ഭീകരരെ സഹായിച്ചുവെന്ന ആരോപണത്തില്‍ ഒരുവര്‍ഷമായി ജയിലില്‍; കശ്മീരി മാധ്യമപ്രവര്‍ത്തകന് അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ പുരസ്‌കാരം
Kashmir Turmoil
ഭീകരരെ സഹായിച്ചുവെന്ന ആരോപണത്തില്‍ ഒരുവര്‍ഷമായി ജയിലില്‍; കശ്മീരി മാധ്യമപ്രവര്‍ത്തകന് അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ പുരസ്‌കാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2019, 5:45 pm

ശ്രീനഗര്‍: ഒരുവര്‍ഷമായി ജമ്മു കശ്മീരില്‍ ജയിലില്‍ക്കഴിയുന്ന മാധ്യമപ്രവര്‍ത്തകന് അമേരിക്കന്‍ നാഷണല്‍ പ്രസ്സ് ക്ലബ്ബിന്റെ മാധ്യമ സ്വാതന്ത്ര്യ പുരസ്‌കാരം. വ്യാഴാഴ്ച പ്രഖ്യാപിച്ച പുരസ്‌കാരത്തെക്കുറിച്ച് ജയിലില്‍ക്കഴിയുന്ന ആസിഫ് സുല്‍ത്താന്റെ മാതാപിതാക്കള്‍ ഇന്നാണ് അറിയുന്നത്. കശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ക്ക് ഇപ്പോഴും ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കാണ് അതിനു കാരണം.

ഏതു പുരസ്‌കാരമാണ് തങ്ങളുടെ മകനു ലഭിച്ചതെന്ന് ഇവര്‍ക്കറിയില്ല. തന്റെ മകന് എന്തോ പുരസ്‌കാരം ലഭിച്ചതായി ആരോ പറഞ്ഞെന്നും എന്താണെന്നു തനിക്കറിയില്ലെന്നും പിതാവും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കൂടിയായ മുഹമ്മദ് സുല്‍ത്താന്‍ ‘ദ പ്രിന്റി’നോടു പറഞ്ഞു.

പുരസ്‌കാരം നല്‍കിയവര്‍ക്ക് ഹൃദയത്തില്‍ നിന്നു നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. തന്റെ തൊഴിലിനോട് ആസിഫ് കാണിച്ച ആത്മാര്‍ഥത തിരിച്ചറിഞ്ഞവരോട് താന്‍ കടപ്പെട്ടിരിക്കുമെന്നും സുല്‍ത്താന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുല്‍ത്താന് മാത്രമല്ല, 38-കാരനായ ആസിഫിന് ഈ പുരസ്‌കാരം ലഭിച്ചത് അദ്ദേഹത്തോടൊപ്പം നിലകൊണ്ട മാധ്യമപ്രവര്‍ത്തകര്‍ പോലും അറിഞ്ഞിട്ടില്ലെന്നതാണു യാഥാര്‍ഥ്യം.

എല്ലാവര്‍ഷവും വിതരണം ചെയ്യാറുള്ള ജോണ്‍ ഓബുച്ചന്‍ പ്രസ്സ് ഫ്രീഡം അവാര്‍ഡാണ് ആസിഫിനു ലഭിച്ചത്. ഒരു യു.എസ് റിപ്പോര്‍ട്ടര്‍ക്കും പുരസ്‌കാരം ലഭിച്ചു.

കശ്മീരില്‍ മാധ്യമങ്ങളുടെയും ജനങ്ങളുടെയും അവസ്ഥ മോശമാവുന്നുവെന്നു സൂചിപ്പിക്കുന്നതാണ് ആസിഫിന്റെ കേസെന്ന് നാഷണല്‍ പ്രസ്സ് ക്ലബ്ബ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ആശയവിനിമയ സംവിധാനങ്ങളുടെ വിലക്കിനെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഭീകരരെ സഹായിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 27-ന് അര്‍ധരാത്രിയായിരുന്നു ആസിഫിന്റെ അറസ്റ്റ്.

ഭീകരരെ സഹായിച്ചുവെന്ന കുറ്റം ആസിഫിന്റെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും അന്നേ നിഷേധിച്ചതാണ്. പൊലീസ് നടപടി ആസിഫിനെ മാത്രമല്ല, മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിനെതിരെ കൂടിയുള്ളതാണെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

അറസ്റ്റിനു മുന്‍പ് ആസിഫ് കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെക്കുറിച്ച് ‘ദ റൈസ് ഓഫ് ബുര്‍ഹാന്‍ വാനി’ എന്ന വാര്‍ത്ത ചെയ്തിരുന്നു.

അതിനുശേഷം തങ്ങളെ വന്നു കാണണമെന്നാവശ്യപ്പെട്ട് പൊലീസില്‍ നിന്ന് പലതവണ ഫോണ്‍കോളുകള്‍ ആസിഫിന് ലഭിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈദിനു ശേഷം വന്നു കാണണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അതുവരെ കാക്കാന്‍ അവര്‍ തയ്യാറായില്ല. അന്നു രാത്രി തന്നെ അവര്‍ വരികയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കശ്മീര്‍ നരേറ്റര്‍ എന്ന മാസികയ്ക്കു വേണ്ടിയായിരുന്നു ആസിഫ് ജോലി ചെയ്തിരുന്നത്.

തന്റെ വീട്ടില്‍ ആസിഫ് ഭീകരരെ ഒളിച്ചുതാമസിപ്പിച്ചു എന്നാണ് പൊലീസ് ആരോപിക്കുന്നത്. ഹിസ്ബുളുമായി ബന്ധപ്പെട്ട ഒരു കത്ത് ആസിഫിന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയതായും പൊലീസ് പറയുന്നു.

ആസിഫിന്റെ സഹായിയെന്നാരോപിച്ച് ഒരു സ്ത്രീയെ മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്ന് അവര്‍ക്കു കോടതി ജാമ്യം നല്‍കിയെന്നും സുല്‍ത്താന്‍ പറഞ്ഞു. ഈ സ്ത്രീ തനിക്ക് ആസിഫിനെ പരിചയം പോലുമില്ലെന്നു കോടതിയില്‍ പറഞ്ഞതായും സുല്‍ത്താന്‍ ചൂണ്ടിക്കാട്ടി.

ആസിഫ് വാനിയെക്കുറിച്ച് പലപ്പോഴും പുകഴ്ത്തി സംസാരിച്ചിട്ടുണ്ടെന്നും പൊലീസ് ആരോപിച്ചിട്ടുണ്ട്.

ഈ മാസം രണ്ടുതവണയാണ് ആസിഫിന് കോടതിയില്‍ വിചാരണ നഷ്ടപ്പെട്ടത്. ഒന്ന് ആറിനും മറ്റൊന്ന് 21-നും. കശ്മീരിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് കോടതി പ്രവര്‍ത്തനം തത്കാലം നിര്‍ത്തിവെച്ചതിനാലാണിത്. അടുത്ത വാദം സെപ്റ്റംബര്‍ അഞ്ചിനാണ്.

വീടിന്റെ വാതില്‍ തുറന്ന് അവന്‍ വരുന്നതാണ് ഞങ്ങള്‍ കഴിഞ്ഞ ഒരുവര്‍ഷമായി കാത്തിരിക്കുന്നതെന്ന് ആസിഫിന്റെ ഉമ്മ ഹജ്‌റ സുല്‍ത്താന്‍ പറഞ്ഞു.

2016-ല്‍ വിവാഹിതനായ ആസിഫിന് ഒന്നരവയസ്സായ ഒരു മകളുണ്ട്.

മെഡിക്കല്‍ കോളേജില്‍ പഠിച്ചിരുന്ന ആസിഫ് അതു വേണ്ടെന്നു വെച്ചാണ് മാധ്യമപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞതെന്ന് സുല്‍ത്താന്‍ പറയുന്നു. അതിനിടെ ലൈബ്രറി സയന്‍സസ്, ഇസ്‌ലാമിക് സ്റ്റഡീസ്, ജേണലിസം എന്നിവയില്‍ ആസിഫ് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.