടക്കം 64 റണ്‍സാണ് താരം നേടിയത്. ഒപ്പം ശുഭം ശര്‍മ (75 പന്തില്‍ 32), ഹിമാന്‍ഷു മാന്ത്രി (50 പന്തില്‍ 31), ആര്യന്‍ പാണ്ഡെ (46 പന്തില്‍ 22) എന്നിവരും തിളങ്ങി.

എന്നാല്‍ അക്വിബിനൊപ്പം മാറ്റ് ബൗളര്‍മാരും വിക്കറ്റ് വേട്ട നടത്തിയതോടെ മധ്യപ്രദേശ് തോല്‍വി വഴങ്ങി. ആബിദ് മുഷ്താഖ് മൂന്ന് വിക്കറ്റും സുനില്‍ കുമാര്‍, യുദ്ധവീര്‍ സിങ് എന്നിവരും ഓരോ വിക്കറ്റുകളും നേടിയതോടെ ടീം സെമി ഫൈനലില്‍ എത്തുകയായിരുന്നു.

നേരത്തെ മൂന്നാം ഇന്നിങ്‌സില്‍ ജമ്മു 248 റണ്‍സിന് പുറത്തായിരുന്നു. വന്‍ഷാജ് ശര്‍മ 92 പന്തില്‍ പുറത്താവാതെ 54 റണ്‍സും ആബിദ് മുഷ്താഖ് 73 പന്തില്‍ 41 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.

മധ്യപ്രദേശിനായി കുല്‍ദീപ് സെന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വെങ്കടേഷ് അയ്യരും രാംവീര്‍ സിങ് ഗുര്‍ജറും മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.

മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ജമ്മുവിനായി ശുഭം ഖജൂരിയ 140 പന്തില്‍ 60 റണ്‍സും യുദ്ധവീര്‍ സിങ് 35 പന്തില്‍ 41 റണ്‍സും സ്‌കോര്‍ ചെയ്തു. ഇവര്‍ക്കൊപ്പം പരാസ് ദോഗ്ര 91 പന്തില്‍ 33 റണ്‍സുമായി ചേര്‍ന്നതോടെ ടീം 194 റണ്‍സെടുത്തു.

മധ്യപ്രദേശിനായി കുല്‍ദീപ് സെന്‍ അഞ്ച് വിക്കറ്റും കുമാര്‍ കാര്‍ത്തികേയ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ആര്യന്‍ പാണ്ഡെ രണ്ട് വിക്കറ്റുകളും വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സില്‍ അക്വിബിന്റെ കരുത്തില്‍ മദ്യപ്രദേശിന് ജമ്മു 152 റണ്‍സില്‍ ഒതുക്കിയിരുന്നു. 123 പന്തില്‍ 58 റണ്‍സെടുത്ത യാഷ് ദുബെ മാത്രമാണ് തിളങ്ങിയത്. അക്വിബിന് പുറമെ ജമ്മുവിനായി സുനില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

 

Content Highlight: Jammu and Kashmir qualified for semi final in Ranji Trophy with Aquib Nabi’s 12 wicket haul

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി