ആദിവാസി അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു; ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ജയറാം രമേശ്
ന്യൂദല്‍ഹി: ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയില്‍ കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി ജുവല്‍ ഒറാമിന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കത്തയച്ചു. ഗ്രേറ്റ് നിക്കോബാര്‍ ദ്വീപിലെ ആദിവാസി സമുദായങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള ലംഘനം പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നതായി ജയറാം രമേശ് കത്തില്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ പെട്ടന്നുള്ള പരിഹാര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2006ലെ വനാവകാശ നിയമ പ്രകാരം ആദിവാസി സമുദായങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ലംഘിക്കുന്നതാണ് പദ്ധതി. പദ്ധതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിലെ അവകാശവാദങ്ങള്‍ പലതും പൂര്‍ണമായും തെറ്റാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട, സ്ഥിരമായി ഉയരുന്ന ചോദ്യങ്ങള്‍ക്കുള്ള (എഫ്.എ.ക്യു) ഉത്തരങ്ങള്‍ മേയ് ഒന്നിന് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിലെ അവകാശ വാദങ്ങള്‍ പലതും കള്ളമെന്ന് രമേശ് പറഞ്ഞു.
ആദിവാസി സമുദായങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള എല്ലാ അവശ്യ നടപടിക്രമങ്ങളും നയപരമായ സംരക്ഷണവും ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എഫ്.എ.ക്യുവില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. 2004ലെ ജറവ നയം, 2015ല ഷോംപെന്‍ നയം എന്നിവ പ്രകാരം ആന്ത്രോപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ആദിവാസി കാര്യ മന്ത്രാലയം എന്നിവ അടക്കം ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളുടെയും ഈ വിഷയത്തില്‍ ധാരണയുള്ള വിദഗ്ധരുടെയും ഉപദേശം തേടിയെന്നും എഫ്.എ.ക്യുവില്‍ പറയുന്നുണ്ട്. ഈ അവകാശവാദങ്ങള്‍ കള്ളമാണെന്ന് ജയറാം രമേശ് കത്തില്‍ പറഞ്ഞു.
2006ലെ വനാവകാശ നിയമം നടപ്പാക്കാനുള്ള നോഡല്‍ ഏജന്‍സിയായ ആദിവാസി ക്ഷേമ മന്ത്രാലയം ഈ അവകാശ ലംഘനത്തില്‍ ഇടപെടണമെന്നും കത്തില്‍ പറയുന്നു. ആദിവാസി സമുദായങ്ങള്‍ താമസിക്കുന്ന വന പ്രദേശങ്ങള്‍ തരം മാാറ്റുമ്പോള്‍ അത് ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യണമെന്ന് വനാവകാശ നിയമം വ്യവസ്ഥചെയ്യുന്നു. വനാവകാശ നിയമം അനുസരിച്ചുള്ള ഉള്ള അവകാശങ്ങള്‍ എല്ലാം ലഭ്യമാക്കാന്‍ സാധിച്ചോ എന്ന് പരിശോധിക്കണം. അതിന് ശേഷം മാത്രമേ വനഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ. വനാവകാശ നിയമം പ്രകാരം അത്തരം സമ്മതം നേടിയെടുക്കേണ്ടത് ആവശ്യമാണെന്ന് 2023 ഏപ്രില്‍ 18ലെ നിയംഗിരി വിധിയല്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി വ്യക്തമാക്കിയിരുന്നുവെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 2022 ഓഗസ്റ്റ് 12ന് കാംബെല്‍ ബേ, ലക്ഷ്മി നഗര്‍, ഗോവിന്ദ് നഗര്‍ എന്നിവിടങ്ങളില്‍ വിളിച്ച ഗ്രാമസഭകള്‍ കുടിയേറ്റക്കാര്‍ പങ്കെടുത്തവയായിരുന്നു. വനാവകാശ നിയമ പ്രകാരം ഇത്തരം പദ്ധതികള്‍ കാരണമുള്ള പ്രശ്‌നപരിഹാര നടപടികള്‍ ആവശ്യമുള്ളത് പ്രദേശത്തെ നിക്കോബാറീസ്, ഷോപ്‌മെന്‍ എന്നീ പട്ടിക വര്‍ഗ സമുദായങ്ങള്‍ക്കാണ്. കുടിയേറ്റക്കാരായവര്‍ പങ്കെടുത്ത 2022 ഓഗസ്റ്റ് 12ലെ ഗ്രാമസഭകള്‍ ഇതിനാല്‍ വനാവകാശ നിയമപ്രകാരം സാധുതയുള്ളതല്ലെന്ന് രമേശ് ചൂണ്ടിക്കാട്ടി. ഗ്രാമസഭയുടെ തട്ടിപ്പിലൂടെയുള്ള സമ്മതമാണ് അന്ന് നേടിയതെന്നും രമേശ് പറഞ്ഞു.
ലിറ്റില്‍ ആന്‍ഡ് ഗ്രേറ്റ് നിക്കോബാര്‍ ട്രൈബല്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ ഒപ്പ് വച്ച എന്‍.ഒ.സി. പദ്ധതിക്ക് വേണ്ടി ലഭിച്ചിരുന്നെന്ന ദ്വീപ് ഭരണാധികാരികളുടെ വാദം വനാവകാശ നിയമത്തിന്റെ ലംഘനമാണ്. നിയമം പ്രകാരം ഒരു സമൂഹത്തിന് വേണ്ടി ഒരു വ്യക്തി മാത്രം സമ്മതം നല്‍കിയാല്‍ മതിയാവില്ലെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
Content Highlight: Great Nicobar Project: Jairam Ramesh writes to minister Jual Oram. Points tribal rights violation