ഫസ്റ്റ് പാര്‍ട്ടില്‍ മരിച്ച കഥാപാത്രം സെക്കന്‍ഡ് പാര്‍ട്ടില്‍? ജയിലര്‍ 2 ലൊക്കേഷന്‍ ചിത്രം വൈറല്‍
Indian Cinema
ഫസ്റ്റ് പാര്‍ട്ടില്‍ മരിച്ച കഥാപാത്രം സെക്കന്‍ഡ് പാര്‍ട്ടില്‍? ജയിലര്‍ 2 ലൊക്കേഷന്‍ ചിത്രം വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st August 2025, 12:10 pm

തമിഴ് സിനിമയിലെ സകല റെക്കോഡുകളും തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഉറപ്പിച്ച് പറയാനാകുന്ന പ്രൊജക്ടാണ് ജയിലര്‍ 2. രജിനികാന്ത്- നെല്‍സണ്‍ കൂട്ടുകെട്ടില്‍ 2023ലെത്തിയ ജയിലറിന് രണ്ടാം ഭാഗമുണ്ടാകുമെന്ന വാര്‍ത്ത ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചിരുന്നു. 2023ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ജയിലര്‍.

ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ രണ്ടാം വരവ് ആദ്യത്തേതിനെക്കാള്‍ ഗംഭീരമാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയാകുന്നത്. തെലുങ്ക് താരം സുനില്‍, മലയാളി താരം ഷൈന്‍ ടോം ചാക്കോ, തമിഴ് താരം ഹര്‍ഷാദ് എന്നിവര്‍ ഒരുമിച്ചുള്ള ഫോട്ടോ കഴിഞ്ഞദിവസമാണ് പലരുടെയും ശ്രദ്ധയില്‍ പെട്ടത്.

ഇതില്‍ ഷൈന്‍ ടോം മാത്രമാണ് പുതിയ കാസ്റ്റ്. സുനിലും ഹര്‍ഷാദും ആദ്യഭാഗത്തില്‍ ഉണ്ടായിരുന്നു. ബ്ലാസ്റ്റ് മോഹന്‍ എന്ന കഥാപാത്രത്തെ സുനില്‍ അവതരിപ്പിച്ചപ്പോള്‍ വില്ലനായ വര്‍മന്റെ സഹായി ധന്‍രാജിനെയാണ് ഹര്‍ഷാദ് അവതരിപ്പിച്ചത്. എന്നാല്‍ സിനിമയുടെ അവസാനത്തില്‍ ഹര്‍ഷാദിന്റെ കഥാപാത്രം മരിക്കുന്നതായാണ് കാണിക്കുന്നത്.

രണ്ടാം ഭാഗത്തില്‍ ധന്‍രാജ് ഉള്ള സ്ഥിതിക്ക് വര്‍മന്റെ സാന്നിധ്യവും ഉണ്ടാകുമെന്ന് ഇതിനോടകം ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. രജിനികാന്ത്, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങി വലിയ താരങ്ങളോട് മുട്ടിനിന്ന വില്ലന്‍ കഥാപാത്രമായിരുന്നു വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍. രണ്ടാം ഭാഗത്തില്‍ പ്രധാന വില്ലനായി വേഷമിടുന്നത് എസ്.ജെ. സൂര്യയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ഭാഗത്തിലെ പല താരങ്ങള്‍ക്കൊപ്പം മലയാളത്തില്‍ നിന്നും ഒരുപിടി ആര്‍ട്ടിസ്റ്റുകള്‍ ജയിലര്‍ 2വിന്റെ ഭാഗമാകുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, വിനീത് തട്ടില്‍, ചെമ്പന്‍ വിനോജ്, ഷൈന്‍ ടോം ചാക്കോ, സുജിത് ശങ്കര്‍, സുനില്‍ സുഖദ, അന്ന രേഷ്മ എന്നിവര്‍ രണ്ടാം ഭാഗത്തിലുണ്ടെന്ന് ഉറപ്പായിട്ടുണ്ട്. ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഭാഗമാകുന്നെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്‌റോഫ് എന്നിവര്‍ക്കൊപ്പം തെലുങ്ക് സൂപ്പര്‍ താരം ബാലകൃഷ്ണയും ഇത്തവണ മുത്തുവേല്‍ പാണ്ഡ്യന് സഹായവുമായി എത്തിയേക്കുമെന്നും കേള്‍ക്കുന്നു. അട്ടപ്പാടി, ചെന്നൈ, കോഴിക്കോട്, ഹൈദരബാദ്, ഗോവ, മുംബൈ എന്നിവിടങ്ങളിലായി ഷൂട്ട് പൂര്‍ത്തിയാകുന്ന ചിത്രം 2026ല്‍ തിയേറ്ററുകളിലെത്തും.

Content Highlight: Jailer 2 location pic viral