കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ലെന്ന് ഹൈക്കോടതി. ഇത് പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമുട്ടാണെന്നും കോടതി നിരീക്ഷിച്ചു.
പല വോട്ടിങ് ബൂത്തുകളിലും മണിക്കൂറുകള്‍ ക്യു നില്‍ക്കേണ്ട സാഹചര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹരജി പരിഗണിച്ചത്.
‘ക്യു മോണിറ്ററിങ്ങ് ആപ്പ്’ പരിഗണിക്കാന്‍ കഴിയില്ലേയെന്നും കോടതി ചോദിച്ചു. വോട്ട് രേഖപ്പെടുത്താന്‍ ആളുകള്‍ ബൂത്തിലെത്തിയിട്ടും വോട്ട് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ അത് ജനാധിപത്യത്തിന്റെ പരാജയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
’12 മണിക്കൂറാണ് വോട്ടിങ്ങിനുള്ള സമയം. അപ്പോള്‍ പഞ്ചായത്ത് വോട്ടര്‍മാര്‍ക്ക് മൂന്ന് വോട്ടുകള്‍ ഒരേസമയം ചെയ്യേണ്ടി വരും. വോട്ട് ചെയ്ത് പുറത്ത് ഇറങ്ങാന്‍ ശരാശരി രണ്ടര മിനിറ്റ് വേണ്ടിവരും,’ കോടതി വ്യക്തമാക്കി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബൂത്തുകള്‍ വര്‍ധിപ്പിക്കണമെന്ന നിലപാട് കോടതിക്കില്ലെന്നും എന്നാല്‍ അടുത്ത തവണ കൂടുതല്‍ ബൂത്തുകള്‍ സജ്ജീകരിക്കേണ്ടി വരുമെന്നും ബെഞ്ച് പറഞ്ഞു.