നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങുന്ന സിനിമകള്‍ ഓസ്‌കറിന് പരിഗണിക്കാന്‍ പാടില്ല: ജെയിംസ് കാമറൂണ്‍
Trending
നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങുന്ന സിനിമകള്‍ ഓസ്‌കറിന് പരിഗണിക്കാന്‍ പാടില്ല: ജെയിംസ് കാമറൂണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th November 2025, 11:52 am

ലോകസിനിമയെ പലപ്പോഴായി വിസ്മയിപ്പിച്ചിട്ടുള്ള വിസ്മയിപ്പിച്ചിട്ടുള്ള സംവിധായകനാണ് ജെയിംസ് കാമറൂണ്‍. ടെക്‌നോളജി അത്രകണ്ട് വികസിക്കാത്ത കാലത്ത് ഒരുക്കിയ ടെര്‍മിനേറ്റര്‍, ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ സിനിമകളെല്ലാം ഇന്നും സിനിമാപ്രേമികള്‍ക്ക് അത്ഭുതമാണ്. കഴിഞ്ഞദിവസം കാമറൂണ്‍ നടത്തിയ പ്രസ്താവനയാണ് സിനിമാലോകത്തെ പ്രധാന ചര്‍ച്ച.

ഒ.ടി.ടി ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സിനെതിരായാണ് കാമറൂണിന്റെ പരാമര്‍ശം. ഹോളിവുഡ് ലോകത്തെ പ്രധാന പുരസ്‌കാരമായ ഓസ്‌കറിന് നെറ്റ്ഫ്‌ളിക്‌സിന്റെ സിനിമകള്‍ പരിഗണിക്കരുതെന്നാണ് കാമറൂണ്‍ ആവശ്യപ്പെട്ടത്. ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോയായ വാര്‍ണര്‍ ബ്രോസിനെ നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘വാര്‍ണര്‍ ബ്രോസിനെ നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കുകയാണെങ്കില്‍ അത് സിനിമാലോകത്തെ ഏറ്റവും വലിയ ദുരന്തമായി മാറും. കാരണം, അങ്ങനെ വന്നാല്‍ വാര്‍ണര്‍ ബ്രോസിന്റെ സിനിമകള്‍ തിയേറ്ററില്‍ റിലീസാകുന്ന കാര്യം സംശയമാണ്. അവര്‍ ആകെ ഒരാഴ്ച മാത്രം സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിട്ട് അക്കാദമി അവാര്‍ഡിന് അയക്കും.

ഇത് തുടരുകയാണെങ്കില്‍ സിനിമയുടെ അടിവേരിനെ വരെ ഇക്കാര്യം ബാധിക്കുമെന്ന് ഉറപ്പാണ്. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാത്ത സിനിമകള്‍ക്ക് ഓസ്‌കര്‍ നല്കിയാല്‍ അതിന് അര്‍ത്ഥമില്ലെന്നേ എനിക്ക് കരുതാനാകൂ. മിനിമം 2000 തിയേറ്ററുകളില്‍ ഒരു മാസമെങ്കിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് മുന്‍കൈയെടുക്കണമെന്നാണ് എന്റെ അഭിപ്രായം’ ജെയിംസ് കാമറൂണ്‍ പറഞ്ഞു.

50 ബില്യണ്‍ ഡോളറിനാണ് വാര്‍ണര്‍ ബ്രോസ് തങ്ങളുടെ സ്റ്റുഡിയോ വില്പനക്ക് വെച്ചിരിക്കുന്നത്. വമ്പന്‍ മീഡിയ കമ്പനികളെ സ്റ്റുഡിയോയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ഇതിലൂടെ ഉടമസ്ഥര്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നെറ്റ്ഫ്‌ളിക്‌സിനൊപ്പം പാരമൗണ്ട് സ്‌കൈഡാന്‍സ്, കോംകാസ്റ്റ് എന്നീ ഒ.ടി.ടി ഭീമന്മാരും വാര്‍ണര്‍ ബ്രോസിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

Warner Bros/ Hanna Barbera

ഡിസംബര്‍ ഒന്നിന് സ്റ്റുഡിയോയുടെ വില്പനയുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും പകരം എന്തെങ്കിലും വഴികളുണ്ടോ എന്ന് നോക്കുമെന്നും വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോ എം.ഡി ഡേവിഡ് സാസ്ലവ് അറിയിച്ചു. ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഹോളിവുഡ് പ്രൊഡക്ഷന്‍ ഹൗസാണ് വാര്‍ണര്‍ ബ്രോസ്.

Content Highlight: James Cameron statement against Netflix viral