ഫേസ്ബുക്ക് പോസ്റ്റ്: പി. ജയരാജന്റെ മകനെതിരെ കേസ്
Daily News
ഫേസ്ബുക്ക് പോസ്റ്റ്: പി. ജയരാജന്റെ മകനെതിരെ കേസ്
ന്യൂസ് ഡെസ്‌ക്
Thursday, 4th September 2014, 11:02 am

jain
[] കണ്ണൂര്‍: കണ്ണൂരിലെ ആര്‍.എസ്.എസ് നേതാവ് മനോജിന്റെ വധത്തെ പരാമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സി.പി.ഐ.എം നേതാവ് പി.ജയരാജന്റെ മകന്‍ ജെയന്‍രാജിനെതിരെ കേസെടുത്തു. ഐ.ടി ആക്ട് പ്രകാരം കതിരൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.

മനോജിന്റെ കൊലപാതകത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നു ജെയിന്‍രാജ് ഫേസ്ബുക്കില്‍ ഇട്ടത്. “ഈ സന്തോഷ വാര്‍ത്തയ്ക്കായി എത്ര കാലമായി കാത്തു നില്‍ക്കുന്നു. അഭിവാദ്യങ്ങള്‍ പ്രിയ സഖാക്കളെ.” എന്നായിരുന്നു ജെയിന്‍രാജിന്റെ പോസ്റ്റ്. സംഭവം ചര്‍ച്ചയ്ക്കും വിവാദത്തിനും വഴിവെച്ചതോടെ പോസ്റ്റ് പിന്‍വലിയ്ക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് ഫേസ്ബുക്കിലൂടെ ഇതിന് വിശദീകരണവുമായി ജെയിന്‍ വീണ്ടും പോസ്റ്റിട്ടു. “കൊലവിളിയും ഉപദേശങ്ങളുമായി വരുന്നവര്‍ ഒന്നോര്‍ക്കണം, ഞാനുമൊരു മകനാണ്. എന്റെ കുട്ടിക്കാലം ചോരയില്‍ മുക്കിയവര്‍, അച്ഛനെ ശാരീരികമായി തളര്‍ത്തിയവന്‍, ഞങ്ങളുടെ സുന്ദരേട്ടനെ വെട്ടിനുറുക്കിയവന്‍, തെരുവില്‍ കിടപ്പുണ്ടെന്നു കേട്ടാല്‍.. എന്നിലെ മകന്‍ സന്തോഷിക്കുക തന്നെ ചെയ്യും- ഇതായിരുന്നു രണ്ടാമത്തെ പരാമര്‍ശം. ജെയിന്‍രാജിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി യുവജന സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

വീട്ടില്‍ നിന്ന് കാറില്‍ തലശേരിക്കുള്ള യാത്രയ്ക്കിടെ ഒന്നാം തീയതി രാവിലെ 11ന് ഉക്കാസ്‌മെട്ടയില്‍ വച്ചാണ് മനോജിനും സുഹൃത്ത് കൊളപ്രത്ത് വീട്ടില്‍ പ്രമോദിനും നേരെ ആക്രമണമുണ്ടായത്. വാനിനു നേരെ ബോംബ് എറിഞ്ഞതിനു ശേഷം മനോജിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ പ്രമോദ് ചികിത്സയിലാണ്. കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ 1999 ഓഗസ്റ്റ് 25ന് വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച അഞ്ചാം പ്രതിയാണ് കൊല്ലപ്പെട്ട മനോജ്. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലിറങ്ങിയതായിരുന്നു.