20ാം മത്സരത്തില്‍ ഇക്വഡോർ വീണു; 12 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് രാജകീയമാക്കി എലിഫെന്റ്‌സ്
FIFA World Cup 2026
20ാം മത്സരത്തില്‍ ഇക്വഡോർ വീണു; 12 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് രാജകീയമാക്കി എലിഫെന്റ്‌സ്
സുദേവ് എ
Monday, 15th June 2026, 9:42 am

2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആവേശകരമായ വിജയം സ്വന്തമാക്കി ആഫ്രിക്കന്‍ കരുത്തരായ ഐവറികോസ്റ്റ്. ഗ്രൂപ്പ് ഇ-യില്‍ നടന്ന മത്സരത്തില്‍ ഇക്വഡോറിനെയാണ് ദി എലിഫെന്റ്‌സ് വീഴ്ത്തിയത്. ഫിലാഡല്‍ഫിയയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഐവറികോസ്റ്റിന്റെ വിജയം.

12 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് കളിക്കാനെത്തിയ ആഫ്രിക്കന്‍ ടീം ഇക്വഡോറിന്റെ അപരാജിത കുതിപ്പിന് കൂടിയാണ് അന്ത്യം കുറിച്ചത്. 2024 മുതല്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇക്വഡോര്‍ ലോകകപ്പിലെ ആദ്യ മത്സരത്തിനെത്തിയത്. ടീമിന്റെ 19 മത്സരങ്ങളുടെ അണ്‍ബീറ്റണ്‍ റണ്ണിനാണ് അവസാനമായത്. എട്ട് വിജയവും 11 സമനിലയുമായിട്ടായിരുന്നു ലാറ്റിനമേരിക്കന്‍ ടീം ലോകകപ്പിനെത്തിയിരുന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഇരു ടീമുകളും അക്കൗണ്ട് തുറക്കാന്‍ മികച്ച നീക്കങ്ങള്‍ നടത്തി. ഒടുവില്‍ മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷത്തിലാണ് ഐവറികോസ്റ്റ് വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ 90ാം മിനിറ്റില്‍ അമദ് ഡിയാലോയാണ് ടീമിനായി ഗോള്‍ നേടിയത്. എതിര്‍ ടീമിന്റെ പോസ്റ്റില്‍ നിന്നും ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു.

ഈ വിജയത്തോടെ ഗ്രൂപ്പ് ഇ-യില്‍ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഐവറികോസ്റ്റ്. ജൂണ്‍ 21ന് ജര്‍മനിക്കെതിരെയാണ് ഐവറികോസ്റ്റിന്റെ അടുത്ത മത്സരം. പുതുമുഖങ്ങളായ കുറാസാവോക്കെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കിയെത്തുന്ന ജര്‍മനിക്ക് ദി എലിഫെന്റ്‌സ് വെല്ലുവിളി സൃഷ്ടിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

അതേസമയം നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐവറികോസ്റ്റ് ലോകകപ്പിന് യോഗ്യത നേടിയിരുന്നത്. 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിലായിരുന്നു അവസാനമായി ഐവറികോസ്റ്റ് പന്തുതട്ടിയിരുന്നത്. ലോകകപ്പിന് മുമ്പേ തന്നെ ഐവറികോസ്റ്റ് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനെ കീഴടക്കിയാണ് ഐവറികോസ്റ്റ് ലോകകപ്പിലെത്തിയത്. തുടര്‍ച്ചയായി 10 മത്സരങ്ങള്‍ അപരാജിതമായെത്തിയ ഫ്രാന്‍സിന് ആഫ്രിക്കന്‍ ടീമിന് മുന്നില്‍ അടിപതറുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഐവറികോസ്റ്റ് ഫ്രാന്‍സിനെതിരെ വിജയം സ്വന്തമാക്കുന്നത്. ഈ അത്ഭുതങ്ങള്‍ ലോകകപ്പിലും ഐവറികോസ്റ്റ് അവര്‍ത്തികള്‍ക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം പ്രതീക്ഷിക്കുന്നത്.

 

Content Highlight: Ivory Coast defeats Ecuador in 2026 FIFA World Cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.