മലയാള സിനിമയിലെ ഇന്നത്തെ മികച്ച സംഗീത സംവിധായകരില്‍ ഒരാളാണ് ജേക്‌സ് ബിജോയ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും തിരക്കുള്ള സംഗീതജ്ഞനാണ് അദ്ദേഹം. ഇപ്പോള്‍ സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ജേക്‌സ് ബിജോയ്. അമേരിക്കയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് തന്നെ ഒരു സിനിമയിലേക്ക് വിളിച്ചിരുന്നുവെന്നും എന്നാല്‍ കോണ്‍ഫിഡന്‍സ് ഇല്ലാത്തതിനാല്‍ പോയില്ലെന്നും ജേക്‌സ് പറയുന്നു.
പിന്നീട് സുഹൃത്തുക്കളായ ശ്രീജിത്തും സുജിത്തും പുതിയൊരു സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ വിളിച്ചെന്നും അങ്ങനെ ചെന്നൈയിലേക്ക് വന്നെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ ആദ്യകാലം കഷ്ടപ്പാടായിരുന്നുവെന്നും സുരക്ഷിതജീവിതം വിട്ടെറിഞ്ഞത് വെറുതെയായോ എന്ന തോന്നല്‍ അലട്ടിയിരുന്നെന്നും ജേക്‌സ് ബിജോയ് കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ അമേരിക്കയില്‍ സംഗീതത്തില്‍ ഉപരിപഠനത്തിന് വേണ്ടി ആലോചിച്ചപ്പോള്‍ ശ്രീനി അങ്കിളാണ് (ശ്രീനിവാസന്‍) വഴികാട്ടാന്‍ രണ്ടുപേരെ പരിചയപ്പെടുത്തിതരുന്നത്. പരീക്ഷകള്‍ വിജയിച്ച് ഞാന്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെത്തി. പഠനശേഷം ഡി.സിയില്‍ ജോലി ലഭിച്ചു. സിനിമാ സംഗീതത്തില്‍ ഏറ്റവും പ്രധാനം ഒരു മെലഡി അല്ലെങ്കില്‍ ഐഡിയക്ക് എങ്ങനെ ഓര്‍ക്കസ്ട്ര ലൈവായി എഴുതാമെന്നതാണ്.
ജോണ്‍ കാര്‍ലി അകലാന്‍ എന്ന ഇറ്റാലിയന്‍ പ്രൊഫസറാണ് അതെന്നെ പഠിപ്പിച്ചത്. പിന്നീട് വീഡിയോ ഗെയിമുകളില്‍ വര്‍ക്ക് ചെയ്തുതുടങ്ങി. അത് പുതിയൊരു പാഠമായിരുന്നു. ഇടവേളകളില്‍ നാട്ടിലെ സുഹൃത്തുക്കളുടെ ഹസ്വ ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതം ചെയ്തു. ആ സമയത്ത് സംവിധായകനായ മാര്‍ട്ടിന്‍ പ്രകാട്ട് ചേട്ടന്‍ സിനിമയ്ക്ക് സംഗീതം ചെയ്യാന്‍ വിളിച്ചിരുന്നു. എന്നാല്‍, കോണ്‍ഫിഡന്‍സ് ഇല്ലാത്തതിനാല്‍ ഏറ്റെടുത്തില്ല.
പിന്നീട് സുഹൃത്തുക്കളായ ശ്രീജിത്തും സുജിത്തും പുതിയൊരു സിനിമ ചെയ്യാന്‍ പോകുകയാണെന്നും ഞാന്‍ വരണമെന്നും പറഞ്ഞു. പിന്മാറാന്‍ നോക്കിയെങ്കിലും അവര്‍ സമ്മതിച്ചില്ല. ഗ്രീന്‍കാര്‍ഡിനുള്ള അപേക്ഷ കൊടുത്തുനില്‍ക്കുകയാണ്. നാട്ടില്‍ എന്റെ വിവാഹം നോക്കുകയാണ്. അപ്പയോട് സംസാരിച്ചപ്പോള്‍ ലീവെടുത്ത് വന്ന് ട്രൈ ചെയ്ത് നോക്കാന്‍ പറഞ്ഞു. അങ്ങനെ ആറുമാസത്തെ അവധിയെടുത്ത് വന്നു.
നിരാശനായിരുന്നു ഞാന്‍. ചെന്നൈയിലെ ആദ്യകാലം കഷ്ടപ്പാടായിരുന്നു. സുരക്ഷിതജീവിതം വിട്ടെറിഞ്ഞത് വെറുതെയായോ എന്ന തോന്നല്‍ വേട്ടയാടി. മെല്ലെ ഓക്കെയാക്കി. മണപ്പാക്കത്ത് ഒരു വില്ല എടുത്ത് രണ്ടാം നിലയില്‍ സ്റ്റുഡിയോ സെറ്റ് ചെയ്തു. അതേ വര്‍ഷം വിവാഹം.
അന്നയും ഞാനും ചെന്നൈയില്‍ താമസം തുടങ്ങി. അന്ന് ഒരുവര്‍ഷം രണ്ട് സിനിമയൊക്കെയാണ് കിട്ടുന്നത്. സഞ്ജീവ് സംവിധാനം ചെയ്ത ‘താക്ക താക്ക’ എന്ന തമിഴ് ചിത്രത്തിനായിരുന്നു ആദ്യം സംഗീതം ചെയ്തത്. പിന്നാലെ ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത ‘ഏയ്ഞ്ചല്‍സ്’ എന്ന മലയാള സിനിമ ചെയ്തു,’ ജേക്‌സ് ബിജോയ് പറയുന്നു.