ആലപ്പുഴ: തപാല്‍ വോട്ട് തിരുത്തിയെന്ന വിവാദത്തില്‍ വിശദീകരണവുമായി ജി. സുധാകരന്‍. അന്നത്തെ പരാമര്‍ശം തന്റെ ഒരു പ്രസംഗ തന്ത്രമായിരുന്നെന്നും നെഗറ്റീവ് കാര്യങ്ങള്‍ പറഞ്ഞ് പോസീറ്റീവ് എഫക്ട് ഉണ്ടാക്കുക എന്ന പ്രസംഗതന്ത്രത്തിന്റെ ഭാഗമായിരുന്നു അതെന്നും ജി. സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്ര തിടുക്കപ്പെട്ട് കേസെടുക്കണോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് നിങ്ങള്‍ എസ്.പിയോടോ ജില്ല കലക്ടറോടോ പോയി ചോദിക്കൂ എന്നും സുധാകരന്‍ പ്രതികരിച്ചു.
ഈ വിഷയത്തില്‍ താന്‍ പാര്‍ട്ടി നേതാക്കളാരുടേയും സഹായം തേടിയിട്ടില്ലെന്നും ആരെയും വിളിച്ചിട്ടില്ലെന്നും തന്നെയും ആരും വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് കേരളത്തിലെ മുഴുവന്‍ അഭിഭാഷകരുടേയും പിന്തുണയുണ്ട്. ജസ്റ്റിസ് കമാല്‍ പാഷ വരെ തന്നെ വിളിച്ച് കേസ് നിലനില്‍ക്കില്ലെന്ന് പറഞ്ഞതായും സുധാകരന്‍ അവകാശപ്പെട്ടു.
തനിക്കെതിരായ കേസ് ഗൂഢാലോചന ആണോയെന്ന് അറിയില്ലെങ്കിലും നല്ല ആലോചനയല്ലെന്നും ജി. സുധാകരന്‍ പ്രതികരിച്ചു. കേരളത്തില്‍ ഏകദേശം ഒന്നരലക്ഷം പോസ്റ്റല്‍ വോട്ടുകള്‍ ഉണ്ടാവുമെന്നും അയാള്‍ എല്ലാം ഇരുന്ന് എണ്ണട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കാണ് വോട്ടെന്ന് പറഞ്ഞ് പ്രചരണം നടത്തിയ സര്‍വീസ് സംഘടനയിലെ അധ്യാപകരെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ജി. സുധാകരന്‍ പ്രതികരിച്ചു.
Content Highlight: It’s his speech strategy, creating a positive effect by saying negative things; G. Sudhakaran on the controversy over postal vote manipulation