വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിലെ ആദ്യ പരമ്പരക്ക് ഒരുങ്ങുകയാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന പരമ്പരയോടെയാണ് ഇന്ത്യ പുതിയ സൈക്കിളിന് കച്ചമുറുക്കുന്നത്. ജൂണ്‍ 20ന് ഹെഡിങ്‌ലേയിലാണ് ആദ്യ ടെസ്റ്റ് അരങ്ങേറുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ഇതിഹാസങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിരമിച്ച ശേഷമുള്ള ആദ്യ പരമ്പരയാണിത്.
പട്ടൗഡി ട്രോഫി എന്ന പേരിന് പകരം ആന്‍ഡേഴ്‌സണ്‍ – ടെന്‍ഡുല്‍ക്കര്‍ ട്രോഫി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ട്രോഫിയാണ് വിജയികള്‍ക്ക് സമ്മാനിക്കുക. ഇരുടീമുകളുടെയും ഇതിഹാസ താരങ്ങളോടുള്ള ആദരസൂചകമായാണ് ട്രോഫിയുടെ പേര് മാറ്റിയത്. ഇപ്പോഴിതാ, തന്റെ പേരില്‍ ട്രോഫി സമ്മാനിക്കുന്നതിനോട് പ്രതികരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണ്‍.
സച്ചിനൊപ്പം തന്റെ പേരും ട്രോഫിയില്‍ വരുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ആന്‍ഡേഴ്‌സണ്‍ പറയുന്നു. അദ്ദേഹത്തെ കണ്ട് വളര്‍ന്നയാളാണ് താനെന്നും സച്ചിനെതിരെ കളിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസമാണ് സച്ചിനെന്നും അദ്ദേഹത്തിനൊപ്പം തന്റെ പേരുമുള്ള ട്രോഫി പരമ്പര വിജയികള്‍ക്ക് സമ്മാനിക്കുന്നുവെന്നറിയുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത അഭിമാനമാണെന്നും ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
‘സച്ചിനെ കണ്ട് വളര്‍ന്നയാളാണ് ഞാന്‍. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഇതിഹാസമാണ് അദ്ദേഹമെന്ന് സംശയമില്ലാതെ പറയാന്‍ സാധിക്കും. അദ്ദേഹത്തിനെതിരെ ഒരുപാട് മത്സരങ്ങളില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. അതെല്ലാം കൊണ്ട് തന്നെ ഈ ട്രോഫി എന്നെ സംബന്ധിച്ച് വലിയൊരു ബഹുമതിയാണ്. എനിക്കതില്‍ ഒരുപാട് അഭിമാനമുണ്ട്,’ താരം പറഞ്ഞു.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്കുള്ളത്. ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ അത്ര നല്ല ഫോമല്ല ഇന്ത്യക്ക്. 1932 മുതല്‍ 19 പരമ്പര കളിച്ച ഇന്ത്യക്ക് മൂന്നെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചത്. ഏറ്റവുമൊടുവില്‍ ഇംഗ്ലണ്ടില്‍ നടന്ന പരമ്പര സമനിലയില്‍ അവസാനിക്കുകയായിരുന്നു.
നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരം കൊവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം 2-1 എന്ന നിലയില്‍ അവസാന മത്സരത്തിനിറങ്ങിയ ഇന്ത്യ പരാജയപ്പെടുകയും പരമ്പര സമനിലയില്‍ പിരിയുകയും ചെയ്തു.
രോഹിതും കോഹ്‌ലിയും വിരമിച്ച ഇന്ത്യയെ നയിക്കുന്നത് ശുഭ്മന്‍ ഗില്ലാണ്. റിഷബ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ കരുണ്‍ നായരുടെ സാന്നിധ്യവും പരമ്പരയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. യുവാക്കളുടെ കരുത്തില്‍ ടീം വിജയിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
ബെന്‍ സ്റ്റോക്ക്‌സിനെ ക്യാപ്റ്റന്‍സിയേല്പിച്ചാണ് ഇംഗ്ലണ്ട് പരമ്പരക്കൊരുങ്ങുന്നത്. ആദ്യ ടെസ്റ്റിനുള്ള സ്‌ക്വാഡിനെ മാത്രമാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
James Anderson says it’s a ‘great honour’ to have the new trophy for England-India Test series named after him and Sachin Tendulkar 🏆