കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണയ്ക്കുന്ന സ്ത്രീകളെ കുറിച്ച് സംസാരിച്ച് ഗായിക ചിന്മയി ശ്രീപദ. സഹപ്രവര്‍ത്തകക്ക് ഒരു ദുരനുഭവം ഉണ്ടായെന്ന് അറിഞ്ഞിട്ടും ഇപ്പോഴും ദിലീപിനെ നടിമാര്‍ പിന്തുണക്കുന്നത് നാണക്കേടാണെന്നും ചിന്മയി പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയിലെ നടി പാര്‍വതി തിരുവോത്തിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു ചിന്മയി. ന്യൂസ് 18നോടായിരുന്നു ചിന്മയിയുടെ പ്രതികരണം.
ദിലീപിന് നല്ല രീതിയില്‍ പ്രമോഷന്‍ ലഭിക്കുന്നുണ്ടെന്നും തമിഴ്‌നാട്ടിലെയും കേരളത്തിലെയും കാര്യത്തില്‍ വലിയ വ്യത്യാസങ്ങളൊന്നും തന്നെയില്ലെന്നും ചിന്മയി പറഞ്ഞു. തമിഴ്‌നാട്ടിലും ഹേമ കമ്മറ്റി പോലൊന്നുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
വൈരമുത്തുവിനെതിരായ മീടു ആരോപണത്തിന് പിന്നാലെ തമിഴില്‍ വിലക്ക് നേരിടേണ്ടി വന്ന ഗായികയാണ് ചിന്മയി. അടുത്തിടെ തഗ് ലൈഫ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വിലക്കുണ്ടായിരുന്നിട്ടും ചിന്മയി പാടിയിരുന്നു. പിന്നാലെ ചിന്മയി ചര്‍ച്ചാവിഷയമാവുകയും ചെയ്തിരുന്നു.
2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. കൊച്ചിയില്‍ വെച്ചാണ് നടി അതിക്രമം നേരിട്ടത്. ദിലീപ് ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസിലെ പ്രതികള്‍. നേരത്തെ രണ്ടുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പുസാക്ഷിയാക്കുകയും ചെയ്തിരുന്നു.
Content Highlight: It’s shameful that actresses are standing with Dileep even after their colleague had to face a tragedy: Chinmayi