മോദിയുടേത് നിരാശയില്‍ നിന്നുമുള്ള അഭിപ്രായം; കോണ്‍ഗ്രസ് തെറ്റായ ഉറപ്പാണെന്ന പരാമര്‍ശത്തെ വിമര്‍ശിച്ച് ജയറാം രമേശ്
national news
മോദിയുടേത് നിരാശയില്‍ നിന്നുമുള്ള അഭിപ്രായം; കോണ്‍ഗ്രസ് തെറ്റായ ഉറപ്പാണെന്ന പരാമര്‍ശത്തെ വിമര്‍ശിച്ച് ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th April 2023, 5:06 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെതിരെ നടത്തിയ പരാമര്‍ശം നിരാശയില്‍ നിന്നുണ്ടായതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കോണ്‍ഗ്രസ് എന്നാല്‍ തെറ്റായ ഉറപ്പാണെന്ന മോദിയുടെ പരമാര്‍ശത്തിനാണ് ജയറാം രമേശ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.

കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പ്രവര്‍ത്തകരെ ഓണ്‍ലെന്‍ വഴി അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

‘അമിത് ഷായ്‌ക്കും, യോഗിക്കും ശേഷം നിരാശയില്‍ നിന്നും അഭിപ്രായം പറയാനുള്ള ഊഴം ഇപ്പോള്‍ മോദിയുടേതാണ്.

മെയ് 10ന് കര്‍ണാടകയിലെ ജനങ്ങള്‍ ബി.ജെ.പിയുടെ 40 ശതമാനം കമ്മീഷന്‍ സര്‍ക്കാരിനെ പുറത്താക്കുമെന്ന് ഉറപ്പാണ്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഹിമാചല്‍ പ്രദേശിലും നടപ്പിലാക്കിയ ഉറപ്പ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കര്‍ണാടകയിലും കോണ്‍ഗ്രസ് നടപ്പിലാക്കും,’ അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയുടെ പരാമര്‍ശം ഉള്‍പ്പെടുന്ന എ.എന്‍.ഐയില്‍ വന്ന വാര്‍ത്തയോട് കൂടിയാണ് അദ്ദേഹം ട്വീറ്റ് പങ്കുവെച്ചത്.

കര്‍ണാടകയില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് വ്യക്തമായെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ പറഞ്ഞു.

‘കര്‍ണാടകയില്‍ ബി.ജെ.പി തീര്‍ച്ചയായും പരാജയപ്പെടുമെന്ന് ഇപ്പോള്‍ വ്യക്തമാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രചാരണങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത് അമിത് ഷായുടെ 4-1 തന്ത്രങ്ങള്‍ അപമാനവും, പ്രകോപനവുമാണെന്ന് വ്യക്തമാക്കുന്നു,’ ജയറാം രമേശ് പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ഡോ.പരമേശ്വര്‍, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ജയറാം രമേശിന്റെ പ്രസ്താവന.

 

content highlight: jairam ramesh against narendra modi