1991ൽ കലാധരന്റെ സംവിധാനത്തിൽ മുകേഷ്, ജഗദീഷ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശരണ്യ, കെ.പി.എ.സി. ലളിത, മാമൂക്കോയ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് ചെപ്പ് കിലുക്കണ ചങ്ങാതി. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രാജൻ കിരിയത്ത്, വിനു കിരിയത്ത് എന്നിവർ ചേർന്നാണ്. ഇപ്പോൾ ചിത്രത്തിൽ അഭിനയിച്ച അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.
ചെപ്പ് കിലുക്കണ ചങ്ങാതി എന്ന സിനിമയിലെ ഒരു സീന്‍ തങ്ങള്‍ ഇംപ്രൊവൈസ് ചെയ്തതാണെന്നും ചിത്രത്തില്‍ കെ.പി.എ.സി. ലളിത ഇവർ താമസിക്കുന്ന വീട്ടിലേക്ക് വലിഞ്ഞുകയറുന്ന കഥാപാത്രമാണെന്നും ജഗദീഷ് പറയുന്നു.
കെ.പി.എ.സി. ലളിതയെ ഒഴിവാക്കുന്നതിന് വേണ്ടി മുഖം മൂടി ഇട്ടിട്ട് അവരെ പേടിപ്പിക്കാന്‍ നോക്കുമെന്നും എന്നാല്‍ അപ്പോള്‍ പേടിക്കാത്ത ലളിത മുഖം മൂടി മാറ്റിയ മാമൂക്കോയയെ കണ്ട് പേടിക്കുന്ന സീന്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.
ആ സീനാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും അത്തരത്തിലുള്ള സീനുകള്‍ തങ്ങള്‍ ഇംപ്രൊവൈസ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ ക്യാരക്ടറിനെ കളിയാക്കുന്ന രീതിയിലുള്ള ഒരുപാട് സീനുകള്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ ഒരു ആക്ടര്‍ എന്ന രീതിയില്‍ കരിയറിന് ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കൗമുദിയോട് സംസാരിക്കുകയായിരുന്നു നടന്‍.
‘ചെപ്പ് കിലുക്കണ ചങ്ങാതി എന്നുപറഞ്ഞ സിനിമയിലെ ഒരി സീന്‍ ഞങ്ങള്‍ ഇംപ്രോവൈസ് ചെയ്തതാണ്. ലളിത ചേച്ചി വീട്ടിലേക്ക് വലിഞ്ഞുകയറിയ ഒരു കഥാപാത്രമാണ്. അപ്പോള്‍ ഒരു ശല്യം പോലെ വന്നിരിക്കുകയാണ്. ഇവരെ എങ്ങനെയെങ്കിലും ഒഴിവാക്കണം.
അപ്പോള്‍ മാമൂക്ക മുഖം മൂട്ടി ഇട്ടിട്ട് വന്നിട്ട് പേടിപ്പിക്കാന്‍ നോക്കും. അതുകണ്ട് ലളിത ചേച്ചി പേടിക്കാതെ ചിരിക്കും. ഇതുകണ്ട് നിരാശനായിട്ട് മാമൂക്ക മുഖംമൂടിയെടുക്കുമ്പോള്‍ ലളിത ചേച്ചി അയ്യോ എന്നുപറയും. ആ സിനിമയുടെ ഹൈലൈറ്റ് ആണത്. അങ്ങനെയുള്ള സീനുകള്‍ ഞങ്ങള്‍ ഇംപ്രൊവൈസ് ചെയ്തിട്ടുണ്ട്. എന്നിട്ടത് റെഡിയാക്കും.
ആ സീന്‍ ചെയ്യാന്‍ മാമൂക്ക തയ്യാറായി എന്നുള്ളതാണ്. നമ്മുടെ സൗന്ദര്യം, നമ്മള്‍ സുന്ദരനല്ല എന്നുസ്ഥാപിക്കുന്ന സീനുകള്‍ ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്. എന്നെ ഉണ്ടക്കണ്ണാ എന്നുവിളിക്കുന്നുണ്ട്. ‘നിനക്ക് മത്തങ്ങ പോലുള്ള കണ്ണുകള്‍ ഉണ്ടല്ലോ’ എന്ന് സിനിമയില്‍ ചോദിക്കുന്നുണ്ട്.
നമ്മുടെ ക്യാരക്ടറിനെ കളിയാക്കുന്ന രീതിയിലുള്ള സംഭവങ്ങള്‍ ഒരുപാട് വന്നിട്ടുണ്ട്. എന്നാല്‍ അതൊക്കെ ആക്ടര്‍ എന്ന രീതിയില്‍ നമ്മുടെ കരിയറിനെ ഗുണം ചെയ്തിട്ടേ ഉള്ളൂ,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish Says There have been many incidents where our character has been made fun in cinema