'നിയമനിര്‍മ്മാതാക്കളേ ഇത് ലജ്ജാവഹം'; ടുണീഷ്യന്‍ പാര്‍ലമെന്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്
World News
'നിയമനിര്‍മ്മാതാക്കളേ ഇത് ലജ്ജാവഹം'; ടുണീഷ്യന്‍ പാര്‍ലമെന്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th March 2023, 7:00 pm

ടുണിസ്: സ്വതന്ത്രരും വിദേശികളുമായ മാധ്യമപ്രവര്‍ത്തകരെ ടുണീഷ്യയിലെ പുതിയ പാര്‍ലമെന്റിലെ ആദ്യ സെഷനില്‍ നിന്ന് വിലക്കിയെന്ന് റിപ്പോര്‍ട്ട്.

2011ല്‍ അന്തരിച്ച ഏകാധിപതിയായ സൈനുല്‍ ആബിദൈന്‍ ബെന്‍ അലിയെ പുറത്താക്കിയ വിപ്ലവത്തിന് ശേഷം ആദ്യമായാണ് മാധ്യമപ്രവര്‍ത്തകരെ വിലക്കുന്ന നടപടിയുണ്ടാകുന്നത്.

പാര്‍ലമെന്റില്‍ നിന്ന് വിലക്കിയതിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍കത്തകര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു. ‘നിയമനിര്‍മ്മാതാക്കളേ ഇത് ലജ്ജാവഹം’ എന്ന് പറയുന്ന മുദ്രാവാക്യവുമായാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

‘ ഈ നടപടി മാധ്യമസ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമാണ്. ഇത് ടുണീഷ്യയുടെ പ്രതിച്ഛായ നശിപ്പിക്കും.  പൗരന്റെ സ്വതന്ത്രവും ബഹുസ്വരവുമായ മാധ്യമാവകാശത്തെ കടന്നാക്രമിക്കുകയാണ്,’ ജേണലിസ്റ്റിക് സിന്‍ഡിക്കേറ്റ് വൈസ് പ്രസിഡന്റ് അമീറ മുഹമ്മദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

2011ലെ ടുണീഷ്യന്‍ വിപ്ലവത്തിന് ശേഷം ആദ്യമായാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരെ പാര്‍ലമെന്റില്‍ പങ്കെടുപ്പിക്കാതിരിക്കുന്നത്.

സര്‍ക്കാര്‍ ടെലിവിഷനും റേഡിയോക്കും വാര്‍ത്താ ഏജന്‍സിക്കും മാത്രമേ സമ്മേളനം ചിത്രീകരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രമക്കേടുകള്‍ ഇല്ലാതാക്കാനും അനാവശ്യമായി ചിത്രം കൈമാറ്റം ചെയ്യാതിരിക്കാനുമാണ് മാധ്യമങ്ങളെ വിലക്കിയതെന്നാണ് സര്‍ക്കാറിന്റെ വാദമെന്ന് എം.പി ഫാത്ത്മ മസ്ജിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ടി.എ.പി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം പുതിയ പാര്‍ലമെന്റിനെ അംഗീകരിക്കില്ലെന്നും പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികള്‍ തിങ്കളാഴ്ച രംഗത്ത് വന്നിരുന്നു. ടുണീഷ്യയില്‍ പ്രസിഡന്റ് കൈസ് സയ്യിദിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

അധികാരത്തില്‍ വന്നതിന് ശേഷം സയ്യിദ് രാജ്യത്തെ ജുഡീഷ്യറി, സ്വതന്ത്ര തെരഞ്ഞെടുപ്പ് ബോഡി, അഴിമതി രഹിത അതോറിറ്ററി തുടങ്ങിയവയിലെല്ലാം ഇടപെടാന്‍ തുടങ്ങിയിരുന്നു.

അദ്ദേഹത്തിന്റെ ഇടപെടലുകളില്‍ കടുത്ത പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്.

CONTENT HIGHLIGHT: ‘It’s a shame, legislators’; Journalists banned from Tunisian parliament