റോം: കസ്റ്റഡിയില്‍ എടുത്ത പരിസ്ഥിതി പ്രവര്‍ത്തകരോട് ഇറ്റാലിയന്‍ പൊലീസ് മോശമായി പെറുമാറിയതായി പരാതി. കഴിഞ്ഞ ദിവസം ഇറ്റലിയിലെ ബ്രെസിയയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഏഴോളം പരിസ്ഥിതി പ്രവര്‍ത്തകരോട് ചോദ്യം ചെയ്യലിനിടെ അടിവസ്ത്രം അഴിച്ച് മാറ്റി സ്‌ക്വാട്ട് (ഒരു തരം വ്യായാമം) ചെയ്യാന്‍ പൊലീസ് പറഞ്ഞതായാണ് ആരോപണം.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
ഇറ്റാലിയന്‍ എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ് ഫേം സ്ഥാപനമായ ലിയോനാര്‍ഡോസ് ഫാക്ടറിക്ക് പുറത്ത് നടന്ന പ്രതിഷേധത്തിനിടയിലാണ് 22 പ്രവര്‍ത്തകരെ ബ്രെസിയ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫാക്ടറിയിലേക്കുള്ള വഴി തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് ബ്രെസിയ പൊലീസ് 22 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
‘അവര്‍ എന്നോട് പരിശോധനയ്ക്കായി അടിവസ്ത്രങ്ങള്‍ അഴിക്കാനും മൂന്ന് സ്‌ക്വാട്ടുകള്‍ ചെയ്യാനും ആവശ്യപ്പെട്ടു,’ കസ്റ്റഡിയില്‍ എടുത്ത പ്രവര്‍ത്തകളിലൊരാള്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍, ആഗോള പരിസ്ഥിതി സംഘടനയായ എക്സ്റ്റിന്‍ക്ഷന്‍ റിബലിയനിലെ ഒരു അംഗം സ്ത്രീകളോട് മാത്രമാണ് പൊലീസ് ഇത്തരം രീതിയില്‍ പെരുമാറിയതെന്നും പുരുഷന്മാരോട് അങ്ങനെയൊന്നും ചെയ്യാന്‍ പറഞ്ഞില്ലെന്നും വെളിപ്പെടുത്തി.
മറ്റൊരു പ്രവര്‍ത്തകയാകട്ടെ മയക്കുമരുന്ന് ഇടപാട് പോലുള്ള കുറ്റകൃത്യങ്ങളില്‍ സംശയിക്കുന്ന ആളുകളോടാണ് ഇത്തരത്തില്‍ സ്‌ക്വാട്ട് എടുക്കാന്‍ പറയാറുള്ളതെന്ന് പറഞ്ഞു.
സംഭവത്തില്‍ അടുത്ത ദിവസങ്ങളില്‍ ഔപചാരികമായ പരാതി നല്‍കുമെന്ന് ആക്ടിവിസ്റ്റുകളെ പ്രതിനിധീകരിച്ച് അഭിഭാഷകനായ ഗില്‍ബെര്‍ട്ടോ പഗാനി പറഞ്ഞു.
അതേസമയം ബ്രെസിയ പൊലീസ് ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചു. എന്നാല്‍ പിന്നീട് പൊലീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ സ്ത്രീകളുടെ കാര്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ അപകടകരമായ വസ്തുക്കള്‍ കൈവശം വെച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി കാലില്‍ കുനിഞ്ഞ് നില്‍ക്കാന്‍ ആവശ്യപ്പെടുകായിരുന്നെന്നാണ് പറഞ്ഞത്.
Content Highlight: Italian police accused of making Detained female climate activists remove underwear and do squats