സ്‌പെയ്‌നെതിരായ ലോകകപ്പ് ഫൈനലിലെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ അര്‍ജന്റീന കിരീടം നേടാന്‍ ഒരു അര്‍ഹതയും ഇല്ലാത്ത ടീമാണെന്ന് ജര്‍മന്‍ ഇതിഹാസ താരം ലോഥര്‍ മത്തൗസ്. ഇത്രത്തോളം മോശം പ്രകടനം നടത്തിയ ടീം കിരീടം നേടുകയാണെങ്കില്‍ അത് തീര്‍ത്തും നാണക്കേടായിരിക്കുമെന്നും ജര്‍മനിയെ 1990 ലോകകപ്പിലേക്ക് നയിച്ച ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
ജര്‍മന്‍ മാധ്യമമായ ബില്‍ഡിന് (BILD) നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇതുപോലെ ഒരു ടീം, ഫൈനലില്‍ ഇത്രത്തോളം മോശം പ്രകടനം നടത്തിയ ഒരു ടീം ഒരുപക്ഷേ കിരീടം നേടുകയാണെങ്കില്‍ അത് തീര്‍ച്ചയായും ഒരു നാണക്കേട് തന്നയായിരിക്കും. മെസിയെ കളത്തില്‍ കാണാന്‍ പോലുമില്ലായിരുന്നു. ഭൂരിഭാഗം അര്‍ജന്റൈന്‍ താരങ്ങളും ഫൗളുകള്‍ ചെയ്തതിന്റെയും വാക്കേറ്റങ്ങളില്‍ ഏര്‍പ്പെട്ടതിന്റെയും എതിര്‍ ടീമിലെ താരങ്ങളെ പിടിച്ചുതള്ളിയതിന്റെയും പേരിലാണ് ശ്രദ്ധിക്കപ്പെട്ടത്,’ മഥൗസ് പറഞ്ഞു.
‘ഫൈനലില്‍ അവന്‍ (മെസി) നിഴല്‍ പോലെയായിരുന്നു, അവന്റെ കളി ശൈലിയുമായി ബന്ധപ്പെട്ട കാര്യം കൂടിയാണത്. ആരുടെയും പിന്തുണ അവന് ലഭിച്ചില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെസി
കിരീടം നേടിയ സ്‌പെയ്‌നിനെ അഭിനന്ദിക്കാനും മഥൗസ് മറന്നില്ല. അവര്‍ തീര്‍ച്ചയായും കിരീടം അര്‍ഹിക്കുന്നു എന്നാണ് ജര്‍മന്‍ ലെജന്‍ഡ് പറഞ്ഞത്.
ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ തങ്ങളുടെ ആദ്യ രണ്ട് ഫൈനലുകളും വിജയിക്കുന്ന മൂന്നാമത് ടീമായി റെക്കോഡിഡാനും ഫ്യുവന്റെയുടെ കുട്ടികള്‍ക്ക് സാധിച്ചു. ഇറ്റലി (1934, 1938), ഉറുഗ്വായ് (1930, 1950) എന്നിവരാണ് മറ്റ് ടീമുകള്‍.
2010ല്‍ ആദ്യമായി കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയപ്പോള്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയായിരുന്നു ചെങ്കുപ്പായക്കാരുടെ വിജയം. ഈ ലോകകപ്പ് ഫൈനലിലേതെന്ന പോലെ നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിയില്‍ പിരിഞ്ഞ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുകയും, അധികസമയത്തിന്റെ രണ്ടാം പകുതിയില്‍ നേടിയ ഏകപക്ഷീയമായ ഗോളിന്റെ കരുത്തില്‍ സ്‌പെയ്ന്‍ വിശ്വം കീഴടക്കുകയുമായിരുന്നു.
അന്ന്, മത്സരത്തിന്റെ 116ാം മിനിട്ടില്‍ ഇതിഹാസ മിഡ്ഫീല്‍ഡര്‍ ആന്ദ്രേ ഇനിയേസ്റ്റയാണ് സ്‌പെയ്‌നിന്റെ ചരിത്രം തിരുത്തിയെഴുതിയ ഗോള്‍ സ്വന്തമാക്കിയത്.
വിജയ ഗോള്‍ നേടിയ ഇനിയേസ്റ്റയുടെ ആഹ്ലാദം
അതേസമയം, ഫിഫ ലോകകപ്പ് ചരിത്രത്തില്‍ നാല് ഫൈനലുകള്‍ പരാജയപ്പെട്ട രണ്ടാം ടീമെന്ന അനാവശ്യ നേട്ടം അര്‍ജന്റീനയുടെ പേരില്‍ കുറിക്കപ്പെടുകയും ചെയ്തു. 1930, 1990, 2014, 2026 ലോകകപ്പുകളിലാണ് ആല്‍ബിസെലസ്റ്റുകള്‍ക്ക് ഫൈനലില്‍ കാലിടറിയത്.