യു.എസ് ആയുധങ്ങള്‍ വേണമെങ്കില്‍ ഇസ്രഈല്‍ പോക്കറ്റില്‍ നിന്ന് പണം നല്‍കണം: ജെ സ്ട്രീറ്റ്
World
യു.എസ് ആയുധങ്ങള്‍ വേണമെങ്കില്‍ ഇസ്രഈല്‍ പോക്കറ്റില്‍ നിന്ന് പണം നല്‍കണം: ജെ സ്ട്രീറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th April 2026, 11:03 am

വാഷിങ്ടണ്‍: ഇസ്രഈലിന് അമേരിക്ക നല്‍കി വരുന്ന വന്‍തോതിലുള്ള സൈനിക സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിബറല്‍ ഇസ്രഈല്‍ അഭിഭാഷക ലോബി ഗ്രൂപ്പായ ജെ സ്ട്രീറ്റ്.

നികുതിദായകരുടെ പണം ഉപയോഗിച്ച് ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്നതിനെതിരെ അമേരിക്കന്‍ പൊതുസമൂഹത്തില്‍ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സമാധാന പക്ഷവാദികളെന്ന് അവകാശപ്പെടുന്ന ഈ ജൂത-അമേരിക്കന്‍ സംഘടന തങ്ങളുടെ നയരേഖ പുതുക്കിയത്.

തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ നയരേഖ പ്രകാരം, ഇസ്രഈലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് തുടരാമെങ്കിലും അതിനുള്ള തുക ഇസ്രഈല്‍ സ്വന്തം ഖജനാവില്‍ നിന്ന് നല്‍കണമെന്നാണ് ജെ സ്ട്രീറ്റ് ആവശ്യപ്പെടുന്നത്.

ഇസ്രഈലിന്റെ സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ ‘അയണ്‍ ഡോം’ പോലുള്ള പ്രതിരോധ സംവിധാനങ്ങള്‍ സൗജന്യമായി നല്‍കുന്നതിനെ മുന്‍പ് ജെ സ്ട്രീറ്റ് പിന്തുണച്ചിരുന്നു.

ഇസ്രഈലിന്റെ സാമ്പത്തിക ഭദ്രത ചൂണ്ടിക്കാട്ടിയാണ് ജെ സ്ട്രീറ്റ് തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിച്ചത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ മുന്‍നിര യു.എസ് സഖ്യകക്ഷികളോട് കിടപിടിക്കുന്ന പ്രതിശീര്‍ഷ ജി.ഡി.പി നിലവില്‍ ഇസ്രഈലിനുണ്ട്.

പ്രതിവര്‍ഷം 45 ബില്യണ്‍ ഡോളറിലധികം പ്രതിരോധ ബജറ്റുള്ള ഇസ്രഈലിന് സ്വന്തം സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ സാമ്പത്തിക ശേഷിയുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്.

പ്രതിവര്‍ഷം ഏകദേശം നാല് ബില്യണ്‍ ഡോളര്‍ യു.എസ് സാമ്പത്തിക സബ്സിഡി ഇസ്രഈലിന് നല്‍കുന്നത് അനാവശ്യമാണ്. ഇത് അമേരിക്കന്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ അനാവശ്യമായ പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ജെ സ്ട്രീറ്റ് നയരേഖയില്‍ വ്യക്തമാക്കുന്നു.

നിലവിലെ രീതി അനുസരിച്ച്, അമേരിക്കന്‍ നികുതിദായകരുടെ പണം ഇസ്രഈലിന് നല്‍കുകയും ഇസ്രഈല്‍ ആ പണം ഉപയോഗിച്ച് അമേരിക്കന്‍ ആയുധ കമ്പനികളില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങുകയുമാണ് ചെയ്യുന്നത്. ഈ രീതി അവസാനിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

ഭാവിയില്‍ ഇസ്രഈല്‍ സ്വന്തം ചെലവില്‍ ആയുധങ്ങള്‍ വാങ്ങിയാല്‍ പോലും, അത് അമേരിക്കന്‍ നിയമങ്ങള്‍ക്കും മാനുഷിക തത്വങ്ങള്‍ക്കും അനുസൃതമായിരിക്കണമെന്ന് ജെ സ്ട്രീറ്റ് ആവശ്യപ്പെടുന്നു.

കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന രാജ്യങ്ങള്‍ക്കും, അമേരിക്കന്‍ സഹായങ്ങള്‍ തടയുന്ന രാജ്യങ്ങള്‍ക്കും സുരക്ഷാ സഹായം നല്‍കുന്നത് യു.എസ് നിയമം നിരോധിക്കുന്നുണ്ട്.

ഇസ്രഈലിന്റെ നടപടികള്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങളുമായും നിയമങ്ങളുമായും പൊരുത്തപ്പെടാത്ത പക്ഷം ആയുധ വില്‍പ്പനയ്ക്ക് കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്നും ജെ സ്ട്രീറ്റ് ആവശ്യപ്പെട്ടു.

അതേസമയം, ഇസ്രഈലുമായുള്ള തന്ത്രപരമായ ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന് സംഘടന പറയുന്നില്ല. ഏകദേശം അഞ്ച് ലക്ഷത്തോളം അമേരിക്കന്‍ പൗരന്മാര്‍ ഇസ്രഈലില്‍ താമസിക്കുന്നുണ്ട് എന്നത് യു.എസ് ദേശീയ സുരക്ഷയുടെ ഭാഗമാണ്. ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിലും ഐ.എസ് ഭീകരതയ്ക്കെതിരായ പോരാട്ടത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം യു.എസിന് ഗുണകരമാണെന്നും ജെ സ്ട്രീറ്റ് സമ്മതിക്കുന്നു.

നിലവില്‍ ഗസയിലെ യുദ്ധ സാഹചര്യവും വംശഹത്യാ ആരോപണങ്ങളും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 2023 ഒക്ടോബറിന് ശേഷം 72,000-ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടത് അമേരിക്കന്‍ യുവതലമുറയ്ക്കിടയിലും ഡെമോക്രാറ്റിക് പാര്‍ട്ടിക്കിടയിലും വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

പുരോഗമനവാദിയായ ന്യൂയോര്‍ക്ക് കോണ്‍ഗ്രസ് അംഗം അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ് ഇസ്രഈലിനുള്ള സൈനിക പിന്തുണയ്ക്ക് ഇനി വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചതും ജെ സ്ട്രീറ്റിന്റെ ഈ ചുവടുമാറ്റത്തിന് കാരണമായിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്നലെ (ഏപ്രില്‍ 13 ) വെസ്റ്റ് ബാങ്കിലെ ദെയര്‍ ജരീര്‍ ഗ്രാമത്തില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് 23കാരനായ അലി മജീദ് ഹമദ്‌നെ കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തില്‍ വീണ്ടും പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നതിനിടയിലാണ് ഇസ്രഈലിന് നല്‍കുന്ന സൈനിക സഹായത്തിന്റെ കാര്യത്തില്‍ ഇസ്രഈല്‍ അനുകൂല സംഘടനകള്‍ തന്നെ രംഗത്തെത്തുന്നത്.

ഇസ്രഈലിലെ ജൂത ജനാധിപത്യം ശക്തിപ്പെടുത്തുക, ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം ‘ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ’ അവസാനിപ്പിക്കുക എന്നിവയാണ് തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളായി ജെ സ്ട്രീറ്റ് ഉയര്‍ത്തിക്കാട്ടുന്നത്.

Content Highlight: J Street says Israel should pay out-of-pocket if it wants US weapons