കശ്മീരിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയാല്‍ 10 മിനുട്ടിനുള്ളില്‍ അവര്‍ വെടിവെക്കും; യുവാക്കളെ കൊലയ്ക്ക് കൊടുക്കില്ല: ഒമര്‍ അബ്ദുള്ള
Jammu and Kashmir
കശ്മീരിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയാല്‍ 10 മിനുട്ടിനുള്ളില്‍ അവര്‍ വെടിവെക്കും; യുവാക്കളെ കൊലയ്ക്ക് കൊടുക്കില്ല: ഒമര്‍ അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st October 2025, 3:12 pm

ശ്രീനഗര്‍: ജമ്മു കശ്മീരിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് തെരുവിലിറങ്ങില്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. പെട്ടെന്ന് ട്രിഗറാകുന്ന സൈന്യത്തിന് മുന്നില്‍ യുവാക്കളുടെ ജീവന്‍ വെച്ച് റിസ്‌ക് എടുക്കാനാകില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.

ലഡാക്കില്‍ അവര്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ വെടിയുതിര്‍ത്തു. കശ്മീരില്‍ പത്ത് മിനിറ്റ് പോലും കാത്തിരിക്കില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കാശ്മീരിന് വേണ്ടി സംസ്ഥാനപദവി സമാധാനപരമായും രാഷ്ട്രീയപരമായും ആവശ്യപ്പെടും. കശ്മീരികളുടെ അവകാശം ഭരണഘടനയെ അനുസരിച്ചും നിയമംപാലിച്ചും തന്നെ ചോദിക്കും. അല്ലാതെ ജനങ്ങളെ തകര്‍ച്ചയിലേക്കും തീകുണ്ഡത്തിലേക്കും തള്ളിവിടില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ആദ്യം ആഘോഷിച്ച ലേയിലെ ജനങ്ങള്‍ക്ക് പിന്നീടുണ്ടായ മാറ്റവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ‘അന്ന് കാര്‍ഗിലിലെ ജനങ്ങളുള്‍പ്പെടെ ആ തീരുമാനം അംഗീകരിച്ചില്ല. പക്ഷെ, ലേ യില്‍ ആഘോഷമുണ്ടായി. ഇപ്പോള്‍ ലേയില്‍ ഉണ്ടായ മാറ്റം നോക്കൂ. ഇന്ന് അവര്‍ തന്നെ പറയുന്നു ആര്‍ക്കിള്‍ 370 ആണ് 70 വര്‍ഷമായി തങ്ങളെ സംരക്ഷിച്ചതെന്ന്’, ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.

ലഡാക്കിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരണവുമായി രംഗത്തെത്തിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ സംസ്ഥാന പദവി നഷ്ടപ്പെട്ട് കേന്ദ്രഭരണ പ്രദേശമായി മാറിയ ജമ്മു കശ്മീരില്‍ 2024ലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24ന് ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട് നടത്തിയ ലയേില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. യുവാക്കളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധം അക്രമാസക്തമായതോടെ സി.ആര്‍.പി.എഫിന്റെ വാഹനവും ബി.ജെ.പിയുടെ പ്രാദേശിക ഓഫീസും അഗ്നിക്കിരയാക്കിയിരുന്നു.

പൊലീസ് വെടിവെപ്പിലാണ് നാല് പേര്‍ കൊല്ലപ്പെട്ടതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ജെന്‍ സി പ്രതിഷേധമെന്നാണ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്.

പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയത് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കാണെന്ന് ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.

ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സോനം വാങ്ചുക്കിന്റെ നേതൃത്വത്തില്‍ ലേയില്‍ 15 പേര്‍ നിരാഹാര സമരം നടത്തിയിരുന്നു. ഇതിനെ പിന്തുണച്ചെത്തിയവരാണ് പ്രതിഷേധം ശക്തമാക്കി തെരുവിലിറങ്ങിയത്.

ഇതിനിടെ, വാങ്ചുക്കിന്റെ എന്‍.ജി.ഒയ്ക്ക് എതിരെ സി.ബി.ഐ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന് പാകിസ്ഥാന്‍ ബന്ധമുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആരോപണം.

Content Highlight: If we take to the streets demanding statehood for Kashmir, they will shoot us within 10 minutes; we will not risk our youth’s life : Omar Abdullah