നിങ്ങളെ പോലെ തന്നെ ഞാനും നിരാശനാണ്, അത് അംഗീകരിക്കാന്‍ കഴിയില്ല: ബ്ലാസ്‌റ്റേഴ്‌സ് കോച്ച്
Football
നിങ്ങളെ പോലെ തന്നെ ഞാനും നിരാശനാണ്, അത് അംഗീകരിക്കാന്‍ കഴിയില്ല: ബ്ലാസ്‌റ്റേഴ്‌സ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th February 2023, 1:11 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സതേണ്‍ ഡെര്‍ബിയില്‍ ചെന്നൈയിന്‍ എഫ്.സിയെ മുട്ട് കുത്തിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.
മത്സരത്തിന്റെ തുടക്കത്തില്‍ ഒന്ന് പതറിയെങ്കിലും പിന്നീട് ടീം ഗെയിമിലൂടെ തിരിച്ചുവന്ന് കൊമ്പന്‍മാര്‍ മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ രണ്ടാം മിനിട്ടില്‍ തന്നെ അബ്ദെനാസര്‍ എല്‍ ഖയാത്തിയുടെ ഗോളില്‍ ചെന്നൈ മത്സരത്തില്‍ മുന്‍ തൂക്കം നേടിയെടുത്തിരുന്നു എന്നാല്‍ വിജയം അത്യന്താപേക്ഷിതമായ മത്സരത്തില്‍ കളിയുടെ മുപ്പത്തിയെട്ടാം മിനിട്ടില്‍ ലൂണയിലൂടെയും അറുപത്തിനാലാം മിനിട്ടില്‍ മലയാളിതാരം രാഹുല്‍ കെ.പിയിലൂടെയും നേടിയ ഗോളുകളിലൂടെയാണ് കൊമ്പന്മാര്‍ നിര്‍ണായകമായ തങ്ങളുടെ ഡെര്‍ബി മത്സരം ജയിച്ചു കയറിയത്.

കളിയുടെ രണ്ടാം പകുതിയില്‍ തന്നെ പിന്നിലായത് ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചിരുന്നു. മത്സരം ചൂടുപിടിക്കും മുന്നേ ഗോള്‍ വഴങ്ങേണ്ടി വന്നത് ആരാധകരേയും നിരാശയിലാഴ്ത്തി. ഇതേക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍കോച്ച് ഇവാന്‍ വുകോമനോവിച്ച്.

ആദ്യ മിനിട്ടുകളില്‍ ഗോള്‍ വഴങ്ങേണ്ടി വരുന്നത് തീര്‍ത്തും വേദാനാജനകമായ കാര്യമാണെന്നും ആദ്യ ഗോളിലേക്ക് വഴി വെച്ചത് പോലുള്ള തെറ്റുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും പിന്നീട് കൃത്യമായി പ്രതികരിച്ചതിനാല്‍ മികച്ച രീതിയില്‍ ആദ്യ പകുതി പൂര്‍ത്തിയാക്കാന്‍ ടീമിന് കഴിഞ്ഞെന്നും ഇവാന്‍ പറഞ്ഞു. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യ പകുതിയില്‍ കളികാര്‍ മികച്ചു നിന്നു, ഈ സീസണില്‍ ഹോം സ്റ്റേഡിയത്തില്‍ കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ ചെന്നൈയിനെതിരെ അരങ്ങേറിയത്. പിന്നിലാവുകയും പിന്നീട് കളി തിരിച്ചുപിടിക്കുകയും ചെയ്യുന്നത് ഈ സീസണില്‍ ആദ്യമായിട്ടല്ല. പല തവണ ഇത്തരത്തില്‍ പിന്നിലായതിന് ശേഷം ഞങ്ങള്‍ കളി തിരിച്ചു പിടിച്ചിട്ടുണ്ട്.

ഇത് പോലുള്ള തിരിച്ചു വരവ് ഒത്തിരി സന്തോഷിപ്പിക്കുന്നുണ്ട്. സ്‌പോര്‍ട്ടിങ് ഡയറക്ടറോട് ഹോട്ടലില്‍ വെച്ച് സംസാരിക്കുമ്പോള്‍ത്തന്നെ ഈ മത്സരത്തെക്കുറിച്ച് എനിക്ക് ശുഭപ്രതീക്ഷകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ കളിയിലെ തോല്‍വിക്ക് ശേഷം കുട്ടികള്‍ കൃത്യമായി പ്രതികരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. മത്സരം തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ആദ്യ ഗോള്‍ വഴങ്ങേണ്ടി വന്നെങ്കിലും എനിക്ക് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു,’ഇവാന്‍ പറഞ്ഞു.

ചെന്നൈക്കെതിരെയുള്ള മത്സരം വിജയിച്ചതോടെ ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ നിന്നും മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കിയാല്‍ ബ്ലാസ്റ്റേഴ്സിന് ഐ.എസ്. എല്‍ സെമി ഫൈനല്‍ ഉറപ്പിക്കാം. ഈ സീസണ്‍ മുതല്‍ പോയിന്റ് ടേബിളില്‍ ആദ്യ രണ്ട് സ്ഥാനത്ത് വരുന്ന രണ്ട് ടീമുകള്‍ക്ക് നേരിട്ട് സെമി ഫൈനലിലേക്ക് പ്രവേശിക്കാം.

തുടര്‍ന്ന് മൂന്ന് മുതല്‍ ആറ് വരെ സ്ഥാനത്ത് വരുന്ന നാല് ടീമുകള്‍ പരസ്പരം മത്സരിക്കുകയും അതിലെ വിജയികള്‍ സെമിയിലെ അടുത്ത രണ്ട് സ്ഥാനത്തേക്ക് യോഗ്യത നേടുകയും ചെയ്യും.

നിലവില്‍ 31 പോയിന്റുള്ള ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയിന്റ് കൂടി നേടിയാല്‍ ഏഴാം സ്ഥാനത്തുള്ള ഒഡീഷക്ക് പരമാവധി നേടാന്‍ കഴിയുന്ന 33 പോയിന്റിനെക്കാള്‍ പോയിന്റ് കരസ്ഥമാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കും അങ്ങനെ വന്നാല്‍ ടീമിന് മറ്റു ടീമുകളുടെ പ്രകടനത്തെ ആശ്രയിക്കാതെ നേരിട്ട് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാം.

ഇനി മൂന്ന് മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന ബ്ലാസ്റ്റേഴ്സിന് ഏതെങ്കിലും ഒരു കളിയില്‍ ജയിച്ചാല്‍ തന്നെ പ്ലേ ഓഫ് യോഗ്യത ഉറപ്പാകും. അല്ലെങ്കില്‍ ശേഷിക്കുന്ന മൂന്ന് കളികളില്‍ മൂന്ന് സമനിലകള്‍ നേടിയാലും മതി.

എന്നാല്‍ ക്ലബ്ബ് അടുത്ത മൂന്ന് മത്സരങ്ങള്‍ വിജയിച്ച് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി നേരിട്ട് സെമി യോഗ്യത നേടുമെന്നാണ് ആരാധക പ്രതീക്ഷ. അതേസമയം ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള പോയിന്റ് ഇതിനോടകം തന്നെ സ്വന്തമാക്കാന്‍ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്സിന് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കുക എന്ന മോഹം സഫലമാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

ഐ.എസ്.എല്‍ വിജയിക്കാന്‍ സാധിച്ചാല്‍ ടീമിന് ഏ.എഫ്.സി കപ്പില്‍ കളിക്കാന്‍ സാധിക്കും.
ഫെബ്രുവരി 11ന് ചിര വൈരികളായ ബെംഗളൂരു എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഫെബ്രുവരി 26ന് ഹൈദരാബാദ് എഫ്.സിക്കെതിരെയുള്ള മത്സരത്തോടെ ക്ലബ്ബിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാകും.

Content Highlights: Ivan Vukomanovic about Kerala Blasters