ഔദ്യോഗിക വസതി ഒഴിഞ്ഞ ജഗദീപ് ധന്‍ഖര്‍ ഛത്തര്‍പൂരിലെ ഫാം ഹൗസിലേക്ക് താമസം മാറിയെന്ന് റിപ്പോര്‍ട്ട്
India
ഔദ്യോഗിക വസതി ഒഴിഞ്ഞ ജഗദീപ് ധന്‍ഖര്‍ ഛത്തര്‍പൂരിലെ ഫാം ഹൗസിലേക്ക് താമസം മാറിയെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st September 2025, 9:18 pm

ന്യൂദല്‍ഹി: പാര്‍ലമെന്റ് ഹൗസ് കോംപ്ലക്സിലെ ഔദ്യോഗിക വസതി ഒഴിഞ്ഞ് മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഐ.എന്‍.എല്‍.ഡി അധ്യക്ഷനും കുടുംബസുഹൃത്തുമായ അഭയ് സിങ് ചൗട്ടാലയുടെ ഛത്തര്‍പൂരിലെ ഫാം ഹൗസിലേക്കാണ് ജഗദീപ് ധന്‍ഖര്‍ താമസം മാറുന്നത്.

മുന്‍ ഉപരാഷ്ട്രപതി എന്ന നിലയില്‍ ജഗദീപ് ധന്‍ഖറിനുള്ള സര്‍ക്കാര്‍ വസതി അനുവദിക്കുന്നതുവരെ അദ്ദേഹം ഛത്തര്‍പൂരില്‍ തുടരുമെന്നാണ് വിവരം.

സെപ്റ്റംബര്‍ ഒമ്പതിന് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ധന്‍ഖര്‍ താമസം മാറുന്നത്. ജൂലൈ 21ന് ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച അദ്ദേഹം ദല്‍ഹി സൈനിക ആശുപത്രിയിലേക്ക് പോകാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ നിയമസഭയിലെ മുന്‍ എം.എല്‍.എ എന്ന നിലയിലുള്ള തന്റെ പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് ജഗദീപ് അപേക്ഷ നല്‍കിയിരുന്നു.

1993-നും 1998-നും ഇടയില്‍ കിഷന്‍ഗഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ് എം.എല്‍.എയായിരുന്നു ധന്‍ഖര്‍. കാലാവധി പൂര്‍ത്തിയാക്കിയതോടെ പെന്‍ഷന് അര്‍ഹനാകുകയും 2019 ജൂലൈ വരെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്തിരുന്നു.

2019ല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിതനായപ്പോള്‍ ധന്‍ഖറിന് ലഭിച്ചിരുന്ന പെന്‍ഷന്‍ നിര്‍ത്തിവെക്കുകയും ചെയ്തു. മുന്‍ എം.എല്‍.എ ഭരണഘടനാ പദവിയോ സര്‍ക്കാര്‍ പദവിയോ വഹിക്കുമ്പോള്‍ പെന്‍ഷന്‍ താത്കാലികമായി നിര്‍ത്തിവെക്കണമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.

പിന്നീട് ഉപരാഷ്ട്രപതിയായപ്പോഴും പെന്‍ഷന്‍ തടസപ്പെട്ടിരുന്നു. 2025 ജൂലൈയില്‍ അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതോടെയാണ് പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ അപേക്ഷ നല്‍കിയത്. ധന്‍ഖറിന് ലഭിക്കുന്ന പെന്‍ഷന്‍ പ്രതിമാസം 35,000 രൂപയാണ് ആണ്. ഇതിനുപുറമെ യാത്രാ, ആരോഗ്യ ആനുകൂല്യങ്ങള്‍ക്കും അദ്ദേഹം അര്‍ഹനാണ്.

75 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഈ പെന്‍ഷന്‍ 42,000 ആയി ഉയരും. പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അസംബ്ലി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ധന്‍ഖര്‍ വീട്ടുതടങ്കലിലാണെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തള്ളിയിരുന്നു. ധന്‍ഖറിന്റെ രാജി ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് അമിത് ഷാ ആവര്‍ത്തിക്കുകയും ചെയ്തു.

അപ്രതീക്ഷിതമായുള്ള ധന്‍ഖറിന്റെ രാജി വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ധന്‍ഖറിനെ കൊണ്ട് ബി.ജെ.പി നേതാക്കള്‍ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതാണെന്ന ആരോപണം ഉള്‍പ്പെടെ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.

Content Highlight: Jagdeep Dhankhar vacated his official residence, has reportedly moved to a farmhouse in Chhatarpur