ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി നിരക്കുകളില്‍ വരുത്തിയ ഇളവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ഏറെ വൈകി എട്ട് വര്‍ഷം കഴിഞ്ഞാണ് ഈ തീരുമാനമെന്നും കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പ്രതികരിച്ചു. നിലവിലുള്ള നികുതി നിരക്കുകള്‍ തന്നെ ആവശ്യമുണ്ടായിരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ന്യായമായ നിരക്കിലേക്ക് ജി.എസ്.ടിയെ കൊണ്ടുവന്നതും ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിരക്ക് കുറച്ചതും സ്വാഗതം ചെയ്യുന്നു. എങ്കിലും എട്ട് വര്‍ഷം കഴിഞ്ഞുള്ള ഈ തീരുമാനം ഏറെ വൈകിയുള്ളതാണ്. നിലവിലുള്ള ജി.എസ്.ടിയുടെ നിരക്ക് ആദ്യം തന്നെ കൊണ്ടുവരേണ്ടിയിരുന്നില്ല.
എട്ടുവര്‍ഷമായി ജി.എസ്.ടിയുടെ നിരക്കിനും രൂപരേഖയ്ക്കും എതിരെ ഞങ്ങള്‍ ശബ്ദമുയര്‍ത്തുകയാണ്. പക്ഷെ, അത് ചെന്ന് പതിച്ചത് ബധിര കര്‍ണങ്ങളിലായിരുന്നു.’ പി. ചിദംബരം എക്‌സില്‍ കുറിച്ചു.
The GST rationalisation and the reduction in rates on a range of goods and services are WELCOME but 8 years TOO LATE
The current design of GST and the rates prevailing until today ought not to have been introduced in the first place
ജി.എസ്.ടി പരിഷ്‌കരണത്തിലൂടെ ഭൂരിഭാഗം വസ്തുക്കളെയും 5ശതമാനം, 18 ശതമാനം എന്നീ രണ്ട് സ്ലാബുകളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. നിരവധി ഉത്പന്നങ്ങളെ ജി.എസ്.ടി സ്ലാബുകളില്‍ നിന്നും ഒഴിവാക്കി. ചില ഉത്പന്നങ്ങളെ 40ശതമാനം ‘സിന്‍ ടാക്‌സ്’ സ്ലാബിലേക്ക് മാറ്റിയിട്ടുണ്ട്. സെപ്റ്റംബര്‍ 22 മുതലാണ് പ്രഖ്യാപിച്ച മാറ്റങ്ങള്‍ നിലവില്‍ വരിക.
ആഡംബര വാഹനങ്ങള്‍, പുകയില, സിഗരറ്റുകള്‍ തുടങ്ങിയ പ്രത്യേക ഇനങ്ങള്‍ക്കാണ് 40 ശതമാനം നിരക്ക് ഏര്‍പ്പെടുത്തുക.
പുതിയമാറ്റത്തോടെ അറ്റാദായത്തില്‍ 48,000 കോടി രൂപയുടെ ബാധ്യതയുണ്ടാകും. യു.എസ് താരീഫുകള്‍ ഇന്ത്യയ്ക്ക് തലവേദനയാകുന്ന സാഹചര്യത്തിലാണ് ജി.എസ്.ടി നിരക്കിലെ പരിഷ്‌കരണമെന്നതും ശ്രദ്ധേയമാണ്.