ആ സിനിമ തിയേറ്ററുകളിൽ വിജയിക്കില്ലെന്ന് ഷൂട്ട് ചെയ്യുമ്പോഴേ ഉറപ്പായിരുന്നു: വിനീത് കുമാർ
Malayalam Cinema
ആ സിനിമ തിയേറ്ററുകളിൽ വിജയിക്കില്ലെന്ന് ഷൂട്ട് ചെയ്യുമ്പോഴേ ഉറപ്പായിരുന്നു: വിനീത് കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th August 2025, 10:36 pm

മലയാളികൾ സുപരിചിതനായ നടനാണ് വിനീത് കുമാർ. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു.

വടക്കൻവീരഗാഥ, ദേവദൂതൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് എന്നീ സിനിമകൾ സംവിധാനവും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഡിയർ ഫ്രണ്ട് എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

ഡിയർ ഫ്രണ്ട് എനിക്ക് വളരെ പ്രിയപ്പെട്ട സിനിമയാണ്. അയാൾ ഞാനല്ല എന്ന ആദ്യ സിനിമയ്ക്കുശേഷം പിന്നെയും നാലു വർഷം കഴിഞ്ഞാണ് ‘ഡിയർ ഫ്രണ്ട്’ സംവിധാനം ചെയ്തത്. ആ സിനിമയിൽ അഭിനയിച്ച സുഹൃത്തായ അർജുൻ ലാൽ ഒരു ദിവസം വീട്ടിൽ വന്നപ്പോൾ പറഞ്ഞ പഴയ അനുഭവ കഥകളിൽ ഒന്നായിരുന്നു ആ സിനിമയുടെ കഥ. ചിത്രീകരണം തുടങ്ങുമ്പോഴേ ഉറപ്പായിരുന്നു തിയേറ്ററുകളിൽ ആഘോഷമാവാൻ പോകുന്ന ഒന്നല്ല ഈ സിനിമയെന്ന്,’ വിനീത് കുമാർ പറയുന്നു.

എന്നാൽ അന്ന് വിശ്വസിച്ച് കൂടെ നിന്നത് നിർമാതാക്കളായ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് ഉസ്മാൻ എന്നിവരാണെന്നും സിനിമ തിയേറ്ററിൽ ഇറങ്ങിയപ്പോൾ മോശം അഭിപ്രായം കേട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഒ.ടി.ടിയിൽ റിലീസ് ആയപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുമായി ഒരുപാട് മലയാളി പ്രേക്ഷകർ ഗംഭീരമെന്നു പറഞ്ഞുവെന്നും ടൊവിനോ ഉൾപ്പെടെ ആ സിനിമയിൽ അഭിനയിച്ച എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നും വിനീത് പറയുന്നു.

അതുകൊണ്ട് സുഹൃത്തുക്കളുടെ കഥ പറയാൻ തനിക്ക് എളുപ്പമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡാൻസാണ് തന്നെ സിനിമയിലേക്ക് എത്തിച്ചതെന്നും ചെറുപ്പം മുതൽ ഡാൻസ് ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് കലാപ്രതിഭയായതെന്നും പത്രത്തിൽ അത് വലിയ വാർത്തയായി വന്നെന്നും നടൻ കൂട്ടിച്ചേർത്തു. താൻ സിനിമയിലെത്തുമെന്ന് അന്ന് സ്‌കൂളിലെ കുട്ടികളും അധ്യാപകരും പറഞ്ഞിരുന്നെന്നും വിനീത് കൂട്ടിച്ചേർത്തു.

Content Highlight: It was sure that the film would not be a success in theaters: Vineeth Kumar