കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി സമസ്തയെ പോലെ ഒരു മതസംഘടനയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. ജമാഅത്തെ ഇസ്‌ലാമി മതസംഘടനയാണ്.
മുസ്‌ലിം ലീഗിന് അവരുമായി ഒരു ബന്ധവുമില്ലെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പി.എം.എ സലാം പറഞ്ഞു.
മുസ്‌ലിം ലീഗിന് ബന്ധം വെല്‍ഫെയര്‍ പാര്‍ട്ടിയുമായിട്ടാണെന്നും സി.പി.ഐ.എമ്മിനാണ് 35 വര്‍ഷമായി ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ബന്ധം എന്താണെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘സമസ്തയെപ്പോലെ ജമാഅത്തെ ഇസ്‌ലാമിയും ഒരു മതസംഘടനയാണ്. ലീഗിന് അവരുമായി യാതൊരു ബന്ധവുമില്ല. വാസ്തവത്തില്‍, ജമാഅത്തെ ഇസ്‌ലാമിയുമായി 35 വര്‍ഷമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് സി.പി.ഐ.എമ്മായിരുന്നു.
ഞങ്ങളുടെ അസോസിയേഷന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായാണ്, അത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയാണ്’, പി.എം.എ സലാം പറഞ്ഞു.
ലോക്‌സഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലെല്ലാം മുസ്‌ലിം വോട്ടുകളുടെ ഏകീകരണമുണ്ടായെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിം സമൂഹം, ബി.ജെ.പിക്കെതിരെ ശക്തമായി നിലകൊള്ളുന്നെന്നും കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ ബി.ജെ.പിയുടെ ‘ബി ടീം’ പോലെ പ്രവര്‍ത്തിക്കുന്നെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇക്കാരണങ്ങള്‍ കൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം സമൂഹം, യു.ഡി.എഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചില മതസംഘടനകളെ പോലെ മുസ്‌ലിം ലീഗിന് വനിതകള്‍ രാഷ്ട്രീയ രംഗത്തെത്തുന്നതില്‍ എതിര്‍പ്പില്ലെന്നും ലീഗ് മുമ്പും വനിത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ടെന്നും സലാം വിശദീകരിച്ചു.
പഞ്ചായത്തുകളില്‍ സംവരണം നടപ്പാക്കിയതിന് ശേഷം നിരവധി സ്ത്രീകള്‍ ലീഗ് ടിക്കറ്റില്‍ വിജയിച്ചു. മത സംഘടനകള്‍ക്ക് അവരുടെ സ്വന്തം പരിധികള്‍ ഉണ്ടാകാം, പക്ഷേ ഐ.യു.എം.എല്‍ ഒരു മത സംഘടനയല്ല.
പുരുഷന്മാരും സ്ത്രീകളും ഇടപെടുമ്പോള്‍ അകലം പാലിക്കേണ്ടത് പ്രധാനമാണ്. ഇസ്‌ലാം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്, പക്ഷേ പുരുഷ-സ്ത്രീ ഇടപെടലില്‍ ചില പരിധികള്‍ ഉണ്ടെന്നും അവ മാനിക്കണമെന്നും പൊതു ആഘോഷങ്ങളില്‍ വനിതകള്‍ പങ്കെടുക്കുന്നതിനെ കുറിച്ച് പി.എം.എ. സലാം വിശദീകരിച്ചു.
ഐ.യു.എം.എല്‍ ഒരിക്കലും യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് പോകില്ലെന്നും ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്നും വിശ്വസിക്കുന്നവരെ പാര്‍ട്ടി വഞ്ചിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി പോലുള്ള ആവശ്യങ്ങള്‍ ഉന്നയിക്കില്ലെന്നും പി.എം.എ. സലാം വിശദമാക്കി.
Content Highlight: Jamaat-e-Islami is a religious organization like Samastha: PMA Salam