സൗത്ത് ആഫ്രിക്കക്കെതിരായ ഇംഗ്ലണ്ടിന്റെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ആതിഥേയര്‍ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സതാംപ്ടണില്‍ നടന്ന മത്സരത്തില്‍ 342 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 415 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് വെറും 72 റണ്‍സിന് പുറത്തായി. യുവതാരം ജേകബ് ബേഥലിന്റെയും സൂപ്പര്‍ താരം ജോ റൂട്ടിന്റെയും ഡബിള്‍ സെഞ്ച്വറിയുടെയും ആര്‍ച്ചറുടെ ഫോർഫറിന്റെയും കരുത്തിലാണ് ത്രീ ലയണ്‍സിന്റെ വിജയം.
മത്സരത്തില്‍ ബേഥല്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്. താരം 82 പന്തില്‍ 110 റണ്‍സ് നേടി ഇംഗ്ലണ്ടിനായുള്ള തന്റെ കന്നി സെഞ്ച്വറി സ്വന്തമാക്കി. 134.15 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത യുവ താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്ന് സിക്സും 13 ഫോറുമാണ് പിറന്നത്.
തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ തന്നെ ഒരു സൂപ്പര്‍ നേട്ടം ബേഥലിന് സ്വന്തം പേരില്‍ കുറിക്കാനായി. ഏകദിനത്തില്‍ ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാകാനാണ് ബാറ്റര്‍ക്ക് സാധിച്ചത്.
ബേഥലിന് പുറമെ റൂട്ടും മത്സരത്തില്‍ മൂന്നക്കം കടന്നിരുന്നു. താരം 96 പന്തില്‍ ആറ് ഫോറടക്കം നൂറ് റണ്‍സ് നേടി. കൂടാതെ 32 പന്തില്‍ പുറത്താകാതെ 62 റണ്‍സ് നേടിയ ജോസ് ബട്ലറും 48 പന്തില്‍ 62 റണ്‍സ് നേടിയ ജെയ്മി സ്മിത്തും ടീമിന് കരുത്തായി.
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 32 പന്തില്‍ 20 റണ്‍സ് നേടിയ കോര്‍ബിന്‍ ബോഷാണ് ടീമിന്റെ ടോപ് സ്‌കോറര്‍. വെറും മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് പ്രോട്ടിയാസ് നിരയില്‍ ഇരട്ടയക്കം കാണാന്‍ സാധിച്ചത്.