ആഷസ് ട്രോഫിയിലെ അവസാന മത്സരം സിഡ്‌നിയില്‍ നടക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 384 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ തുടര്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 567 റണ്‍സിനും പുറത്തായി. നിലവില്‍ മത്സരത്തിന്റെ മൂന്നാം ദിനം പുരോഗമിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് 59 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് നേടിയത്. 57 റണ്‍സിന്റെ ലീഡ് നേടാനും ടീമിന് സാധിച്ചു.
ടീമിന് വേണ്ടി മിന്നും പ്രകടനവുമായാണ് ജേക്കബ് തിളങ്ങുന്നത്. ടെസ്റ്റില്‍ തന്റെ ആദ്യ സെഞ്ച്വറിയാണ് ബഥേല്‍ ഓസീസിന്റെ മണ്ണില്‍ സ്വന്തമാക്കിയത്. 22ാം വയസിലാണ് താരം സിഡ്‌നിയില്‍ സെഞ്ച്വറി സ്വന്തമാക്കുന്നത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ജേക്കബ് ബഥേലിന് സാധിച്ചിരിക്കുകയാണ്. സിഡ്‌നിയില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലണ്ട് താരമായി മാറിയിരിക്കുകയാണ് ജേക്കബ്.
താരത്തിന് പുറമെ രണ്ടാം ഇന്നിങ്‌സില്‍ ബെന്‍ ഡക്കറ്റും ഹാരി ബ്രൂക്കും 42 റണ്‍സ് നേടി പുറത്തായിരുന്നു. സാക്ക് ക്രോളി ഒരു റണ്‍സിന് മടങ്ങിയപ്പോള്‍ വില്‍ ജാക്‌സ് പൂജ്യം റണ്‍സിനും കളം വിട്ടു.
ഓസീസിന് വേണ്ടി നിലവില്‍ ബ്യൂ വെബ്‌സ്റ്റര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, മൈക്കല്‍ നസെര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമാണ് വീഴ്ത്തിയത്.
അതേസമയം രണ്ടാം ഇന്നിങ്‌സില്‍ ട്രാവിസ് ഹെഡ്ഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും കരുത്തിലാണ് ഓസ്‌ട്രേലിയ സ്‌കോര്‍ ഉയര്‍ത്തിയത്. 166 പന്തില്‍ 163 റണ്‍സാണ് ട്രാവിസ് ഹെഡ് അടിച്ചെടുത്തത്. 24 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് ഹെഡ്ഡിന്റെ ഇന്നിങ്‌സ്. സ്മിത് 220 പന്തില്‍ നിന്ന് 16 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 138 റണ്‍സും നേടി.
മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ബ്രൈഡന്‍ കാഴ്‌സും ജോഷ് ടങ്ങും ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ തിളങ്ങി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് രണ്ട് വിക്കറ്റും നേടി.
Content Highlight: Jacob Bethell In Great Record Achievement In Ashes Test