പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബ്രൈട്ടണിനെതിരെ ആസ്റ്റണ്‍ വില്ല വിജയം നേടിയിരുന്നു. ബിര്‍മിങ്ഹാമില്‍ നടന്ന മത്സരത്തില്‍ ബ്രൈട്ടണ്‍ താരം ജാക് ഹിന്‍ഷെല്‍വുഡിന്റെ സെല്‍ഫ് ഗോളിലാണ് ആസ്റ്റണ്‍ വില്ല എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചത്. മത്സരത്തിലെ 86ാം മിനിട്ടിലായിരുന്നു ജാക്കില്‍ നിന്ന് സ്വന്തം പോസ്റ്റിലേക്ക് ഗോള്‍ വീണത്.
മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ബ്രൈട്ടണ്‍ താരം ജെയിംസ് മില്‍നര്‍ ലീഗിന്റെ ചരിത്രത്തിലെ ഒരു കിടിലന്‍ റെക്കോഡിലെത്തിയിരിക്കുകയാണ്. പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടമാണ് 40കാരനായ മില്‍നര്‍ സ്വന്തമാക്കിയത്.
ഈ നേട്ടത്തില്‍ ഇംഗ്ലീഷ് ഫുട്‌ബോളര്‍ ഗാരെത് ബെറിക്കൊപ്പമെത്താനും താരത്തിന് സാധിച്ചു. 653 പ്രീമിയര്‍ ലീഗ് മത്സരങ്ങളാണ് ഇരുവരും കളിച്ചത്.
മാത്രമല്ല ഈ റെക്കോഡ് ലിസ്റ്റില്‍ 632 മത്സരങ്ങളുമായി റയാന്‍ ഗിഗ്സും 609 മത്സരങ്ങളുമായി ഫ്രാങ്ക് ലാംപാര്‍ഡും പോലുള്ള ഇതിഹാസങ്ങളുമുണ്ട്.
ഡേവിഡ് ജെയിംസ് (572), ഗാരി സ്പീഡ് (535), എമില്‍ ഹെസ്‌കി (516), ജാമി കാരാഗര്‍ (508), ഫില്‍ നെവില്‍ (505) എന്നിവരും ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച കളിക്കാരുടെ പട്ടികയിലുണ്ട്
2002 ല്‍ ലീഡ് യുണൈറ്റഡിന് വേണ്ടി 16 വയസുള്ളപ്പോള്‍ അരങ്ങേറ്റം കുറിച്ച മില്‍നര്‍ ന്യൂകാസില്‍ യുണൈറ്റഡ്, ആസ്റ്റണ്‍ വില്ല, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ബ്രൈറ്റണ്‍ എന്നീ ആറ് ക്ലബ്ബുകള്‍ക്കായി കളത്തിലിറങ്ങി.
അതേസമയം പ്രീമിയര്‍ ലീഗില്‍ 26 മത്സരങ്ങളില്‍ നിന്ന് ബ്രൈട്ടണ്‍ ഏഴ് വിജയവും 10 സമനിലയും ഒമ്പത് തോല്‍വിയും ഉള്‍പ്പെടെ 31 പോയിന്റുമായി 14ാം സ്ഥാനത്താണ്. ഫെബ്രുവരി 15ാം തിയതി ലിവര്‍പൂളിനെതിരെയാണ് ബ്രൈട്ടണിന്റെ അടുത്ത മത്സരം.
Content Highlight: James Milner becomes the player with the most appearances in the English Premier League