ജമാഅത്തെ ഇസ്‌ലാമി പിഴച്ച പ്രസ്ഥാനം; അവരെ ആര്‍ക്കും വെളുപ്പിച്ചെടുക്കാനാവില്ല; മുസ്തഫ മുണ്ടുപാറ
Kerala News
ജമാഅത്തെ ഇസ്‌ലാമി പിഴച്ച പ്രസ്ഥാനം; അവരെ ആര്‍ക്കും വെളുപ്പിച്ചെടുക്കാനാവില്ല; മുസ്തഫ മുണ്ടുപാറ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th June 2025, 11:23 am

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി-യു.ഡി.എഫ് ബന്ധത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സമസ്ത. ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്രവാദം ഇല്ലെന്ന വാദം തെറ്റെന്ന് എസ്.വൈ.എസ് നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയെ ആര്‍ക്കും വെളുപ്പിച്ചെടുക്കാനാവില്ലെന്നും മുസ്തഫ മുണ്ടുപാറ കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്‌ലാമിക്ക് രാഷ്ട്രീയ പ്ലാറ്റ്‌ഫോം ഒരുക്കി നല്‍കരുതെന്നും മുസ്‌ലിം സമുദായത്തിനകത്തേക്ക് കയറിപ്പറ്റാനുള്ള തന്ത്രമാണ് അവരുടെ രാഷ്ട്രീയ പ്രവേശനമെന്നും അവരുമായുള്ള കൂട്ട്‌കെട്ട് ധ്രുവീകരണം ഉണ്ടാക്കുമെന്നും മുസ്തഫ മുണ്ടുപാറ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി സ്ഥാപിതമായ കാലം മുതല്‍ തന്നെ അതിനെ ശക്തമായി സമസ്ത എതിര്‍ത്തിട്ടുണ്ടെന്നും പിഴച്ച പ്രസ്ഥാനമായിട്ടാണ് കാണാറുള്ളതെന്നും എസ്.വൈ.എസ് നേതാവ് പറഞ്ഞു. അവരുമായി ഒരു സന്ധിയുമുണ്ടാവില്ലെന്നും അതിനാലാണ് ശക്തമായ സമസ്ത അവരെ എതിര്‍ക്കുന്നതെന്നും മുസ്തഫ മുണ്ടുപാറ കൂട്ടിച്ചേര്‍ത്തു.

അവര്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ലെന്നും ജമാഅത്തെ ഇസ്‌ലാമി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ ഇക്കാര്യങ്ങള്‍ തന്നെയാണ് പരാമര്‍ശിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വത്തെ അംഗീകരിക്കാത്ത ഇവര്‍ സര്‍ക്കാര്‍ ജോലിക്ക് പോവരുതെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് പറഞ്ഞവരാണെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെയുള്ള ജമാഅത്തെ ഇസ്‌ലാമിയെ ആര് വെള്ളപൂശിയാലും അത് ഉള്‍ക്കൊള്ളാന്‍ സുന്നികളെ സംബന്ധിച്ചടത്തോളം സാധ്യമല്ലെന്നും അവര്‍ക്ക് പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമിലേക്ക് വരാന്‍ അവസരമുണ്ടാക്കി കൊടുക്കുന്നത് പരമ അബദ്ധമാണെന്നും അതിന് വലിയ വില നല്‍കേണ്ടിവരുമെന്നും ഇതിനെ സമസ്ത ശക്തമായി ചെറുത്ത് നിന്നിട്ടുണ്ടെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.

Content Highlight: Jamaat-e-Islami is a wrong movement; no one can whitewash them; Mustafa Mundupara