മണിപ്പൂരില്‍ സംഘര്‍ഷം 15ാം ദിവസം; പ്രധാനമന്ത്രി സമാധാനത്തിന് വേണ്ടി ഒരു വാക്ക് പോലും ഉച്ചരിച്ചില്ല: ജയറാം രമേശ്
national news
മണിപ്പൂരില്‍ സംഘര്‍ഷം 15ാം ദിവസം; പ്രധാനമന്ത്രി സമാധാനത്തിന് വേണ്ടി ഒരു വാക്ക് പോലും ഉച്ചരിച്ചില്ല: ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th May 2023, 9:20 pm

ന്യൂദല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷം തുടര്‍ച്ചയായ 15ാം ദിവസത്തിലെത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനത്തിന് വേണ്ടി ഇടപെട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കേന്ദ്ര ആഭ്യന്തര മന്ത്രിയോ മറ്റ് ക്യാബിനറ്റ് മന്ത്രിമാരോ മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘മണിപ്പൂരില്‍ ഭയാനകമായ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് 15 ദിവസമായി. അവിടെ ഇന്റര്‍നെറ്റും നിരോധിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ഇന്‍ര്‍നെറ്റ് നിരോധനം അഞ്ച് ദിവസം കൂടി തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതുമൂലം ബാങ്ക് ഇടപാട്, ഇ-കൊമേഴ്‌സ്, ഓണ്‍ലൈന്‍ വഴിയുള്ള പണമിടപാട്, ഇ-ടിക്കറ്റുകള്‍, വ്യാപാരങ്ങള്‍, വര്‍ക്ക് ഫ്രം ഹോം, വിദ്യാഭ്യാസം തുടങ്ങി നിരവധി അവശ്യ സേവനങ്ങള്‍ സ്തംഭിച്ചു.

എന്നാല്‍ സമാധാനത്തിന് വേണ്ടി അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി ഒരു വാക്ക് പോലും പറഞ്ഞില്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയോ ക്യാബിനറ്റ് മന്ത്രിമാരോ മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല,’ ജയറാം രമേശ് പറഞ്ഞു.

മെയ് മൂന്നിനാണ് മണിപ്പൂരിലെ സംഘര്‍ഷം ഉടലെടുത്തത്. പട്ടികവര്‍ഗ പദവിക്ക് വേണ്ടിയുള്ള ഗോത്രവര്‍ഗമല്ലാത്ത മെയ്തി സമുദായത്തിന്റെ ആവശ്യത്തിനെതിരെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂര്‍ ചുരാചന്ദ്പൂര്‍ ജില്ലയിലെ ടോര്‍ബംഗില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് നടത്തിയിരുന്നു. ആയിരക്കണക്കിന് ആളുകളായിരുന്നു ഈ റാലിയില്‍ പങ്കെടുത്തത്.

മെയ്തി വിഭാഗത്തിന് എസ്.ടി. പദവി നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നടന്ന ഈ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയും ഗോത്രവിഭാഗങ്ങളും മെയ്തി വിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

ഗോത്രവര്‍ഗ മേഖലയായ ചുരാചന്ദ്പുര്‍, സിംഗ്‌നാഥ്, മുവാല്ലം തുടങ്ങിയ മേഖലകളിലാണ് സംഘര്‍ഷം വ്യാപിച്ചത്. നിരവധി ഗോത്രവര്‍ഗ വീടുകളും വനം വകുപ്പിന്റെ ഓഫീസുകളുമെല്ലാം തീവെച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

മണിപ്പൂരില്‍ 53 ശതമാനം ജനസംഖ്യയുള്ള വിഭാഗമാണ് ഭരണകക്ഷിയായ ബി.ജെ.പി. അനുകൂല വിഭാഗമായ മെയ്തി സമുദായം. മ്യാന്‍മറില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമുള്ള കുടിയേറ്റം തങ്ങളുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെയ്തി വിഭാഗക്കാര്‍ സംവരണം ആവശ്യപ്പെടുന്നത്.

content highlight: jairam ramesh about prime minister’s silence about manipur issue