അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍സ് എന്റെ കഥാപാത്രം മികച്ചതാക്കി; ഏറ്റവും വലിയ ടേണിങ് പോയിന്റായിരുന്നു അത്: ജഗദീഷ്
Malayalam Cinema
അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍സ് എന്റെ കഥാപാത്രം മികച്ചതാക്കി; ഏറ്റവും വലിയ ടേണിങ് പോയിന്റായിരുന്നു അത്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd August 2025, 8:44 am

 

നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ജഗദീഷ്. ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടാനും പിന്നീട് നായകവേഷത്തില്‍ തിളങ്ങാനും ജഗദീഷിന് സാധിച്ചിരുന്നു. തന്റെ കരിയറിലെ ടേണിങ്ങ് പോയിന്റുകളെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ജഗദീഷ്. ഏറ്റവും പുതിയ സിനിമയായ കാട്ടാളന്റെ പൂജ ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ കരിയറില്‍ ഒരുപാട് ടേണിങ് പോയിന്റുകള്‍ ഉണ്ടായിട്ടുണ്ട്. ആദ്യത്തെ ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. അതിന് ശേഷം രണ്ടാമത്തെ ചിത്രത്തില്‍ മൂന്ന് നായകന്‍മാരില്‍ ഒരാളായി പ്രിയദര്‍ശന്‍ എന്നെ കാസ്റ്റ് ചെയ്തു. ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തില്‍ ശ്രീനിവാസനും ഞാനും മുകേഷുമാണ് അഭിനയിച്ചത്. അങ്ങനെ ഒരുപാട് ടേര്‍ണിങ്ങ് പോയിന്റുകള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്,’ജഗദീഷ് പറയുന്നു.

ഇന്‍ഹരിഹര്‍ നഗറിലെ അപ്പുകുട്ടന്‍ എന്ന കഥാപാത്രം ഒരു വലിയ ടേണിങ്ങ് പോയിന്റായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പക്ഷേ ഒരു നെഗറ്റീവ് റോളില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ ടേണിങ്ങ് പോയിന്റ് മാര്‍ക്കോയിലെ ടോണി ഐസക്കായിരുന്നുവെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

‘അതിന് എനിക്ക് തീര്‍ച്ചയായും ഷരീഫ് മുഹമ്മദ് എന്ന പ്രൊഡ്യൂസറിനോട് ഒരുപാട് നന്ദിയും സ്‌നേഹവും കടപ്പാടുമുണ്ട്. എന്നെ വളരെ ആത്മവിശ്വാസത്തോടെ കാസ്റ്റ് ചെയ്ത സംവിധായകനോടും ഒരുപാട് നന്ദിയുണ്ട്. എന്നോട് കഥ പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചിരുന്നു ‘ ഞാന്‍ ഈ കഥാപാത്രം ചെയ്താല്‍ ശരിയാകുമോ എന്ന് ഹനീഫിന് തോന്നുന്നുണ്ടോ’ എന്ന്. തീര്‍ച്ചയായും ശരിയാകും ജഗദീഷേട്ടാ എന്ന് പറഞ്ഞ ആ കോണ്‍ഫിഡന്‍സ് തന്നെയാണ് ആ റോള്‍ മികച്ച രീതിയില്‍ എനിക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞത്,’ജഗദീഷ് പറഞ്ഞു.

മാര്‍ക്കോ

ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിച്ച് 2024ല്‍ റിലീസായ ചിത്രമാണ് മാര്‍ക്കോ. ചിത്രത്തില്‍ ഉണ്ണി മുകുന്ദന് പുറമേ ജഗദീഷ്, കബീര്‍ ദുഹന്‍ സിംഗ്, അഭിമന്യു ഷമ്മി തിലകന്‍, തുടങ്ങിയവരും അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍സ് ചിത്രമാണ് മാര്‍ക്കോ എന്നാണ് സിനിമയെ അണിയറപ്രവര്‍ത്തകര്‍ തന്നെ വിശേഷിപ്പിച്ചത്.

Content Highlight: Jagadish says that the film Marco was a major turning point for him towards negative roles