എന്റെ എല്ലാ ഇഷ്ടങ്ങളും ചേര്‍ത്തു വെച്ചതാണ് രണത്തിലെ പാട്ട്: ജേക്‌സ് ബിജോയ്
Malayalam Cinema
എന്റെ എല്ലാ ഇഷ്ടങ്ങളും ചേര്‍ത്തു വെച്ചതാണ് രണത്തിലെ പാട്ട്: ജേക്‌സ് ബിജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th July 2025, 9:18 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ സംഗീത സംവിധായകനാണ് ജേക്സ് ബിജോയ്. 2014ല്‍ പുറത്തിറങ്ങിയ എയ്ഞ്ചല്‍സ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. മലയാള സിനിമക്ക് വ്യത്യസ്ത ഗാനങ്ങളും മികച്ച സ്‌കോറിങ്ങുകളും നല്‍കാന്‍ ജേക്‌സിന് സാധിച്ചു.

രണം എന്ന സിനിമയിലെ അദ്ദേഹത്തിന്റെ വര്‍ക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുപുറമെ കിങ് ഓഫ് കൊത്ത, കടുവ, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളിലെ സംഗീതവും ശ്രദ്ധിക്കപ്പെട്ടു. ടാക്സിവാല എന്ന ചിത്രത്തിലൂടെ തെലുങ്കിലും ജേക്‌സ് തന്റെ സാന്നിധ്യം അറിയിച്ചു.

ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ രണം സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ജേക്സ് ബിജോയ്. എ.ആര്‍. റഹ്‌മാന് റോജയെന്ന പോലെ ഓരോ സംഗീതസംവിധായകനും ഒരു സിനിമയുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.

തന്റെ ആദ്യ അഞ്ച് സിനിമകളും പരാജയങ്ങളായിരുന്നെന്നും മണ്‍സൂണ്‍ മാംഗോസ് എന്ന സിനിമ ചെയ്യുമ്പോഴാണ് രണത്തിലേക്ക് വിളിക്കുന്നതെന്നും ജേക്‌സ് കൂട്ടിച്ചേര്‍ത്തു. രണത്തിലൂടെയാണ് ഇന്‍ഡസ്ട്രി തന്നെ ശ്രദ്ധിച്ചു തുടങ്ങിയതെന്നും അദ്ദേഹം പറയുന്നുണ്ട്.

‘റഹ്‌മാന്‍ സാറിന് റോജയെന്ന പോലെ ഓരോ സംഗീതസംവിധായകനും ഒരു സിനിമയുണ്ടാകും. എന്റെ ആദ്യ അഞ്ച് സിനിമകളും പരാജയങ്ങളായിരുന്നു. മണ്‍സൂണ്‍ മാംഗോസ് എന്ന സിനിമ ചെയ്യുമ്പോഴാണ് രണം എന്ന പടത്തിലേക്ക് വിളിക്കുന്നത്.

അപ്പോഴാണ് ഞാന്‍ ചെയ്ത ധ്രുവങ്ങള്‍ പതിനാറ് തമിഴ്നാട്ടിലും ക്വീന്‍ മലയാളത്തിലും ഒരേസമയം വിജയിക്കുന്നത്. പിന്നാലെ രണത്തിലൂടെയാണ് ഇന്‍ഡസ്ട്രി എന്നെ ശ്രദ്ധിച്ചു തുടങ്ങിയത്.

പിന്നാലെ ജോഷി സാറിന്റെ പൊറിഞ്ചു മറിയം ജോസ്, കല്‍ക്കി, ഇഷ്‌ക് തുടങ്ങി മികച്ച സിനിമകള്‍ തേടിയെത്തി. എന്റെ എല്ലാ ഇഷ്ടങ്ങളും ചേര്‍ത്തു വെച്ചതാണ് രണത്തിലെ പാട്ട്,’ ജേക്‌സ് ബിജോയ് പറയുന്നു.

Content Highlight: Jakes Bejoy Talks About Ranam Movie