ജമാഅത്തെ ഇസ്‌ലാമി അത്ര ശുദ്ധമല്ല; രാഷ്ട്രീയത്തില്‍ മത്സരിക്കുന്നത് ഗുരുതരമായി കാണണം: ഹമീദ് ഫൈസി അമ്പലക്കടവ്
Kerala
ജമാഅത്തെ ഇസ്‌ലാമി അത്ര ശുദ്ധമല്ല; രാഷ്ട്രീയത്തില്‍ മത്സരിക്കുന്നത് ഗുരുതരമായി കാണണം: ഹമീദ് ഫൈസി അമ്പലക്കടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd November 2025, 3:26 pm

കോഴിക്കോട്: ജനാധിപത്യത്തിനെതിരായ നിലപാടെടുത്ത ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കുന്നതിനെ ഗുരുതരമായി കാണണമെന്ന് എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്.

ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയോട് സഹകരിച്ച് വോട്ട് രേഖപ്പെടുത്തിയാല്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് പുറത്തു പോവുമെന്നും ബഹുദൈവ വിശ്വാസിയായിത്തീരുമെന്നും പ്രഖ്യാപിച്ച ജമാഅത്തെ ഇസ്‌ലാമി അതേ ഭരണവ്യവസ്ഥിതിയില്‍ പങ്കാളികളാവാന്‍ വ്യത്യസ്ത മുന്നണികളിലായി മാറി മാറി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഗുരുതരമായി കാണണമെന്നാണ് വിമര്‍ശനം.

ജമാഅത്ത് ഒരു കേഡര്‍ പാര്‍ട്ടിയാണ്. ലക്ഷ്യ സാക്ഷാത്കാരത്തിന് ഏതു വഴിയും അവര്‍ സ്വീകരിക്കുമെന്നും മുസ്‌ലിം ബ്രദര്‍ഹുഡും ജമാഅത്തെ ഇസ്‌ലാമിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ജമാഅത്തെ ഇസ്‌ലാമി അത്ര ശുദ്ധമല്ലെന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഹമീദ് ഫൈസി വിമര്‍ശിച്ചു.

മത നവീകരണ വാദികളുമായി അകലം പാലിക്കണമെന്ന സമസ്തയുടെ പ്രഖ്യാപിത നിലപാടില്‍ വെള്ളം ചേര്‍ക്കുന്നത് അപകടകരമാണ്. ജമാഅത്ത്-ബ്രദര്‍ഹുഡ് ആശയങ്ങള്‍ക്ക് മുസ്‌ലിങ്ങളില്‍ സ്വാധീനം ചെലുത്താന്‍ വഴിയൊരുക്കി കൊടുക്കലായിരിക്കുമത്.

മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളുടെ ഫോട്ടോ ഉയര്‍ത്തിക്കാണിച്ച് ജമാഅത്ത് ഇസ്‌ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി നടത്തിയ എയര്‍പോര്‍ട്ട് മാര്‍ച്ച് നടത്തിയതും ഹമീദ് ഫൈസി ചൂണ്ടിക്കാണിച്ചു.

ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ജമാഅത്തെ ഇസ്‌ലാമി അത്ര ശുദ്ധമല്ല. ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയോട് സഹകരിക്കുകയോ വോട്ട് രേഖപ്പെടുത്തുകയോ ചെയ്താല്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് പുറത്തു പോവുകയും ബഹുദൈവ വിശ്വാസിയായിത്തീരുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച ജമാഅത്തെ ഇസ്‌ലാമി  അതേ ഭരണ വ്യവസ്ഥിതിയില്‍ പങ്കാളികളാവാന്‍ വേണ്ടി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മാറിമാറി വ്യത്യസ്ത മുന്നണികളിലായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഗുരുതരമായി കാണേണ്ടിയിരിക്കുന്നു.

ജമാഅത്ത് ഒരു കേഡര്‍ പാര്‍ട്ടിയാണ്. ലക്ഷ്യ സാക്ഷാത്കാരത്തിന് ഏതു വഴിയും അവര്‍ സ്വീകരിക്കും. സുന്നികള്‍ ഭൂരിപക്ഷമുള്ള ഒരു മഹല്ലില്‍ അവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍, പിന്നീട് സക്കാത്തും റിലീഫും ക്ലാസുകളും ആയി ആ മഹല്ലും വാര്‍ഡും അവര് സ്വന്തമാക്കും. അനുഭവമാണ് തെളിവ്.

ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ എയര്‍പോര്‍ട്ട് മാര്‍ച്ച് വിവാദമായത് മറക്കാന്‍ ആയിട്ടില്ല. മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളുടെ ചിത്രമാണ് മാര്‍ച്ചില്‍ അവര്‍ ഉയര്‍ത്തിക്കാട്ടിയത്. മുസ്‌ലിം ബ്രദര്‍ഹുഡും ജമാഅത്തെ ഇസ്‌ലാമിയും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണ്.

സമസ്തയിലെ പ്രശ്‌നങ്ങളുടെ പിന്നാമ്പുറം പരിശോധിച്ചാല്‍ തെളിയുന്ന ചിത്രം ഒരു വിഭാഗം ജമാഅത്തെ ഇസ്‌ലാമിയുമായി പുതിയ ചില ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതാണെന്ന് കണ്ടെത്താനാകും.

മത നവീകരണ വാദികളുമായി അകലം പാലിക്കണമെന്ന സമസ്തയുടെ പ്രഖ്യാപിത നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്. ജമാഅത്ത്-ബ്രദര്‍ഹുഡ് ആശയങ്ങള്‍ക്ക് മുസ്ലീങ്ങളില്‍ സ്വാധീനം ചെലുത്താന്‍ വഴിയൊരുക്കി കൊടുക്കലായിരിക്കും ഇത് എന്ന കാര്യം ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞദിവസം, ജമാഅത്തെ ഇസ്ലാമിയ്ക്കെതരിരെ വിമര്‍ശനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കവും രംഗത്തെത്തിയിരുന്നു.

സമസ്തയില്‍ നിന്നും ജമാഅത്തെ ഇസ്ലാമിയെ അകറ്റി നിര്‍ത്തണമെന്നും നുഴഞ്ഞുകയറാന്‍ അവരെ അനുവദിക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതിതകരണം. സമസ്തയെ ജമാഅത്തെ ഇസ്ലാമി വന്‍ചിതല്‍ പോലെ തകര്‍ക്കും. ജമാഅത്തെ ഇസ്ലാമിയെ നിര്‍ത്തേണ്ട സ്ഥലത്ത് നിര്‍ത്തണം.

രാഷ്ട്രീയത്തിന്റെ പേരില്‍ നുഴഞ്ഞുകയറാനാണ് അവര്‍ ശ്രമിക്കുക. അങ്ങനെ വന്നാല്‍, സമസ്തയെയും വിശ്വാസികളെയും ഇസ്ലാമിനെയാകെയും അവര്‍ തകര്‍ക്കുമെന്നും ഉമര്‍ ഫൈസി മുക്കം വിശദീകരിച്ചിരുന്നു.

Content Highlight: Jamaat-e-Islami is not that clean; contesting in politics should be taken seriously: Hameed Faizy Ambalakadavu