ജിന്‍സി ടി എം
ജിന്‍സി ടി എം
Nipah virus
നിപ്പാ വൈറസ് എന്ന വൈറസൊന്നുമില്ല; ഞങ്ങള്‍ക്ക് ഈ പനിയെ പേടിയില്ല: വ്യാജപ്രചരണവുമായി ജേക്കബ് വടക്കഞ്ചേരി
ജിന്‍സി ടി എം
Monday 21st May 2018 12:50pm

കോഴിക്കോട്: നിപ്പാ വൈറസ് പടരുന്നത് തടയാന്‍ ആരോഗ്യവകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ടു പോകവേ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ അശാസ്ത്രീയ പ്രചരണവുമായി ജേക്കബ് വടക്കഞ്ചേരി. സോഷ്യല്‍ മീഡിയയിലൂടെയുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് വടക്കുംചേരി വ്യാജപ്രചരണവുമായി രംഗത്തുവന്നത്.

നിപ്പാ വൈറസ് എന്നൊരു വൈറസൊന്നുമില്ലെന്നും മരുന്നുമാഫിയയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നുമാണ് വടക്കുംചേരി പറയുന്നത്. കീടനാശിനികളോ, ഭക്ഷണത്തിലെ പ്രശ്‌നമോ മറ്റോ ആണ് പേരാമ്പ്രയിലുണ്ടായ മരണങ്ങള്‍ക്ക് കാരണമെന്നും വടക്കഞ്ചേരി പ്രചരിപ്പിക്കുന്നു.

തനിക്കും തന്നെപ്പോലുള്ള പ്രകൃതി ചികിത്സകര്‍ക്കും ഈ പനിയെ ഒരു പേടിയുമില്ലെന്നും  അവിടെ പോകാന്‍ തങ്ങള്‍ക്ക് ഒരു മടിയുമില്ലെന്നും പറഞ്ഞുകൊണ്ടാണ് ജേക്കബ് വടക്കുംചേരിയുടെ പ്രചരണം.


Also Read:നിപ്പാ വൈറസ് ഉറവിടം കിണര്‍ വെള്ളമെന്ന് നിഗമനം: മരിച്ചയാളുടെ വീട്ടിലെ കിണറ്റില്‍ വവ്വാലിനെ കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി


 

നിപ്പാ വൈറസ് പടരുന്നത് ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും മുന്‍കരുതലുകളും തന്റെ വീഡിയോയിലൂടെ പരോക്ഷമായി തള്ളിക്കളയുന്ന അദ്ദേഹം അദ്ദേഹത്തിന് തോന്നിയ ചില നിര്‍ദേശങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. വയറു നിറച്ച് ഭക്ഷണം കഴിക്കരുത്, പഴകിയത് കഴിക്കരുത് തുടങ്ങിയ കാര്യങ്ങളാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്ക് പകരമെന്ന നിലയില്‍ വടക്കുംചേരി മുന്നോട്ടുവെക്കുന്നത്.

കാടന്‍ ചികിത്സയാണ് ഇവിടുത്തെ ആശുപത്രികളില്‍ നടക്കുന്നതെന്നു പറയുന്ന അദ്ദേഹം വിദേശരാജ്യങ്ങളില്‍ പനി വന്നുകഴിഞ്ഞാല്‍ മൂന്നുദിവസം ചികിത്സയ്ക്കാതെ വെയ്ക്കാനാണ് നിര്‍ദേശിക്കുകയെന്നും പറയുന്നു. പനിയടക്കമുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുമ്പോഴാണ് മൂന്നുദിവസം കഴിഞ്ഞേ പനി ചികിത്സിക്കാവൂവെന്ന് വടക്കഞ്ചേരി പ്രചരിപ്പിക്കുന്നത്.

ഇന്നലെ പുറത്തുവിട്ട വീഡിയോയ്ക്ക് ഇതിനകം എട്ടായിരത്തിലേറെപ്പേര്‍ കണ്ടിട്ടുണ്ട്. ഇത്തരം തെറ്റായ പ്രചരണങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട് എന്നാണ് ഈ വീഡിയോയ്ക്കു കീഴിലുള്ള കമന്റുകളില്‍ നിന്നു വ്യക്തമാകുന്നത്. താങ്കള്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ് എന്ന തരത്തിലാണ് പല പ്രതികരണങ്ങളും.

പരാതിയുമായി ഡോക്ടര്‍മാരുടെ കൂട്ടായ്മ:

ജേക്കബ് വടക്കഞ്ചേരിയുടെ അശാസ്ത്രീയ പ്രചരണങ്ങള്‍ക്കെതിരെ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക്ക് അംഗമായ ഡോ. ജിനേഷ് പി.എസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്. വടക്കഞ്ചേരിയുടെ ഫേസ്ബുക്ക് വീഡിയോ ലിങ്ക് ഉള്‍പ്പെടെ പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

‘നിപ്പാ വൈറസ് ബാധിച്ചത് മൂലം മൂന്ന് പേര്‍ ഇതുവരെ മരണമടഞ്ഞു. ഗൗരവമേറിയ ഈ സാഹചര്യം ജാഗ്രതയോടെ തരണംചെയ്യാന്‍ ആരോഗ്യവകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും ഇതിനായി അക്ഷീണം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങളിലൂടെ അശാസ്ത്രീയമായ പ്രചാരണങ്ങള്‍ നടത്തുകയാണ് ജേക്കബ് വടക്കന്‍ചേരി. അദ്ദേഹത്തിന്റെ പ്രചരണങ്ങളില്‍ അറിയാതെ പെട്ടുപോകുന്ന സാധാരണക്കാരുണ്ട്. ശരിയായ പ്രതിരോധം മാര്‍ഗങ്ങളെയും ചികിത്സയെയും എതിര്‍ക്കുന്നതിലൂടെ സമൂഹത്തിന്റെ ആരോഗ്യത്തെ ചോദ്യം ചെയ്യുകയാണ് ഇയാള്‍.

വളരെ മുന്‍കരുതലുകള്‍ സ്വീകരിച്ച് മുന്നോട്ട് പോകേണ്ട ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തില്‍ നിന്നുണ്ടാവുന്ന അശാസ്ത്രീയ പ്രതികരണങ്ങള്‍ സമൂഹത്തിന്റെ ആരോഗ്യത്തിനു തന്നെ ഭീഷണിയാകുന്നു. സമൂഹത്തിനു തന്നെ ഭീഷണിയാകുന്ന ജേക്കബ് വടക്കന്‍ചേരിക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.’ എന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്.

ഇതിനെ കൊലപാതക ശ്രമമായും ക്രിമിനല്‍ കുറ്റമായും കണ്ട് നടപടിയെടുക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്ന് ജിനേഷ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.

‘നിപ വൈറസ് കണ്ടെത്തിയിട്ട് അധികകാലമൊന്നുമായിട്ടില്ല. അങ്ങനെയൊരു വൈറസിനെ പ്രതിരോധിക്കാനായി ഒരു സംസ്ഥാനത്തിലെ ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും എല്ലാ ശ്രമങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ഇത്തരം അശാസ്ത്രീയമായ അബദ്ധ പ്രചരണങ്ങള്‍ കൊലപാതക ശ്രമങ്ങളായി തന്നെ കണക്കാക്കണം. കാരണം അദ്ദേഹത്തിന്റെ വീഡിയോ കണ്ട് വിശ്വസിക്കുന്ന സാധാരണക്കാര്‍ അബദ്ധത്തില്‍ വീഴും. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇതുപോലൊരു പ്രചരണം നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്.’ എന്നും അദ്ദേഹം പറഞ്ഞു.

ജിന്‍സി ടി എം
സീനിയര്‍ സബ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.
Advertisement