പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ജമ്മു കശ്മീരിലെ 16 വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു
national news
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ജമ്മു കശ്മീരിലെ 16 വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th June 2025, 2:47 pm

ശ്രീനഗർ: ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന 48 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 16 എണ്ണം വീണ്ടും തുറക്കുമെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ബാക്കിയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും ഘട്ടം ഘട്ടമായി തുറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വീണ്ടും തുറന്ന 16 സ്ഥലങ്ങളിൽ എട്ടെണ്ണം ജമ്മു മേഖലയിലും എട്ടെണ്ണം കശ്മീർ മേഖലയിലുമാണ്. ജമ്മു മേഖലയിലുള്ളവ സാർത്തൽ, ബഗ്ഗർ, ദേവി പിണ്ടി, സെഹാർ ബാബ, സുൽഹ പാർക്ക്, ഗുൽ ദണ്ഡ, ജയ് വാലി, പഞ്ചാരി എന്നിവയാണ്.

വെരിനാഗ്, കൊക്കർനാഗ്, അച്ചബൽ ഉദ്യാനങ്ങൾ, ശ്രീനഗറിലെ ഹസ്രത്ബാലിനടുത്തുള്ള ബദംവാരി, ഡക്ക് പാർക്ക്, തക്ദീർ പാർക്ക് എന്നിവയാണ് കാശ്മീർ താഴ്‌വരയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ.

ഇവിടങ്ങളിലേക്ക് വിനോദ സഞ്ചാരികൾ ധാരാളമായി എത്തിച്ചേരുന്നുണ്ടെന്ന് സിൻഹ പറഞ്ഞു.

‘ഇവിടങ്ങളിലേക്ക് വിനോദസഞ്ചാരികൾ വൻതോതിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സർക്കാർ പഹൽഗാം വിഷയം സംബന്ധിച്ച് നിരവധി ഔദ്യോഗിക യോഗങ്ങൾ നടത്തിയിട്ടുണ്ട്. പാർലമെന്ററി പ്രതിനിധി സംഘങ്ങൾ ഇവിടെ സന്ദർശിച്ചിട്ടുമുണ്ട്. ഇത് ഇവിടേക്ക് വരുന്ന സഞ്ചാരികളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കുകയും ചെയ്യും,’ സിൻഹ പറഞ്ഞു.

അമർനാഥ് യാത്ര സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ പൗരന്മാർ തങ്ങളുടെ പങ്ക് വഹിക്കണമെന്നും ലെഫ്റ്റനന്റ് ഗവർണർ അഭ്യർത്ഥിച്ചു. ജൂലൈ മൂന്ന് മുതൽ ഓഗസ്റ്റ് ഒമ്പത് വരെയാണ് തീർത്ഥാടനം.

‘അമർനാഥ്‌ യാത്ര ഇത് നിങ്ങളുടെ യാത്രയാണ്. ഇത് കശ്മീരിലെ ജനങ്ങളുടേതാണ്. ഇതിന്റെ വിജയം നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും ടൂറിസം മേഖലയെയും ഉയർത്തും,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ 22 ന് പഹൽഗാം പട്ടണത്തിനടുത്തുള്ള ബൈസരനിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണം നടന്ന ഒരാഴ്ച കഴിഞ്ഞ് ജമ്മു കശ്മീരിലെ 87 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണം അടച്ചിരുന്നു.

 

Content Highlight: J&K: 16 tourist spots that had been closed after Pahalgam terror attack reopened