ചെന്നൈ: തമിഴ്നാട്ടില്‍ ടി.വി.കെ സര്‍ക്കാരിന്റെ ഭാഗമായ മുസ്‌ലിം ലീഗിനെതിരെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ കെ.എം. ഖാദര്‍ മൊയ്തീനെതിരെയും കടുത്ത വിമര്‍ശനവുമായി ഡി.എം.കെ.
ലീഗ് നേതാവ് കെ.എം. ഖാദര്‍ മൊയ്തീന്റെ പെരുമാറ്റം മുഖ്യമന്ത്രി വിജയ്‌യുടെ ‘ഫാന്‍ ക്ലബ് പ്രസിഡന്റിനെ’ പോലെയാണെന്ന് ഡി.എം.കെ മുന്‍ എം.പിയായ എം.എം. അബ്ദുള്ള പറഞ്ഞു. ചെന്നൈയിലെ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയ്‌യെക്കുറിച്ച് ഖാദര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഡി.എം.കെയെ ചൊടിപ്പിച്ചത്. ‘അദ്ദേഹത്തിന്റെ നിലവിലെ സംസാരരീതി കണ്ടാല്‍ വിജയ് ഫാന്‍സ് ക്ലബ്ബിന്റെ പ്രസിഡന്റിനെപ്പോലെയാണ് തോന്നിക്കുന്നത്. ഇത് മുസ്‌ലിങ്ങള്‍ക്കിടയില്‍ വലിയ രീതിയിലുള്ള അസ്വസ്ഥതയും അസംതൃപ്തിയും സൃഷ്ടിക്കുന്നുണ്ട്.
ഒരുകാലത്ത് തമിഴ്നാട്ടില്‍ വലിയതോതില്‍ ആദരിക്കപ്പെട്ടിരുന്ന ഒരു നേതാവായിരുന്നു അദ്ദേഹം. എന്നാല്‍ ഇന്ന് ആ പദവിയും പാരമ്പര്യവുമെല്ലാം മറന്ന്, വെറുമൊരു ഫാന്‍ ക്ലബ്ബ് ഭാരവാഹിയെപ്പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്,’ അബ്ദുള്ള പറഞ്ഞു. മുഖ്യമന്ത്രി വിജയ്‌യെ ഖാദര്‍ ആവര്‍ത്തിച്ച് പ്രശംസിക്കുന്നത് അതിരുകടന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലെ ടി.വി.കെ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടതിലൂടെയും അതില്‍ മുസ്‌ലിം സമൂഹത്തിന് പ്രാതിനിധ്യം ലഭിച്ചതിലൂടെയും മുസ്‌ലിങ്ങളുടെ ‘നൂറ്റാണ്ട് പഴക്കമുള്ള ഒരു സ്വപ്നമാണ്’ സാക്ഷാത്കരിക്കപ്പെട്ടതെന്ന ഖാദര്‍ മൊയ്തീന്റെ പരാമര്‍ശമാണ് ഡി.എം.കെ നേതാവിനെ ചൊടിപ്പിച്ചത്. ഈ പ്രസ്താവനയുടെ അടിസ്ഥാനമെന്താണെന്നും അബ്ദുള്ള ചോദിച്ചു.
ഖാദര്‍ എന്താണ് ‘നൂറ്റാണ്ട് പഴക്കമുള്ള സ്വപ്നം’ എന്ന് ഉദ്ദേശിച്ചത്? മന്ത്രിസഭയിലെ മുസ്‌ലിം പ്രാതിനിധ്യത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നതെങ്കില്‍, മുന്‍പത്തെ ഡി.എം.കെ സര്‍ക്കാരുകളുടെ കാലത്ത് അത്തരം നിരവധി മാതൃകകള്‍ ഉണ്ടായിട്ടുണ്ട്. മുസ്‌ലിം മന്ത്രിമാര്‍
തമിഴ്നാട് ഭരിച്ചിട്ടുണ്ട്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍പ് ഡി.എം.കെ സര്‍ക്കാര്‍ ഖാദര്‍ മൊയ്തീനെ പരമോന്നത ബഹുമതി നല്‍കി ആദരിച്ച കാര്യവും ഡി.എം.കെ നേതാവ് ഓര്‍മിപ്പിച്ചു.
സമൂഹത്തിനും പൊതുജീവിതത്തിനും ഖാദര്‍ നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഡി.എം.കെ സര്‍ക്കാര്‍ അദ്ദേഹത്തിന് അഭിമാനകരമായ ‘തഗൈസല്‍ തമിഴര്‍’ അവാര്‍ഡ് നല്‍കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘തഗൈസല്‍ തമിഴര്‍ അവാര്‍ഡ് എന്നത് തമിഴ്നാട് സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ്. ദേശീയ തലത്തില്‍ ഭാരതരത്‌നയ്ക്ക് തുല്യമായാണ് സംസ്ഥാനത്തിന്റെ ഈ പരമോന്നത അംഗീകാരം കണക്കാക്കപ്പെടുന്നത്. അങ്ങനെയുള്ള വലിയൊരു ബഹുമതി നല്‍കി ഡി.എം.കെ സര്‍ക്കാര്‍ ആദരിച്ച വ്യക്തിയാണ് ഇന്ന് ഈ രീതിയില്‍ തരംതാണു സംസാരിക്കുന്നത്,’ അബ്ദുള്ള പറഞ്ഞു.
അതേസമയം, തമിഴക വെട്രി കഴകം സര്‍ക്കാരിന് ഐ.യു.എം.എല്‍ പിന്തുണ നല്‍കുന്നതിലോ സംസ്ഥാന മന്ത്രിസഭയില്‍ അധികാരം പങ്കിടുന്നതിലോ ഡി.എം.കെയ്ക്ക് യാതൊരുവിധ തടസ്സങ്ങളോ പ്രശ്‌നങ്ങളോ ഇല്ലെന്നും അബ്ദുള്ള വ്യക്തമാക്കി.
ഭരണസഖ്യവുമായി ഐ.യു.എം.എല്‍ രാഷ്ട്രീയ സഖ്യം രൂപീകരിച്ചിട്ടുണ്ടെങ്കിലും, തമിഴ്നാട്ടിലെ മുസ്‌ലിം സമുദായത്തിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ഇപ്പോഴും ഡി.എം.കെയ്ക്ക് തന്നെയാണെന്നും അത് തുടര്‍ന്നും ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും അബ്ദുള്ള പറഞ്ഞു.
Content Highlight: IUML chief Kader Mohideen acting like Vijay fan club leader: DMK