അന്ന് എനിക്കൊന്നും പറ്റിയില്ലെന്ന് പറഞ്ഞിട്ടും രണ്ടുപേരും സമ്മതിച്ചില്ല: ജഗദീഷ്
Malayalam Cinema
അന്ന് എനിക്കൊന്നും പറ്റിയില്ലെന്ന് പറഞ്ഞിട്ടും രണ്ടുപേരും സമ്മതിച്ചില്ല: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th July 2025, 10:28 pm

നടന്‍ ജഗദീഷിന്റെ കരിയറില്‍ എന്നും ഓര്‍ക്കുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് മായിന്‍ കുട്ടി. ഗോഡ്ഫാദര്‍ എന്ന സിദ്ദിഖ് – ലാല്‍ ചിത്രത്തിലെ കഥാപാത്രമായിരുന്നു അത്. ഇപ്പോള്‍ ഈ സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജഗദീഷ്.

താന്‍ ഷൂട്ടിങ്ങിന് ഇടയില്‍ കമ്പി പൊട്ടി താഴേക്ക് വീണുവെന്നും അന്ന് സിദ്ദിഖും ലാലും തന്റെ അടുത്തേക്ക് ഓടിവന്നുവെന്നുമാണ് നടന്‍ പറയുന്നത്. ഇരുവരും ഒരുപാട് പേടിച്ചിരുന്നുവെന്നും തനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന് പറഞ്ഞ് താന്‍ ആശ്വസിപ്പിച്ചിട്ടും അവര്‍ സമ്മതിച്ചില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

ഗോഡ്ഫാദര്‍ എന്ന സിനിമയെയും അതിലെ മായിന്‍ കുട്ടിയെയും ആരും മറക്കില്ല. ആ പടത്തില്‍ മായിന്‍ കുട്ടി മരത്തില്‍ നിന്ന് വീഴുന്ന ഒരു സീനുണ്ട്. സത്യത്തില്‍ ഞാന്‍ അന്ന് കമ്പി പൊട്ടി താഴേക്ക് വീഴുകയായിരുന്നു.

ഞാന്‍ വീണത് കണ്ടതും സിദ്ദിഖും ലാലും എന്റെ അടുത്തേക്ക് ഓടിയെത്തിയത് ഇന്നും എനിക്ക് ഓര്‍മയുണ്ട്. അന്ന് അവര് രണ്ടുപേരും ആകെ പേടിച്ചിരുന്നു. അവര് സത്യത്തില്‍ നിലവിളിച്ച് കൊണ്ടാണ് എന്റെ അടുത്തേക്ക് എത്തിയതെന്നും പറയാം.

രണ്ടാളും കരയുകയായിരുന്നു. എന്നാല്‍ എന്തോ ഭാഗ്യം കൊണ്ട് മരത്തിന്റെ ഒരു പകുതിക്ക് ശേഷമായിരുന്നു ഈ കമ്പി പൊട്ടുന്നത്. അതുകൊണ്ട് കൂടുതല്‍ ഒന്നും തന്നെ പറ്റാതെയായിരുന്നു ഞാന്‍ നിലത്തേക്ക് വീണത്.

സിദ്ദിഖിനെയും ലാലിനെയും എനിക്ക് ഒന്നും പറ്റിയിട്ടില്ലെന്നും പറഞ്ഞ് ഞാന്‍ ആശ്വസിപ്പിച്ചു. പക്ഷെ എനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന് പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. കുറച്ച് നേരം റെസ്റ്റ് എടുക്കൂ, അത് കഴിഞ്ഞ് ബാക്കി സീനുകള്‍ എടുത്താല്‍ മതി എന്നായിരുന്നു രണ്ടുപേരും പറഞ്ഞത്,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadish Talks About Godfather Movie Experience With Siddique – Lal