ഇറ്റലിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യാപകമായി കൊവിഡ്:  മെഡിക്കല്‍ രംഗം ഭീഷണിയില്‍
COVID-19
ഇറ്റലിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യാപകമായി കൊവിഡ്: മെഡിക്കല്‍ രംഗം ഭീഷണിയില്‍
ന്യൂസ് ഡെസ്‌ക്
Thursday, 26th March 2020, 1:39 pm

റോം: കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഇറ്റലിയില്‍ മെഡിക്കല്‍ പ്രവര്‍ത്തകര്‍ക്ക് വ്യാപകമായി കൊവിഡ് പടര്‍ന്നു പിടിക്കുന്നു. ഇറ്റലില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ഫെബ്രുവരി മുതല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന 2629 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ആകെ റിപ്പോര്‍ട്ട ചെയ്ത കൊവിഡ് കേസുകളുടെ 8.3 ശതമാനം വരുമിത്. അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം GIMBE എന്ന ഇറ്റാലിയന്‍ മെഡിക്കല്‍ സംഘടന നടത്തിയ കണക്കെടുപ്പിലാണ് ഇത് വ്യക്തമായത്. മാര്‍ച്ച് 11 വരെയുള്ള കണക്കുകളാണ് ഇവരുടെ റിപ്പോര്‍ട്ടിലുള്ളത്. ഇതിനുശേഷം നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് GIMBE ഡയരക്ടര്‍ പറയുന്നത്. ഇറ്റലിയില്‍ എത്ര മെഡിക്കല്‍ ജീവനക്കാര്‍ കൊവിഡ് ബാധിച്ചു മരിച്ചു എന്നതില്‍ ഇതുവരെ കൃത്യമായ കണക്ക് ലഭ്യമല്ല.

ഇവിടത്തെ മെഡിക്കല്‍ ജീവനക്കാര്‍ക്ക് പലപ്പോഴും ടെസ്റ്റുകള്‍ നടത്താനും സുരക്ഷാ സാമഗ്രികള്‍ ഉപോയഗിക്കാനും കഴിയാറില്ലെന്നും ഇവര്‍ പറയുന്നു. ആവശ്യത്തിന് ആശുപത്രികളോ മെഡിക്കല്‍ സാമഗ്രികളോ ഇല്ലാതെ വലയുന്ന അവസ്ഥയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പിടിപെടുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് പ്രതിരോധത്തിനാവശ്യമായ മാസ്‌കുകള്‍ ഇറ്റലിയില്‍ നിര്‍മിക്കപ്പെടുന്നില്ല. മറ്റു രാജ്യങ്ങളില്‍ കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ രാജ്യങ്ങള്‍ ഇറ്റലിയിലേക്ക് മാസ്‌കുകള്‍ കയറ്റുമതി ചെയ്യാനും മടിക്കുന്നുണ്ട്.

“ഇവിടെ നിലവില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണത്തില്‍ കുറവുണ്ട്. ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ അവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാലും അവരോട് ജോലി ചെയ്യാന്‍ പറയേണ്ടി വരുന്നുണ്ട്. എന്നാലും രോഗം പടരാതിരിക്കാന്‍ സുരക്ഷാ സമാഗ്രികള്‍ അവര്‍ക്ക് നല്‍കേണ്ടതാണ്,” GIMBE ഡയരക്ടര്‍ അല്‍ ജസീറയോട് പറഞ്ഞു.

” ഞങ്ങള്‍ വിദേശത്ത് നിന്ന് മെഡിക്കല്‍ പ്രവര്‍ത്തകരെ വരുത്തുകയും, യുവാക്കളായ ഡോക്ടര്‍മാരെയും രംഗത്തിറക്കിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായസുരക്ഷ ഒരുക്കിയില്ലെങ്കില്‍ യുദ്ധ സാമഗ്രികളില്ലാതെ സൈനികര്‍ പടക്കളത്തില്‍ മരിക്കുന്നതു പോലുള്ള അവസ്ഥ ഉണ്ടാവും. മെഡിക്കല്‍ പ്രവര്‍ത്തകര്‍ക്ക് എത്രമാത്രം രോഗം ബാധിക്കുന്നോ അത്രമാത്രം മെഡിക്കല്‍ രംഗത്തിന്റെ പ്രവര്‍ത്തനം ദുര്‍ബലമാവും”

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചൈനയില്‍ കൊവിഡ് ബാധിച്ച മെഡിക്കല്‍ ജീവനക്കാരുടെ ഇരട്ടിയോളമാണ് ഇറ്റലിയില്‍ ബാധിച്ചിരിക്കുന്നത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഓണ്‍ലൈന്‍ സൈറ്റ് ആയ ജാമ നെറ്റ് വര്‍ക്ക് നല്‍കുന്ന വിവരപ്രകാരം ചൈനയില്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ 3.8 ശതമാനമാണ് മെഡിക്കല്‍ ജീവനക്കാര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ 5 മെഡിക്കല്‍ ജീവനക്കാരാണ് മരിച്ചത്.