കണ്ണൂര്‍: കണ്ണപുരം കീഴറയിലുണ്ടായ സ്‌ഫോടനത്തിന് പിന്നിലെ ലക്ഷ്യം ഗൗരവതരമായി അന്വേഷിക്കണമെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.
കോണ്‍ഗ്രസിന്റെ അടുത്ത ആളാണ് അനൂപ് മാലിക്കെന്നും പള്ളിക്കുന്നില്‍ നടന്ന സ്‌ഫോടനത്തിന് പിന്നിലെ അതേ അനൂപ് തന്നെയാണ് ഈ സ്‌ഫോടനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ വളരെ അടുത്ത ആളാണ് അനൂപ്. അങ്ങനെയൊരാള്‍ ഇവിടെ വന്നിട്ട് ബോംബ് ഉള്‍പ്പെടെ നിര്‍മിക്കുന്നത് എന്തിനാണ്. അതിന്റെ പിന്നില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടോ? 2016ല്‍ പള്ളിക്കുന്നില്‍ സമാനമായ സ്‌ഫോടനമുണ്ടായിരുന്നു. ഒരു വീട്ടില്‍ സ്‌ഫോടനം ഉണ്ടായി. അതിന്റെ ഉത്തരവാദിയെ കണ്ടുപിടിച്ചു. അന്നത്തെ സ്‌ഫോടനത്തിന്റെ ഉത്തരവാദിയായ അനൂപ് തന്നെയാണ് ഇതിന്റെ പിന്നിലെന്നും വളരെ വ്യക്തമാണ്,’ കെ.കെ. രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.
അത് പൊലീസ് മനസിലാക്കിയിട്ടുണ്ടെന്നും അയാളുടെ രാഷ്ട്രീയ ബന്ധം പരിശോധിക്കണമെന്നും ഉത്സവത്തിന് വേണ്ടിയുള്ള പടക്ക നിര്‍മാണമാണോ നടക്കുന്നതെന്നും മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഉത്സവസീസണ്‍ അല്ലെന്നും അങ്ങനെയല്ലാത്ത സമയം എന്തിനാണിവ നിര്‍മിക്കുന്നതെന്നും രാഗേഷ് ചോദിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. റിട്ട. അധ്യാപകനായ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകരുകയും ചാലാട് മുഹമ്മദ് ആഷാം എന്നയാള്‍ മരണപ്പെടുകയും ചെയ്തു. ഒരാള്‍ക്ക് പരിക്കേറ്റു.
പയ്യന്നൂരില്‍ സ്പെയര്‍ പാര്‍ട്സ് കട നടത്തുന്ന ആളാണ് അനൂപെന്നാണ് വിവരം. അനൂപിന് പടക്ക കച്ചവടം ഉണ്ടെന്ന് പറയപ്പെടുന്നു. ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനം നടന്ന വാടക വീട്ടില്‍ നിന്നും പൊട്ടാത്ത നാടന്‍ ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. അനൂപ് മാലിക്കിനെതിരെ സ്‌ഫോടകവസ്തു നിയമപ്രകാരം കേസെടുത്തു.