എഡിറ്റര്‍
എഡിറ്റര്‍
‘ഇതെന്റെ ഇന്ത്യയല്ല’; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി എ.ആര്‍ റഹ്മാന്‍
എഡിറ്റര്‍
Friday 8th September 2017 5:48pm

മുംബൈ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. എന്റെ ഇന്ത്യയിതല്ലെന്നായിരുന്നു റഹ്മാന്റെ പ്രതികരണം.

തന്റെ സംഗീത നിശയുടെ മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു റഹ്മാന്റെ പ്രതികരണം. ഗൗരിയുടെ മരണത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ഇന്ത്യയില്‍ ഇങ്ങനെയൊന്നും നടക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും നടക്കുന്നുണ്ടെങ്കില്‍ അത് തന്റെ ഇന്ത്യയല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

പുരോഗമന ചിന്തയും ദയയും നിറഞ്ഞതായിരിക്കണം ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഗൗരിയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി സിനിമാ താരങ്ങളായ പ്രകാശ് രാജ്, ഇര്‍ഫാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, കമലഹാസന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എ.ആര്‍.റഹ്മാന്റെ പ്രതികരണം.


Also Read:  ‘ചെറിയവരാണ് മതത്തെ വിദ്വേഷത്തിന്റെ ഉപകരണമാക്കുന്നത്’; ഓണത്തിന് ബീഫ് കഴിച്ചതിന് സൈബര്‍ ആക്രമണം നടത്തിയ സംഘപരിവാറിന് സുരഭിയുടെ കിടിലന്‍ മറുപടി


അതേസമയം, കടുത്ത സംഘപരിവാര്‍ വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് വീടിന് മുമ്പില്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അന്വേഷണ സംഘം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കൊലയാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

പ്രതികളെ കുറിച്ച് വ്യക്തമായ സൂചന കിട്ടാത്ത സാഹചര്യത്തിലാണ് പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ് രംഗത്തെത്തിയത്.

ഇന്റലിജന്‍സ് ഐ.ജി ബികെ സിങിന്റെ നേതൃത്വത്തിലുള്ള 21 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമിയുടെ രേഖാചിത്രം തയാറാക്കിയിട്ടുണ്ടെങ്കിലും പൊലീസ് ഇത് പുറത്തുവിട്ടിട്ടില്ല.

Advertisement