ജാമിയ മില്ലിയ പ്രവേശന പരീക്ഷ; വിമർശനങ്ങൾക്ക് പിന്നാലെ പ്രവേശന പരീക്ഷാ കേന്ദ്രമായി കോഴിക്കോടിനെ ഉൾപ്പെടുത്തി സർവകലാശാല
national news
ജാമിയ മില്ലിയ പ്രവേശന പരീക്ഷ; വിമർശനങ്ങൾക്ക് പിന്നാലെ പ്രവേശന പരീക്ഷാ കേന്ദ്രമായി കോഴിക്കോടിനെ ഉൾപ്പെടുത്തി സർവകലാശാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th March 2025, 11:19 am
സർവകലാശാലയിലെ പ്രവേശന പരീക്ഷയ്ക്കുള്ള കേന്ദ്രങ്ങളിൽ നിന്ന് ദക്ഷിണേന്ത്യയിലെ കേന്ദ്രമായ തിരുവനന്തപുരത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു.

തിരുവനന്തപുരം: ജാമിയ മില്ലിയ ഇസ്‌ലാമിയയുടെ പ്രവേശന പരീക്ഷാ കേന്ദ്രമായി കോഴിക്കോട് ഉൾപ്പെടുത്തിയതായി സർവകലാശാല. സർവകലാശാലയിലെ പ്രവേശന പരീക്ഷയ്ക്കുള്ള കേന്ദ്രങ്ങളിൽ നിന്ന് ദക്ഷിണേന്ത്യയിലെ കേന്ദ്രമായ തിരുവനന്തപുരത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു. പിന്നാലയാണ് കോഴിക്കോടിനെ ഉൾപ്പെടുത്തിയതായി റിപ്പോർട്ട് വന്നത്.

പരീക്ഷ കേന്ദ്രം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ ശശി തരൂർ, ഹാരീസ് ബീരാൻ എന്നിവർ രംഗത്തെത്തിയിരുന്നു. കേരളത്തിലെ പരീക്ഷ കേന്ദ്രം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജാമിയ വി.സിക്ക് ഹാരീസ് ബീരാൻ എം.പി കത്ത് അയക്കുകയും ചെയ്തിരുന്നു.

ശശി തരൂർ എം.പി പരസ്യമായി ഈ നടപടിയെ അപലപിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 2025 -26 പ്രവേശനത്തിന് വേണ്ടി പുറത്തിറക്കിയ പ്രോസ്പെക്ടസ് ഇപ്പോൾ സർവകലാശാലാ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. അപ്ഡേറ്റ് ചെയ്ത പ്രോസ്പെക്ടസ് പ്രകാരം കേരളത്തിലെ കോഴിക്കോട് ഇപ്പോൾ പരീക്ഷ കേന്ദ്രമായി ഉൾപ്പെടുത്തിയിരിക്കുകയാണ്.

ഈ വർഷം ദൽഹി , ലഖ്‌നൗ, ഗുവാഹത്തി, പട്‌ന, കൊൽക്കത്ത, ശ്രീനഗർ, മാലേഗാവ്, ഭോപ്പാൽ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. ഇവയോടൊപ്പമാണ് കോഴിക്കോടും അനുവദിച്ചിരിക്കുന്നത്.

 

Content Highlight: Jamia Millia Islamia allowed entrance exam center in kozhikode