ഈ കൊച്ചിനെ വേറെ സിനിമയില്‍ കണ്ടിട്ടില്ലല്ലോ എന്ന് ചിന്തിച്ചു, ലാലേട്ടന്റെ മകളാണ് അതെന്ന് പിന്നീടാണ് അറിഞ്ഞത്: ജാഫര്‍ ഇടുക്കി
Malayalam Cinema
ഈ കൊച്ചിനെ വേറെ സിനിമയില്‍ കണ്ടിട്ടില്ലല്ലോ എന്ന് ചിന്തിച്ചു, ലാലേട്ടന്റെ മകളാണ് അതെന്ന് പിന്നീടാണ് അറിഞ്ഞത്: ജാഫര്‍ ഇടുക്കി
അമര്‍നാഥ് എം.
Wednesday, 4th February 2026, 9:13 am

കോമഡി വേഷങ്ങളില്‍ ഒരുകാലത്ത് തിളങ്ങി, പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറ്റിയ നടനാണ് ജാഫര്‍ ഇടുക്കി. ചാനല്‍ ഷോയില്‍ സിനിമയിലേക്ക് വന്ന ജാഫര്‍ ഇടുക്കി ഇന്ന് മലയാളസിനിമയുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയിരിക്കുകയാണ്. തന്റെ പുതിയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് താരം.

ജാഫര്‍ ഇടുക്കി Photo: Screen grab/ Can Channel Media

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കമാണ് തന്റെ പുതിയ ചിത്രമെന്ന് ജാഫര്‍ പറയുന്നു. കഴിഞ്ഞദിവസം താന്‍ ആ ചിത്രത്തിന്റെ സെറ്റിലായിരുന്നെന്നും കഥയും തന്റെ കഥാപാത്രവും മികച്ചതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാനത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടെന്നും സെറ്റ് നല്ല സൗഹൃദപരമായിരുന്നെന്നും അദ്ദേഹം പറയുന്നു. കാന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു ജാഫര്‍ ഇടുക്കി.

‘വിസ്മയയൊക്കെ നമ്മളോട് ഇങ്ങോട്ടുവന്ന് സംസാരിക്കുകയായിരുന്നു. എന്റെ കഥാപാത്രം പൊലീസുകാരനാണ്. കോമഡിയൊന്നുമില്ലാത്ത സീരിയസ് കഥയാണ് ഈ പടത്തിന്റേത്. എല്ലാ പൊലീസ് സ്റ്റേഷനിലും ഉണ്ടാകുന്ന പാവം പൊലീസുകാരനാണ് എന്റെ കഥാപാത്രം. വരുന്നവരെ തന്നെക്കൊണ്ട് കഴിയുന്നതുപോലെ സഹായിക്കുന്ന ഒരാളാണ്. കൂടുതല്‍ കാര്യങ്ങള്‍ പറയാനായിട്ടില്ല.

തുടക്കം Photo: Theatrical posters

സത്യം പറഞ്ഞാല്‍ ലാലേട്ടന്റെ മകളാണ് നായികയെന്ന് സെറ്റിലെത്തിയപ്പോഴാണ് ഞാന്‍ അറിയുന്നത്. 26ാം തിയതി ഉച്ചക്കാണ് ഞാന്‍ സെറ്റിലെത്തിയത്. കഥ കേട്ടപ്പോള്‍ ലാലേട്ടന്റെ മകള്‍ റൈറ്ററും ജൂഡ് ഡയറക്ടറുമാണെന്ന് വിചാരിച്ചു. പക്ഷേ, വിസ്മയയാണ് നായികയെന്ന് അറിഞ്ഞപ്പോള്‍ സര്‍പ്രൈസായി. പടം നന്നായി വരുമെന്നാണ് വിശ്വാസം,’ ജാഫര്‍ ഇടുക്കി പറയുന്നു.

ഇത് രണ്ടാം തവണയാണ് താന്‍ ജൂഡുമായി പ്രവര്‍ത്തിക്കുന്നതെന്നും താരം പറഞ്ഞു. 2018 എന്ന സിനിമയില്‍ നല്ല വേഷമായിരുന്നെന്നും എന്നാല്‍ തന്റെ ഒരുപാട് രംഗങ്ങള്‍ കട്ട് ചെയ്യേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഒരുപാട് ആസ്വദിച്ച് ചെയ്ത വേഷങ്ങളിലൊന്നായിരുന്നു 2018ലേതെന്നും ജാഫര്‍ പറയുന്നു.

‘ആദ്യത്തെ ഷെഡ്യൂളില്‍ ഒരുപാട് സീനുകളുണ്ടായിരുന്നു. എന്നാല്‍ ഈ പടത്തിന്റെ ഷൂട്ട് രണ്ട് വര്‍ഷത്തോളമുണ്ടായിരുന്നല്ലോ. അപ്പോള്‍ രണ്ടാമത്തെ ഷെഡ്യൂളിലെത്തിയപ്പോള്‍ കണ്ടിന്യൂവിറ്റി പ്രശ്‌നമായി. എന്റെ മൂന്ന് സീനുകള്‍ കട്ട് ചെയ്തു. ഒറ്റ സീന്‍ മാത്രമേ പുറത്തുവന്നുള്ളൂ. നല്ല വേഷമായിരുന്നു അത്,’ ജാഫര്‍ ഇടുക്കി പറഞ്ഞു.

Content Highlight: Jaffer Idukki shares the shooting experience of Thudakkam movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം