അന്നാണ് എനിക്ക് പാട്ടില്‍ കോണ്‍ഫിഡന്‍സ് വന്നുതുടങ്ങിയത്: ജേക്‌സ് ബിജോയ്
Malayalam Cinema
അന്നാണ് എനിക്ക് പാട്ടില്‍ കോണ്‍ഫിഡന്‍സ് വന്നുതുടങ്ങിയത്: ജേക്‌സ് ബിജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th July 2025, 6:23 pm

ഇന്ന് മലയാള സിനിമയിലെ മികച്ച സംഗീത സംവിധായകരില്‍ ഒരാളാണ് ജേക്സ് ബിജോയ്. ഏയ്ഞ്ചല്‍സ് എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ തുടങ്ങിയ അദ്ദേഹം ഇന്ന് അന്യഭാഷയിലും അറിയപ്പെടുന്ന സംഗീത സംവിധായകനാണ്.

ഇപ്പോള്‍ ചെറുപ്പം മുതലേ തന്റെ ഒപ്പം പാട്ട് കൂട്ടിനുണ്ടായിരുന്നുവെന്ന് ജേക്‌സ് പറയുന്നു. ഈരാറ്റുപേട്ടയിലെ അരുവിത്തുറയിലാണ് അദ്ദേഹത്തിന്റെ വീട്. വീട്ടില്‍ അമ്മ മൂളിപ്പാട്ട് പാടുന്നത് കേട്ടാണ് ജേകസ് വളര്‍ന്നത്. അദ്ദേഹത്തിന്റെ അച്ഛന് ടെക്‌നിക്കല്‍ കാര്യങ്ങളോട് വളരെ താത്പര്യമുള്ള വ്യക്തിയായിരുന്നു.

‘പുതിയ ടെക്‌നോളജിയിലുള്ള മ്യൂസിക് സിസ്റ്റം അച്ഛന്‍ വീട്ടില്‍ മേടിച്ചുവെച്ചിരുന്നു. ഒരു ദിവസം അപ്പന്‍ അതില്‍ റോജയുടെ കാസറ്റിട്ട് പാട്ടുകള്‍ കേള്‍പ്പിച്ചു. അതുവരെ കേട്ട പാട്ടുകളില്‍നിന്നെല്ലാം വളരെ വ്യത്യസ്തമായ ശബ്ദക്രമീകരണം, ഓരോ പാട്ടും എന്നെ ആകര്‍ഷിച്ചു. ഞാനും പാടുമായിരുന്നു. പൂഞ്ഞാറിലെ രാഘവമേനോനാണ് ആദ്യ ഗുരു. പിന്നീട് തിക്കോയി രാധാകൃഷ്ണന്‍ സാറിന് കീഴില്‍ അഭ്യസിച്ചു,’ജേക്‌സ് ബിജോയ് പറയുന്നു.

പിന്നീടുള്ള അദ്ദേഹത്തിന്റെ വിദ്യാഭ്യാസം യേര്‍ക്കാടിലെ മോണ്‍ഫോര്‍ട്ട് ബോര്‍ഡിങ് സ്‌കൂളിലായിരുന്നു. ജേക്‌സിന്റെ പാട്ടിലുള്ള കഴിവ് തിരിച്ചറിഞ്ഞ ഒരു ആംഗ്ലോ ഇന്ത്യന്‍ അധ്യാപിക പരിശീലനം നല്‍കുകയും ഒരു മത്സരത്തില്‍ അദ്ദേഹത്തെ പാടിപ്പിക്കുകയും ചെയ്തു.

‘അന്നാണ് പാട്ടില്‍ കോണ്‍ഫിഡന്‍സ് വന്നുതുടങ്ങുന്നത്. അവിടെ വെച്ച് പിയാനോയും കമ്പോസിങ്ങുമെല്ലാം പഠിച്ചു. അന്നേ ട്യൂണുകള്‍ മനസിലുണ്ട്. എന്നാല്‍, അതെങ്ങനെ പാട്ടാക്കി മാറ്റണമെന്ന് അറിയില്ലായിരുന്നു. പഠിത്തം കഴിഞ്ഞ് എങ്ങനെയെങ്കിലും പാട്ടിലേക്ക് കയറണം എന്നതായിരുന്നു പ്ലാന്‍. ബിരുദം കൂടി പൂര്‍ത്തിയാക്കിയശേഷം പാട്ട് നോക്കാമെന്ന് അപ്പ പറഞ്ഞു. അങ്ങനെ രാജഗിരി എഞ്ചിനീയറിങ് കോളേജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്നു,’ജേക്‌സ് ബിജോയ് പറയുന്നു.

Content highlight: Jakes says that singing has been with him since he was a child